ADVERTISEMENT

തിരുവല്ല ∙ അസെൻഡ് കേരള നിക്ഷേപ സംഗമത്തിൽ 600 കോടിയുടെ നിക്ഷേപ പദ്ധതിയുമായി ബിലീവേഴ്സ് ചർച്ച്. തിരുവല്ലയിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിനോടു ചേർന്ന് സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിക്കു വേണ്ടിയാണ് ഈ തുക നിക്ഷേപിക്കുക. കെ‍ാച്ചിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ ഇതു സംബന്ധിച്ച് സർക്കാർ പ്രതിനിധിയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് മാനേജർ ഫാ.സിജോ പന്തപ്പള്ളിയും ധാരണ പത്രത്തിൽ ഒപ്പു വച്ചു. 

ആരോഗ്യ സംരക്ഷണ മേഖലയിൽ മികവു പുലർത്തുന്നതിനു വേണ്ടിയാണ് തിരുവല്ല കുറ്റപ്പുഴക്ക് സമീപമുള്ള സെന്റ് തോമസ് നഗറിൽ എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി സമുച്ചയം ഒരുക്കുന്നത്. 2500 കിടക്കകളോടുകൂടിയ ഈ ആശുപത്രിക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് നിക്ഷേപക സംഗമത്തിൽ അറിയിച്ചിട്ടുണ്ട്.

4500 പേർക്ക് നേരിട്ടും  അയ്യായിരത്തോളം പേർക്ക് അല്ലാതെയും തൊഴിൽ ലഭിക്കുന്ന വലിയ പദ്ധതി കൂടിയാണിത്. പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. പൈലിങ് ഉൾപ്പെടെയുള്ള ജോലികൾ പുരോഗമിച്ചു വരികയാണ്. മധ്യ തിരുവിതാംകൂറിൽ എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളജും അനുബന്ധ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയും ഒരുക്കുക എന്ന ലക്ഷ്യമാണ് ഇതിലുള്ളത്.

നിർമാണ പ്രവർത്തനങ്ങൾക്ക് പ്രാഥമിക സൗകര്യം ഒരുക്കുന്നതിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് മാനേജർ പറഞ്ഞു. ഒന്നര വർഷത്തിനുള്ളിൽ കെട്ടിട നിർമാണ പ്രവർത്തനം പൂർത്തിയാക്കാൻ കഴിഞ്ഞേക്കും. 2021 ഡിസംബറോടെ പൂർണതോതിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com