ADVERTISEMENT

തണ്ണിത്തോട് (പത്തനംതിട്ട) ∙മക്കളോളം വരില്ല മറ്റൊന്നും. അത് കാട്ടാനയായാലും. ആൾമറയില്ലാത്ത കിണറ്റിൽ വീണ കുട്ടിയാനയെ കൂടെയുണ്ടായിരുന്ന ആനകൾ രക്ഷപെടുത്തിക്കൊണ്ടുപോയതറിയാതെ അവിടെയെത്തിയ നാട്ടുകാരന് നേരെ കാട്ടാനയുടെ ആക്രമണം. വിവരമറിയാതെ സമീപത്തെ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയവരെയും കാട്ടാന ഓടിച്ചു.

തേക്കുതോട് താഴെ പൂച്ചക്കുളം കോട്ടയ്ക്കൽ കുഞ്ഞുകുഞ്ഞിന് (72) ആണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെയും പ്രദേശത്ത്  കാട്ടാനയുടെ അലർച്ച കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. താഴെ പൂച്ചക്കുളം വയലുങ്കര പൊടിയമ്മയുടെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ആനക്കുട്ടി വീണത്.

വനാതിർത്തിയോട് ചേർന്നുള്ള പറമ്പിലെ കൃഷികൾ നശിപ്പിച്ചെത്തിയ ആനക്കൂട്ടത്തിലെ കുട്ടിയാനയാണ് കിണറ്റിലകപ്പെട്ടത്. പരിശ്രമത്തിന് ഒടുവിൽ പുലർച്ചയോടെ 16 അടിയോളമുള്ള കിണറിന്റെ ചുറ്റുവട്ടത്തെ മണ്ണ് ഇടിച്ച് കിണർ പകുതിയോളം നികത്തിയാണ് ആനക്കുട്ടിയെ കര കയറ്റിയത്.  

പരിക്ഷീണനായ കുട്ടിയാനയുമായി ആനക്കൂട്ടം സമീപഭാഗത്തെ വനത്തിലുണ്ടെന്നാണ് കരുതുന്നത്. വിവരമറിയാതെ രാവിലെ ഏഴോടെ സമീപഭാഗത്തെ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ കവുങ്ങിനാംകുഴി പ്രമോദ്, ചരിവുപറമ്പിൽ സജികുമാർ എന്നിവരെ കാട്ടാന ഓടിച്ചിരുന്നു. കുട്ടിയാന കിണറ്റിൽ വീണ കൃഷിയിടത്തോട് ചേർന്നുള്ള പറമ്പിൽ കുരുമുളക് പറിക്കുകയായിരുന്ന മകൻ അനിൽകുമാറിന് പ്രഭാത ഭക്ഷണവുമായി എത്തിയതാണ് കുഞ്ഞുകുഞ്ഞ്. 

വനത്തിൽ നിന്ന് പെട്ടെന്ന് ഓടിയടുത്ത ആന ഇടിച്ചിടുകയായിരുന്നെന്ന് കുഞ്ഞുകുഞ്ഞ് പറയുന്നു. മണ്ണ് തട്ടിത്തെറിപ്പിച്ചപ്പോൾ പൊടിയുയർന്നതോടെ കാലുകൾക്കിടയിലായി തറയിൽ വീണുകിടന്ന കുഞ്ഞുകുഞ്ഞിനെ കാണാതെ ആന പിൻ‌തിരിയുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ് കുഞ്ഞുകുഞ്ഞിന്റെ കാൽ മുട്ടിന്റെ അസ്ഥിക്ക് പൊട്ടലും നെഞ്ചത്ത് ചതവും തലയിൽ പരുക്കുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com