sections
MORE

തിരുവാഭരണ ഘോഷയാത്ര ഇന്ന് സന്നിധാനത്ത്

 പുണ്യദർശനം കാത്ത്... മകരജ്യോതി ദർശനത്തിനായി തയാറെടുത്ത് നിൽക്കുന്ന ശബരീശ സന്നിധാനം. 						     ചിത്രം: മനോരമ
പുണ്യദർശനം കാത്ത്... മകരജ്യോതി ദർശനത്തിനായി തയാറെടുത്ത് നിൽക്കുന്ന ശബരീശ സന്നിധാനം. ചിത്രം: മനോരമ
SHARE

ശബരിമല∙ ഗ്രാമവീഥികളെ ഭക്തി ലഹരിയിൽ ആറാടിച്ച തിരുവാഭരണ ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും . തിരുവാഭരണത്തെ വരവേൽക്കാനുള്ള അവസാനവട്ട തയാറെടുപ്പുകളും പൂർത്തിയാക്കി.ഭക്തസഹസ്രങ്ങൾ നൽകിയ വരവേൽപ്പുകൾ ഏറ്റുവാങ്ങി പുണ്യ നദിയായ പമ്പയും കല്ലാറും കക്കാട്ടാറും കടന്ന് ശരണാരവത്തോടെ തിരുവാഭരണ ഘോഷയാത്ര ഇന്നലെ ളാഹ വനം സത്രത്തിലെത്തി. ഇന്നലെ ആയിക്കൽ തിരുവാഭരണപാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, മഠത്തുംമൂഴി രാജരാജേശ്വരി മണ്ഡപം, കൂനംകര ശബരി ശരണാശ്രമം, ളാഹ സത്രം എന്നിവിടങ്ങളിൽ പേടകങ്ങൾ തുറന്ന് ഭക്തർക്കു ദർശനം നൽകി.

 മകരജ്യോതി ദർശനത്തിനായി ശബരിമല പാണ്ടിത്താവളത്ത് വിരിവച്ച് കാത്തിരിക്കുന്ന തീർഥാടകർ.            ചിത്രം: മനോരമ
മകരജ്യോതി ദർശനത്തിനായി ശബരിമല പാണ്ടിത്താവളത്ത് വിരിവച്ച് കാത്തിരിക്കുന്ന തീർഥാടകർ. ചിത്രം: മനോരമ

ഇടപ്പാവൂർ, കുത്തുകല്ലുങ്കൽപടി, പള്ളിക്കമുരുപ്പ്, പേങ്ങാട്ടുകടവ്, ചമ്പോൺ, മാടമൺ മണ്ഡകത്തിൽ, ഹൃഷികേശ ക്ഷേത്രം, പൂവത്തുംമൂട്, പെരുനാട് കൂടക്കാവിൽ, വെള്ളാമണ്ണിൽ, കൂനംകര, പുതുക്കട, ചെമ്മണ്ണ്, ളാഹ അമ്മൻകോവിൽ എന്നിവിടങ്ങളിൽ താഴ്ത്തിയ പേടകങ്ങൾ വണങ്ങി കാണിക്കയർപ്പിക്കാൻ വൻ തിരക്കാണ് പ്രകടമായത്.തിരുവാഭരണ ഘോഷയാത്ര ഇന്നു മുഴുവൻ വനത്തിലൂടെയാണ്. വെളിച്ചമേകാൻ വാഹനത്തിൽ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കാട്ടാനകളുടെ ശല്യമുള്ള സ്ഥലങ്ങളിൽ വനപാലകരും മുന്നിൽ നീങ്ങും. പ്ലാപ്പള്ളി വനത്തിലെ തലപ്പാറ കോട്ടയിൽ  തിരുവാഭരണം ഇറക്കി  പൂജിക്കും, നിലയ്ക്കൽ വഴി അട്ടത്തോട് വരെ റോഡിലൂടെയാണ് കടന്നു പോകുന്നത്. 

  ശബരിമലയ്ക്കുള്ള തിരുവാഭരണ ഘോഷയാത്ര വടശേരിക്കര പേങ്ങാട്ട്കടവ് പാലത്തിലൂടെ കടന്നു പോയപ്പോൾ.
ശബരിമലയ്ക്കുള്ള തിരുവാഭരണ ഘോഷയാത്ര വടശേരിക്കര പേങ്ങാട്ട്കടവ് പാലത്തിലൂടെ കടന്നു പോയപ്പോൾ.

അട്ടത്തോട് കോളനിയിലെ തറയിൽ ഇറക്കി ദർശനം നൽകും. സ്വീകരണത്തിനു ശേഷം നേരെ കാട്ടിലേക്ക് ഇറങ്ങും. ഒറ്റയടി പാതയിലുട‌െ ഒരു കിലോമീറ്റർ എത്തിയാൽ കൊല്ലമൂഴി ആണ്. അവിടെ പമ്പാനദിയുടെ അക്കരെ കടന്ന് ഏട്ടപ്പട്ടി, ഒളിയമ്പുഴ വഴി ഉച്ചയോടെ വലിയാനവട്ടം എത്തും.  സ്വാമി ഭക്തരും അയ്യപ്പ സേവാസംഘം പ്രവർത്തകരും ദേവസ്വം ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു മണ്ഡപത്തിൽ എത്തിക്കും. അവിടെയും  ഇറക്കി പൂജിക്കും. വിശ്രമത്തിനു ശേഷം ഉച്ചയ്ക്ക് 2ന്  സന്നിധാനത്തേക്കു തിരിക്കും.

  തെളിഞ്ഞൊഴുകട്ടെ... മകരവിളക്കിനു മുന്നോടിയായി ഇന്നലെ സന്ധ്യയ്ക്ക് പമ്പാനദിയിൽ ഭക്തർ പമ്പാവിളക്ക് ഒഴുക്കിയപ്പോൾ.            ചിത്രം: അരവിന്ദ് വേണുഗോപാൽ∙മനോരമ
തെളിഞ്ഞൊഴുകട്ടെ... മകരവിളക്കിനു മുന്നോടിയായി ഇന്നലെ സന്ധ്യയ്ക്ക് പമ്പാനദിയിൽ ഭക്തർ പമ്പാവിളക്ക് ഒഴുക്കിയപ്പോൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ∙മനോരമ

തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്ന  രാജപ്രതിനിധി ഉത്രം നാൾ പ്രദീപ് കുമാർ വർമ ഇന്ന് സന്നിധാനത്തേക്കു വരില്ല. പമ്പയിലെ രാജ മണ്ഡപത്തിലേക്കു പോകും. ഘോഷയാത്ര ചെറിയാനവട്ടം മാലിന്യ സംസ്കരണശാലയ്ക്കു മുൻപിലൂടെ ഞുണങ്ങാർ കടന്ന് നേരെ നീലിമലയിൽ പ്രവേശിക്കും. അവിടെ നിന്നും അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം എന്നിവ പിന്നിട്ട്   ശരംകുത്തിയിൽ എത്തും. അവിടെ നിന്ന്  ആഘോഷമായി സ്വീകരിച്ച് ആനയിക്കും.  പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും.   

 ശബരിമലയിൽ ഇന്ന് മുതൽ നടക്കുന്ന മാളികപ്പുറത്തെ എഴുന്നെള്ളത്തിന് നായാട്ടുവിളിക്കുന്ന റാന്നി പെരുനാട് പുന്നമുട്ടിൽ പി.കെ.രവീന്ദ്രനാഥ പിള്ളയും സംഘവും.
ശബരിമലയിൽ ഇന്ന് മുതൽ നടക്കുന്ന മാളികപ്പുറത്തെ എഴുന്നെള്ളത്തിന് നായാട്ടുവിളിക്കുന്ന റാന്നി പെരുനാട് പുന്നമുട്ടിൽ പി.കെ.രവീന്ദ്രനാഥ പിള്ളയും സംഘവും.

സാധ്യമായിടത്തുനിന്നെല്ലാം നോട്ടം പൊന്നമ്പലമേട്ടിലേക്ക്

എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്കാണ്. എല്ലാ നാവുകളിലും അയ്യപ്പ മന്ത്രങ്ങളാണ് . മകര സംക്രമ സന്ധ്യയുടെ പുണ്യം നുകരാൻ പർണശാല കെട്ടി കാത്തിരിക്കുന്നവരുടെ ഭക്തിക്ക് വിശ്വാസത്തിന്റെ അകമ്പടിയുണ്ട്.പതിനെട്ടാംപടി കയറി ദർശനവും അഭിഷേകവും കഴിഞ്ഞവർ മടങ്ങാതെ മകര ജ്യോതി കാണാവുന്ന എല്ലാ കേന്ദ്രങ്ങളിലും കാത്തിരിക്കുകയാണ്. പൂങ്കാവനം മുഴുവൻ  അവരുടെ പർണശാലകളാണ്. താഴെ തിരുമുറ്റത്തും  പാണ്ടിത്താവളം, മാളികപ്പുറം ഭാഗത്തെ വഴികളിലും നടന്നു പോകാൻ പറ്റാത്ത വിധത്തിൽ തിക്കും തിരക്കുമാണ്. ക്ഷേത്രത്തിന്റെ നേരെ കിഴക്കാണ് പൊന്നമ്പലമേട്. ആകാശം മുട്ടി നിൽക്കുന്നതു പോലെ തോന്നുന്ന മല. അതിൽ പുല്ലുമേട് പോലെ അൽപം തെളിഞ്ഞു കാണുന്നതാണ് പൊന്നമ്പലമേട്.  

പെരിയാർ കടുവ സങ്കേത്തിലാണ് ഇവിടം. ആങ്ങമൂഴി– ഗവി റൂട്ടിൽ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തു നിന്നു തിരിഞ്ഞാണ് ഇവിടേക്ക് പോകുന്നത്. അയ്യപ്പ സ്വാമിക്ക് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ  ഇവിടത്തെ തറയിലും കർപ്പൂര ആരതി ഉഴിയും. സന്നിധാനത്ത് മരത്തിന്റെയും കെട്ടിടത്തിന്റെയും  മറവ് ഇല്ലാത്ത  എല്ലാ സ്ഥലങ്ങളിലും  നിന്ന് ഇതുകാണാം.  ചില സമയത്ത് മഞ്ഞ്മൂടി മല പൂർണമായും കാണാൻ പറ്റാത്ത അവസ്ഥയുണ്ട്.  ഇന്നലെ ഏറെ സമയവും ഇവിടം വ്യക്തമായി കാണാൻ പറ്റാത്ത സ്ഥിതിയായിരുന്നു.  

നായാട്ട് വിളിയുടെ പുണ്യത്തിൽ പുന്നമൂട്ടിൽ കുടുംബം

അയ്യപ്പ സന്നിധിയിൽ നായാട്ട് വിളിയുടെ പുണ്യത്തിലാണ് റാന്നി പെരുനാട് പുന്നമൂട്ടിൽ കുടുംബം. ഇന്ന് മുതൽ 5 ദിവസം മാളികപ്പുറത്തു നിന്നുള്ള എഴുന്നള്ളത്തിനു നായാട്ട് വിളിക്കുന്നത് കുടുംബത്തിലെ കാരണവർ പി.കെ. രവീന്ദ്രനാഥ പിള്ളയും കുടുംബത്തിലെ ഇളമുറക്കാരും ചേർന്നാണ്.ശബരീശ സന്നിധിയിൽ നായാട്ട് വിളിക്കാനുള്ള അവകാശം പെരുനാട് പുന്നമൂട്ടിൽ കുടുംബത്തിന് പന്തളം രാജാവ് കൽപിച്ചു നൽകിയതാണ്. രാജാവ് പെരുനാട്ടിൽ താമസിച്ചാണ് ശബരിമല ക്ഷേത്രം നിർമിച്ചത്. ഇതിന്റെ കണക്കുകൾ നോക്കുന്നതിനു രാജാവ് പാണ്ടിനാട്ടിൽ നിന്നു കൊണ്ടുവന്ന കണക്കപ്പിള്ളമാരുടെ പിൻതലമുറയാണ് പുന്നമൂട്ടിൽ കുടുംബക്കാർ.

ക്ഷേത്ര നിർമാണം പൂർത്തിയാക്കി രാജാവ് പന്തളത്തേക്ക് മടങ്ങാൻ നേരത്താണ് നായാട്ടുവിളിക്കുള്ള അവകാശം ഇവർക്കു നൽകിയത്. പി.കെ.രവീന്ദ്രനാഥ പിള്ള, പി.ജി.മഹേഷ്,  ആർ.അനു, നിഥിൻ .ജി.കൃഷ്ണ,  ജിത്തു കൃഷ്ണ,  ജിബു കൃഷ്ണ, മിഥുൻ കൃഷ്ണ, ഗോകുൽ രാജ്  എന്നിവർ ചേർന്നാണ് നായാട്ട് വിളിക്കുന്നത്. 

തിരുമുറ്റത്തേക്കുള്ള പ്രവേശനം പാസ് മൂലം

മകര ജ്യോതി ദർശനത്തിനു തിരുമുറ്റത്തേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്ന്  ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.  സ്റ്റാഫ് ഗേറ്റ് വഴി മാത്രമേ കടത്തി വിടൂ. പാസ് ലഭിച്ചവർക്ക് വൈകിട്ട് 5.15 വരെ മാത്രം പ്രവേശനം നൽകും. കൊടിമരത്തിന് സമീപത്തും സോപാനത്തും നിൽക്കുന്നതിന് നിയോഗിക്കപ്പെട്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അതിൽ കൂടുതൽ പേർക്ക് നിൽക്കാൻ സൗകര്യമില്ല. അതിനാൽ പട്ടികയിൽ ഇല്ലാത്തവർ ഈ ഭാഗങ്ങളിലേക്ക് പ്രവേശനത്തിന് മുതിരരുത്.

കുറ്റമറ്റ കുടിവെള്ള വിതരണ സംവിധാനമാണ് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേത്. മകര ജ്യോതി കാണാൻ പൂങ്കാവനത്തിൽ പർണശാലകൾ കെട്ടി താമസിക്കുന്നവർ ഭക്ഷണം പാചകം ചെയ്യരുത്. അപകടം ഒഴിവാക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാത്രി പ്രവർത്തിക്കുന്ന മരുന്ന് കടകൾ

ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് ഇന്ന് (15) രാത്രി പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ: ഗുഡ് ലൈഫ് മെഡിക്കൽസ് മാർക്കറ്റ് ജംക്‌ഷൻ കോന്നി, അൽ-ഫെയർ മെഡിക്കൽസ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് പത്തനംതിട്ട, എംജി മെഡിക്കൽസ് കോഴഞ്ചേരി, എസ്എൻ ആശ്വാസം മെഡിക്കൽസ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് അടൂർ, എസ്കെ മെഡിക്കൽസ് പന്തളം, കാർമൽ ആശ്രയ മെഡിക്കൽസ് തിരുവല്ല, നീതി മെഡിക്കൽ സ്റ്റോർ പഴവങ്ങാടി, ചെറിയത്ത് മെഡിക്കൽസ് കുമ്പളാംപൊയ്ക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta
SHOW MORE
FROM ONMANORAMA