ADVERTISEMENT

ശബരിമല∙ ഇന്ന് മകരവിളക്ക്. ഭക്തിയുടെ കൊടുമുടിയിലാണ് ശരണ മന്ത്രങ്ങളുട‌െ താഴ്‌വാരം. കഠിന വ്രതത്താൽ ശമം ചെയ്ത മനസ്സുമായി  മലകയറി എത്തിയ ഭക്തർ മകര വിളക്കിന്റെ സുകൃത ദർശനത്തിനായി കാത്തിരിക്കുകയാണ്.  പൂങ്കാവനത്തിലെ പർണശാലകളിൽ നിന്നു ശരണം വിളിയും ഭജന കീർത്തനവും. 

പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി ഇന്ന് വൈകിട്ട് 6.30ന്   ദീപാരാധന നടക്കും. ഈ സമയത്ത് കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. തുടർന്നു പൊന്നമ്പലമേട്ടിൽ കർപ്പൂര ജ്യോതിയും തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കണ്ടു തൊഴാനും ജ്യോതി ദർശിച്ച് പുണ്യം നേടാനുമാണ് ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്നത്.പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം അയ്യപ്പന്മാരുടെ പർണശാലകൾ ഉണ്ട്. പ്രധാന ചടങ്ങായ പമ്പവിളക്കും പമ്പാസദ്യയും നടത്തി പതിനായിരങ്ങൾ കൂടി എത്തിയതോടെ സന്നിധാനം തിങ്ങി നിറഞ്ഞു.

അപകടങ്ങൾ ഒഴിവാക്കാൻ വലിയ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. അതിനു പുറമേ സന്നിധാനത്ത് രണ്ട്  പമ്പ, നിലയ്ക്കൽ ,പുല്ലുമേട് എന്നിവിടങ്ങളിൽ ഓരോ എസ്പിമാരുടെയും മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും  ദുരന്തനിവാരണ അതോറിറ്റിയും എല്ലാ മുന്നൊരുക്കങ്ങളും നടത്തി. 

ഭക്തിനിർഭരം മകര സംക്രമ പൂജ 

മനസ്സിലും വചസ്സിലും ഭക്തിയുടെ ഭസ്മക്കുറി ചാർത്തി ഹരിഹരാത്മജന് നടന്ന മകര സംക്രമ പൂജയും അഭിഷേകവും ആയിരങ്ങൾ കണ്ടു തൊഴുതു. പുലർച്ചെ 2.09ന് ആയിരുന്നു സംക്രമം. കവടിയാർ കൊട്ടരത്തിന്റെ പ്രത്യേക ദൂതൻ രാമനാഥൻ ഗുരുസ്വാമി കൊണ്ടുവന്ന മുദ്രയിലെ നെയ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. നെയ്ത്തേങ്ങ പൊട്ടിച്ച് നേരെ വിഗ്രഹത്തിലേക്ക് നെയ് ഒഴിച്ചായിരുന്നു അഭിഷേകം. ആ നെയ്ത്തേങ്ങ മുറിയിൽ അഭിഷേക നെയ് പ്രസാദമായി നൽകി. ഈ സമയം സന്നിധാനവും പമ്പയും മാത്രമല്ല പൂങ്കാവനമാകെ മഞ്ഞുമൂടിയ അന്തരീക്ഷമായിരുന്നു. താടി കൂട്ടിയിടിക്കുന്ന കുളിരും. എങ്കിലും സത്യസ്വരൂപന്റ സംക്രമ പൂജയും അഭിഷേകവും കണ്ടുതൊഴാൻ ഭക്തർ തിക്കും തിരക്കും കൂട്ടി. മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. മകര സംക്രമ പൂജ കാരണം രാത്രി 11ന് ഹരിവരാസനം ചൊല്ലി നട അടച്ചില്ല. സംക്രമപൂജയും അഭിഷേകവും കഴിഞ്ഞാണ് അടച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com