ADVERTISEMENT

റാന്നി∙ കടുത്ത ചൂടിൽ മലയോരങ്ങൾ ഉരുകുന്നു. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും കാട്ടരുവികളും വറ്റി. ജലപദ്ധതികളും ജനങ്ങൾക്ക് ആശ്രയമാകുന്നില്ല. വെള്ളം വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്. ആറുകളെ ജലസമൃദ്ധമാക്കിയിരുന്ന തോടുകളധികവും വറ്റി. പേരിനു മാത്രമാണ് മിക്ക തോട്ടിലും നീരൊഴുക്കുള്ളത്. പമ്പാനദിയിലും കല്ലാറ്റിലും നീരൊഴുക്ക് കുറഞ്ഞു. ജലവൈദ്യുതി പദ്ധതികളിൽ ഉൽപാദനത്തിനു ശേഷം പുറത്തേക്കു വിടുന്ന വെള്ളമാണ് കക്കാട്ടാറിലെ നീരൊഴുക്ക് വർധിപ്പിക്കുന്നത്. പമ്പാനദിയിൽ പൂവത്തുംമൂടിനു മുകളിൽ നീരൊഴുക്ക് തീർത്തുമില്ല. പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് രാവിലെ ചെറിയ തോതിൽ ഒഴുകുന്നത്. 

വരളുന്ന മാടത്തരുവി തോട്.
വരളുന്ന മാടത്തരുവി തോട്.

ജലപദ്ധതികൾ

അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, കൊല്ലമുള, വെച്ചൂച്ചിറ, കുടമുരുട്ടി, പെരുനാട്, അടിച്ചിപ്പുഴ, വടശേരിക്കര, റാന്നി, ഐത്തല, അങ്ങാടി, ചെറുകോൽ നാരങ്ങാനം, അയിരൂർ–കാഞ്ഞീറ്റുകര എന്നീ ജലപദ്ധതികൾ പമ്പാനദിയെ ആശ്രയിക്കുന്നവയാണ്. അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി എന്നീ പദ്ധതികൾക്ക് പ്രളയത്തിൽ നാശം നേരിട്ടിരുന്നു.

അവ പുനരുദ്ധരിച്ചിട്ടില്ല. ഇതുമൂലം രണ്ടിടങ്ങളിലും ജലക്ഷാമം രൂക്ഷം. ഐത്തല പദ്ധതിയിൽ പേരിനു മാത്രമാണ് പമ്പിങ്. വെച്ചൂച്ചിറ, അങ്ങാടി എന്നീ ജലപദ്ധതികളിലെ തകർന്ന പൈപ്പുകൾ പുനഃസ്ഥാപിക്കാത്തതിനാൽ ഇരു പഞ്ചായത്തുകളും ജലക്ഷാമത്തിന്റെ പിടിയിലാണ്. 

വെള്ളം കിട്ടാക്കനി

വെച്ചൂച്ചിറ, കുന്നം, കുംഭിത്തോട്, അരയൻപാറ, അച്ചടിപ്പാറ, വാഹമുക്ക്, വലിയപതാൽ, വാകത്താനം, മക്കപ്പുഴ പനവേലിക്കുഴി, കാഞ്ഞിരത്താമല, തൃക്കോമല, മണ്ണാരത്തറ, കരിങ്കുറ്റി, നെല്ലിക്കമൺ, ഏഴോലി, കരിയംപ്ലാവ്, സ്റ്റോറുംപടി, ചെറുകുളഞ്ഞി, നീരേട്ടുകാവ്, കക്കുടുമൺ എന്നിവിടങ്ങളിൽ ദാഹജലത്തിന് നെട്ടോട്ടമോടുകയാണ് ജനം.

വെള്ളം വില കൊടുത്തു വാങ്ങിയാണ് അവർ ആവശ്യം നിറവേറ്റുന്നത്. 2,000 ലീറ്റർ വെള്ളത്തിന് 1,000 രൂപ വരെ നൽകണം. മിക്ക വീടുകളിലും ആഴ്ചയിൽ രണ്ടും മൂന്നും തവണ വെള്ളം വാങ്ങേണ്ടിവരുന്നു. ഇനിയുള്ള ദിവസങ്ങളിൽ ദാഹജലത്തിനു വില കൂടുമെന്ന ആശങ്കയിലാണ് മലയോരവാസികൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com