ADVERTISEMENT

പന്തളം ∙ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം വർധിച്ചതോടെ പൊലീസും ആരോഗ്യവകുപ്പും കണക്കെടുപ്പ് ഉപേക്ഷിച്ചു. പന്തളം നഗരസഭാപരിധിയിൽ മാത്രം ഇവരുടെ എണ്ണം 3500 കവിയുമെന്നാണു പൊലീസിന്റെ ഊഹക്കണക്ക്. എന്നാൽ, ആരോഗ്യവകുപ്പിന് ഇത് 1700ൽ താഴെ മാത്രം. ക്യാംപുകളുടെ എണ്ണവും പെരുകിയിട്ടുണ്ട്. പന്തളം നഗരസഭയിലെ കടയ്ക്കാട്, മുട്ടാർ മേഖലകളിലാണ് ഇത്തരത്തിൽ വാസസ്ഥലങ്ങൾ എറെയുള്ളത്.

ലോഡ്ജുകളിൽ ഭൂരിഭാഗമെണ്ണത്തിലും ഇതര സംസ്ഥാന തൊഴിലാളികളാണ്. കൂടാതെ വീടുകളോടു ചേർന്നും ടെറസുകളിലും തട്ടിക്കൂട്ടിയ ഷെഡ്ഡുകളിൽ തൊഴിലാളികളെ വൃത്തിഹീനമായ സാഹചര്യത്തിൽ പാർപ്പിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. കടയ്ക്കാട് മേഖലയിൽ താമസിക്കുന്ന തൊഴിലാളികളിൽ നടത്തിയ പരിശോധനയിൽ 3 പേരിൽ മന്തുരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പ്രതിരോധ മരുന്നും നൽകി. 

പൊലീസ് കയ്യൊഴിഞ്ഞു

തൊഴിലാളികളെ എണ്ണിത്തിട്ടപ്പെടുത്താനുള്ള ശ്രമം പൊലീസും ഉപേക്ഷിച്ചു. എവിടെയൊക്കെയെന്ന് കണ്ടെത്താനാവാത്ത വിധം ഇത്തരം കേന്ദ്രങ്ങൾ കൂണുകൾ പോലെ പെരുകിയതാണ്  കാരണം. ഒരു കേന്ദ്രത്തിൽ പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചാൽ, ഒരാഴ്ച പിന്നിടുമ്പോൾ താമസക്കാരെല്ലാം മാറും എന്നതാണ് പൊലീസിനെ വലയ്ക്കുന്നത്. ഭൂരിപക്ഷം വാസസ്ഥലങ്ങൾക്കും നഗരസഭയുടെ ലൈസൻസ് ഇല്ലെന്നും ആക്ഷേപമുണ്ട്. 

വാസസ്ഥലങ്ങൾ വൃത്തിഹീനം

കഴിഞ്ഞ മെയ് 28ന് കലക്ടർ പി.ബി.നൂഹിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കാട് പിഎച്ച്സിക്ക് സമീപമുള്ള 3 ക്യാംപുകളിൽ പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടിക്ക് നിർദേശിക്കുകയും ചെയ്തിരുന്നു. ഇവിടെ പരിശോധന നടത്തി അധികൃതർ പിൻമാറിയതോടെ മറ്റ് ക്യാംപുകൾ അതേ നിലയിൽ തുടർന്നു. മറ്റ് കെട്ടിടങ്ങളും പരിസരങ്ങളും വൃത്തിഹീനമാണെന്ന പരാതിയും വ്യാപകമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com