ADVERTISEMENT

പത്തനംതി‌ട്ട ∙ നിർമാണം തുടങ്ങുന്ന  പുനലൂർ – പൊൻകുന്നം  പാതയിൽ  കോന്നിക്കും പ്ലാച്ചേരിക്കും  മധ്യേ  8 വലിയ കവലകൾ വികസിപ്പിക്കും. 5 പാലങ്ങളും 128 കലുങ്കുകളും ഉണ്ടാകും. കെഎസ്ടിപി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി ലോക ബാങ്കിന്റെ സഹായത്തോടെ  274.24 കോ‌ടി രൂപ ചെലവിൽ വികസിപ്പിക്കുന്ന പദ്ധതിക്ക് അന്തിമ രൂപരേഖയായി. കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള 30.16 കിലോമീറ്റർ  വികസിപ്പിക്കുന്നതിന്  ചെന്നൈ ആസ്ഥാനവും പെരുമ്പാവൂരിൽ ഓഫിസുമുള്ള  ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് കരാർ എ‌ടുത്തിട്ടുള്ളത്. പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ സംവിധാനത്തിൽ നിർമാണം നടക്കുന്നതിനാൽ പാതയുടെ  അലൈൻമെന്റ് നിശ്ചയിക്കുന്നത് കരാർ എടുത്ത കമ്പനിയാണ്.

പാതയുടെ  ആകെ വീതി, ടാറിങ്ങിന്റെ വീതി, വീതി കൂട്ടുന്നതും പുതുക്കി പണിയുന്നതുമായ കലുങ്കുകൾ, നവീകരിക്കേണ്ട ജംക്‌ഷനുകൾ, സ്കൂൾ മേഖലകൾ  തുടങ്ങി  എന്തൊക്കെ വേണമെന്നു മാത്രമാണ് കെഎസ്ടിപി  നൽകിയിട്ടുള്ളത്. ഇത് പരിശോധിച്ച്  കമ്പനിയാണ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്. അതിന് ലോക ബാങ്കിന്റെ  അനുമതി കിട്ടി. ഓഗസ്റ്റ്  26ന് ആണ് കോന്നിയിൽ മുഖ്യമന്ത്രി റോഡ് നിർമാണം ഉദ്ഘാടനം ചെയ്തത്.

എന്നാൽ മറ്റ് ന‌ടപടികൾ ഇപ്പോഴാണ് പൂർത്തിയാകുന്നത്. ഉതിമൂട്ടിൽ ടാർ മിക്സിങ്  പ്ലാന്റ് സ്ഥാപിച്ചു. ഇതിന്റെ പണി പൂർത്തിയായി. ഉതിമൂട് ജംക്‌ഷനും  വലിയ കലുങ്കിനും മധ്യേയാണ് പ്ലാന്റ് സ്ഥാപിച്ചത്. മല ഇടിച്ചു നിരപ്പാക്കിയാണ് പ്ലാന്റ് സ്ഥാപിച്ചത്. ഇവിടേക്ക് വൈദ്യുതി കണക്‌ഷനും കിട്ടി. ഫെബ്രുവരി ആദ്യത്തെ ആഴ്ചയിൽ പണി തുടങ്ങാൻ കഴിയുമെന്നാണ്  പ്രതീക്ഷ. കോന്നി മുതൽ  കുമ്പഴ വരെയുള്ള ഭാഗത്തെ‌ പേപ്പർ ജോലികളാണ് പൂർത്തിയായത്. അതിനാൽ ആദ്യം പണി തുടങ്ങുന്നതും  ഈ ഭാഗത്താണ്.

പ്രധാന വിവരങ്ങൾ

∙ റോഡിന് 14 മീറ്റർ വീതി. അതിൽ 10 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിലുള്ള ടാറിങ്.
∙ 2 വശവും 2 മീറ്റർ വീതിയിൽ നടപ്പാത .

∙ 8 വലിയ ജംക്‌ഷനുകൾ വികസിപ്പിക്കും. ഡിവൈഡറുകൾ, ബസ്‌ ബേ എന്നിവ ഉണ്ടാകും.
∙ 26 ചെറിയ ജംക്‌ഷനുകൾ വികസിപ്പിക്കും.
∙ ടൗണുകളിൽ 6.5 കിലോമീറ്റർ ദൂരത്തിൽ നടപ്പാതയും കൈവരിയും 

∙അപകട സാധ്യതയുളള സ്ഥലങ്ങളിൽ. മൊത്തം 14000 മീറ്റർ ദൂരത്തിൽ ഇടിതാങ്ങി
∙ സ്കൂൾ മേഖല പ്രത്യേക പരിഗണന. അവിടെ കുട്ടികൾക്ക് ബസ് കാത്തുനിൽക്കനും ബസ് നിർത്തുന്നതിനുമുള്ള സൗകര്യം.
∙ റോഡ് 14 മീറ്ററാകുമ്പോൾ കുമ്പഴ പാലത്തിന് അതിന് അനുസരിച്ച് വീതിയില്ല. ഇതിന്റെ 2 വശത്തും നടപ്പാത നിർമിക്കും.

പുല്ലാട് റോഡ് നവീകരണം:  കാട് നീക്കം ചെയ്തു

മല്ലപ്പള്ളി ∙ പുല്ലാട് റോഡ് നവീകരണത്തിന്റെ ഭാഗമായി സിഎംഎസ് ഹയർ സെക്കൻ‍റി സ്കൂൾപടി മുതൽ കീഴ്‌വായ്പൂര് വരെ പാതയോരത്തെ കാടുകൾ നീക്കം ചെയ്തു. 2 മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തിലാണ് കാടുകൾ നീക്കം ചെയ്യുന്ന പണികൾ പുരോഗമിക്കുന്നത്. കഴിഞ്ഞദിവസമാണ് പണികൾ തുടങ്ങിയത്. പുതിയ പൈപ്പുകൾ സ്ഥാപിച്ചതിനുശേഷം ഇവയ്ക്കു മുകളിൽ മെറ്റൽ മിശ്രിതം ഉറപ്പിക്കുന്നതിനു എടുത്തുമാറ്റിയ മണ്ണും  നിരപ്പാക്കുന്നുണ്ട്.

റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരുന്നവയാണ് ഇത്തരത്തിൽ ചെയ്യുന്നത്. കാടുകൾ നീക്കുന്നതിനൊപ്പം റോഡിന്റെ വശങ്ങളിൽ നേരത്തെയുണ്ടായിരുന്ന ഓടകളും വൃത്തിയാക്കും. റോഡിന്റെ നിരപ്പ് ശരിയാക്കുന്ന പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. 2 ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ജോലിക്കാരും യന്ത്രസാമഗ്രികളും എത്തിച്ച് റോഡ് നവീകരണം ത്വരിതഗതിയിലാക്കുമെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com