ADVERTISEMENT

അടൂർ ∙ കിടക്കയിൽനിന്ന് എഴുന്നേൽക്കാനാകില്ലെങ്കിലും പ്രകൃതി സൗഹൃദ പേപ്പർ കൊണ്ടുള്ള വിത്തു പേന നിർമിച്ച് പ്ലാസ്റ്റിക്കിനെതിരെ പോരാട്ടത്തിലാണ് ഷാജി (48). അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട് 20 വർഷമായി കിടപ്പിലായ ഏനാദിമംഗലം പൂതങ്കര ഇടപ്പുരയിൽ ഷാജിയാണ് പേപ്പർ പേന നിർമാണത്തിലൂടെ ശ്രദ്ധേയനാകുന്നത്. ക്രാഫ്റ്റ് പേപ്പർ ഉപയോഗിച്ച് നിർമിക്കുന്ന പേനകളിൽ വിത്തു കൂടി നിക്ഷേപിക്കുന്നുണ്ട്. ഉപയോഗം കഴിഞ്ഞ് റീഫിൽ ഊരി മാറ്റി വിത്തു പേനകൾ മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ ചെടിയായി വളരും.

ചീര, വഴുതന, പച്ചമുളക് എന്നിവയുടെ വിത്തുകളാണ് നിക്ഷേപിക്കുന്നത്. ഗുജറാത്തിൽ വെൽഡിങ് ജോലി ചെയ്യുമ്പോൾ 2000ൽ കെട്ടിടത്തിൽനിന്നു വീണാണ് നട്ടെല്ലിനു ക്ഷതം സംഭവിച്ചത്. അവിടെയും പിന്നീട് നാട്ടിലെത്തിയും ഒട്ടേറെ ചികിത്സകൾ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. ഇതിനിടയിലാണ് ഭിന്നശേഷി കൂട്ടായ്മയുടെ വാട്സാപ് ഗ്രൂപ്പിലും ഫെയ്സ്ബുക് കൂട്ടായ്മയിലും അംഗമാകുന്നത്.

അതിലൂടെയാണു പ്ലാസ്റ്റിക്കിനെതിരെ പേപ്പർ പേന നിർമാണത്തിന് തീരുമാനിക്കുന്നത്. പാലക്കാട്ടുള്ള സുഹൃത്താണ് പേപ്പർ അയച്ചു കൊടുക്കുന്നത്. നിർമാണത്തിനു വേണ്ട മറ്റു സാമഗ്രികൾ ചേട്ടന്റെ മക്കളും വാങ്ങി കൊടുക്കും. ഒപ്പം അമ്മ ഗൗരിയും വേണ്ട സഹായം ചെയ്യും. 6 മുതൽ 8 രൂപ വരെയാണ് പേനയുടെ വില. ഇതു വരെ മൂവായിരത്തോളം പേന വിറ്റു. ഷാജിയുടെ ഫോൺ: 9605585257.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com