ADVERTISEMENT

തിരുവല്ല ∙ ബൈപാസ് നിർമാണം അവസാനഘട്ടത്തിലേക്ക് അടുക്കുന്നു. മഴുവങ്ങാട് മുതൽ മല്ലപ്പള്ളി റോഡ് വരെ മാർച്ച് ഒന്നിനു പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. ഇതിൽ കുറെ ഭാഗം പൂർത്തിയായി. ഇതുവഴി വാഹനങ്ങൾ പോകുന്നുണ്ട്. മഴുവങ്ങാട് മുതൽ ബി വൺ ബി വൺ റോഡ് വരെയും റെയിൽവേ സ്റ്റേഷൻ റോഡ് മുതൽ മല്ലപ്പള്ളി റോഡ് വരെയുമാണ് വാഹനങ്ങൾ പോകുന്നത്. ഔപചാരികമായി തുറന്നുകൊടുത്തില്ലെങ്കിലും ഇതുവഴി വാഹനങ്ങൾ പോകുന്നതോടെ എംസി റോഡിന്റെ നഗരഭാഗത്ത് തിരക്കിനു കുറവുണ്ട്.

മഴുവങ്ങാട് പാലം മുതൽ പുഷ്പഗിരി റോഡ്‌വരെ അവസാനഘട്ടം ടാറിങ് മാത്രമാണ് ഇനി നടത്താനുള്ളത്. ബി വൺ ബി വൺ റോഡിൽ നിന്നു മേൽപാലത്തിലേക്കു കയറുന്ന ഭാഗത്തെ മണ്ണിട്ടു നിരപ്പാക്കുന്ന ജോലി പൂർത്തിയായി. പാലവും റോഡും തമ്മിൽ ചേരുന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് ഉറയ്ക്കാനുള്ള സമയമാണ് ഇനി വേണ്ടത്. ഇതിനു 21 ദിവസം മതിയാകും. മേൽപാലം മുതൽ മല്ലപ്പള്ളി റോഡ് വരെ ടാറിങ് നടത്തിയിട്ടുണ്ട്. ബി വൺ ബി വൺ റോഡിൽ നിന്നു മേൽപാലം വരെയുള്ള ഭാഗത്ത് ജിഎസ്ബി, ഡബ്ലിയുഎംഎം എന്നിവ ഇട്ട് ബിഎം, ബിസി ടാറിങ്ങും നടത്തണം.

അവസാനഘട്ട ടാറിങ് എല്ലാം ഒന്നിച്ച് ചെയ്യാൻ ഒരു ദിവസം മതിയാകും. ഇതെല്ലാം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നു അധികൃതർ അറിയിച്ചു. മല്ലപ്പള്ളി റോഡ് മുതൽ രാമൻചിറ വരെയുള്ള ഭാഗത്തെ വയഡക്ടിന്റെയും റോഡിന്റെയും നിർമാണം മേയ് അവസാനം പൂർത്തിയാക്കാനാണ് തീരുമാനം. പൈലിങ് പൂർത്തിയായ വയഡക്ടിന്റെ തൂണുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഇതോടൊപ്പം രാമൻചിറ ഭാഗത്ത് മണ്ണിട്ടുയർത്തേണ്ടതുണ്ട്. വയഡക്ടിന്റെ നിർമാണത്തോടൊപ്പം ഇതും പൂർത്തിയാകും.

എംസി റോഡിൽ ചെങ്ങന്നൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ടികെ റോഡിലേക്കു പോകാനുള്ളവയും റെയിൽവേ സ്റ്റേഷൻ റോഡ് വഴി വരുന്ന മല്ലപ്പള്ളി ഭാഗത്തേക്കു പോകാനുള്ള വാഹനങ്ങളുമാണ് ബൈപാസിന്റെ പൂർത്തിയായ ഭാഗം ഉപയോഗിക്കുന്നത്. ടാറിങ് പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷൻ റോഡു മുതൽ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗം അപകട മേഖലയ്ക്കു സമാനമാണ്. ദിശാബോർഡുകളും സിഗ്നലും സ്ഥാപിക്കാത്തതിനാൽ പുതിയ റോഡ് തിരിച്ചറിയാനോ അതിലെ വരുന്ന വാഹനങ്ങൾ കാണാനോ കഴിയുന്നില്ല.

റോഡു നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു ദിശാ ബോർ‌ഡുകളും സിഗ്നലും സ്ഥാപിക്കുമ്പോൾ മാത്രമേ അപകടാവസ്ഥ ഒഴിവാകുകയുള്ളു.കഴിഞ്ഞ ദിവസം നിർമാണ പുരോഗതി വിലയിരുത്തിയ കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ ഡോ.എം.ജി.രാജമാണിക്യം, മാത്യു ടി.തോമസ് എംഎൽഎ എന്നിവരും മേയ് 31നു ബൈപാസ് നിർമാണം പൂർത്തിയാകുമെന്നു അറിയിച്ചിരുന്നു.

pathanamthitta-road-rennovation
പുല്ലാട് റോഡ് നവീകരണത്തിനായി വെണ്ണിക്കുളം–തടിയൂർ റോഡിൽ തുണ്ടിയിൽപടിക്കു സമീപം മെറ്റലും പാറമണലും ചേർന്ന മിശ്രിതം സംഭരിക്കുന്നു

പുല്ലാട് – മല്ലപ്പള്ളി റോഡ്: 4 കലുങ്കുകൾ നന്നാക്കി

മല്ലപ്പള്ളി ∙ പുല്ലാട് റോഡിൽ മണ്ണുമൂടി അടഞ്ഞുകിടന്ന 4 കലുങ്കുകൾ ശുചീകരിച്ചു. ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായാണ് നേരത്തെയുണ്ടായിരുന്ന കലുങ്കുകളിലെ മണ്ണുകൾ നീക്കം ചെയ്ത് ജലമൊഴുക്കിന് സാധ്യമാക്കുന്നത്. 34 കലുങ്കുകളുണ്ടെങ്കിലും ഇവയിൽകൂടി ജലമൊഴുകിയിരുന്നില്ല. ഇക്കാരണത്താൽ റോഡിൽ വെള്ളക്കെട്ടു രൂക്ഷമായിരുന്നു. കലുങ്കുകൾ വൃത്തിയാക്കുന്നതിനൊപ്പം സമീപത്തുണ്ടായിരുന്ന തോടുകളും പുനരുജ്ജീവിപ്പിച്ചെങ്കിൽ മാത്രമേ പ്രയോജനകരമാകൂ.

മിക്കയിടങ്ങളിലും തോടുകളും ഇല്ലാത്ത സ്ഥിതിയിലാണ്.റോഡ് നവീകരണത്തിനായി വെണ്ണിക്കുളം–തടിയൂർ റോഡിൽ തുണ്ടിയിൽപടിക്കു സമീപത്തെ വസ്തുവിൽ നിർമാണ സാമഗ്രികൾ ശേഖരിച്ചു തുടങ്ങി. മെറ്റലും പാറമണലും ചേർത്തുള്ള മിശ്രിതമാണ് ലോഡുകണക്കിന് ഇറക്കിയിരിക്കുന്നത്. നേരത്തെയുള്ള ടാറിങ് നീക്കം ചെയ്തതിനുശേഷം റോഡിൽ നിരത്തുന്നതിനുള്ള വെറ്റ് മിക്സ് മെക്കാഡം (ഡബ്ല്യുഎംഎം) മിശ്രിതമാണിത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com