‘കണക്ക്’ തെറ്റിച്ച് ടിക്കറ്റ് യന്ത്രങ്ങൾ; പെരുവഴിയിലായി കണ്ടക്ടർമാരും യാത്രക്കാരും

തിരുവല്ല കെഎസ്ആർടിസി ഡിപ്പോയിൽ തകരാറിലായ ടിക്കറ്റ് യന്ത്രങ്ങൾ.
SHARE

തിരുവല്ല ∙ കെഎസ്ആർടിസി കണ്ടക്ടർമാരെയും യാത്രക്കാരെയും പെരുവഴിയിലാക്കി ടിക്കറ്റ് യന്ത്രങ്ങൾ. ഡിപ്പോയിലെ ഭൂരിഭാഗം യന്ത്രങ്ങളും തകരാറിലാണ്. പകരം പഴയ ടിക്കറ്റും റാക്കുമായി ജോലി ചെയ്യേണ്ടി വരികയാണ് കണ്ടക്ടർമാർ. യന്ത്രങ്ങൾ കേടായാൽ കണ്ടക്ടർമാർ സ്വന്തം ചെലവിൽ നന്നാക്കിയെടുക്കണം. ഒരു യന്ത്രം ശരിയാക്കുന്നതിന് 2000 രൂപയോളം ചെലവു വരും. ഇത്രയും മുടക്കി ശരിയാക്കിയാൽ പിറ്റേദിവസം ഡ്യൂട്ടിക്കെത്തുമ്പോൾ നന്നാക്കിയ യന്ത്രം കിട്ടണമെന്നുമില്ല.

തിരക്കേറിയ സമയത്ത് ഓർഡിനറി ബസിൽ കയറുന്നവർ‌ക്ക് സമയത്ത് ടിക്കറ്റ് കൊടുത്തുതീർക്കാൻ യന്ത്രമില്ലെങ്കിൽ കഴിയാറില്ല.  ഡിപ്പോയിൽ നിന്നു വിടുന്ന ബസിൽ അടുത്ത സ്റ്റോപ്പിലിറങ്ങുന്നവർക്ക് ബസ് നിറുത്തി റോഡിലിറങ്ങി നിന്നു ടിക്കറ്റ് നൽകേണ്ട അവസ്ഥയാണ് മിക്കപ്പോഴും. ഇറങ്ങുന്ന യാത്രക്കാർ ടിക്കറ്റെടുക്കാൻ ബസിനു ചുറ്റും ഓടി നടക്കേണ്ട ഗതികേടും പലപ്പോഴും സംഭവിക്കാറുണ്ട്.

തിരുവല്ല ഡിപ്പോയ്ക്ക് 56 യന്ത്രങ്ങളാണ് വേണ്ടത്. ഇപ്പോഴുള്ളത് 36 എണ്ണം മാത്രം. ഇവയിൽ ഭൂരിഭാഗവും തകരാറാണ്. യന്ത്രങ്ങളാകുമ്പോൾ വരുമാനം കൃത്യമായി അപ്പോഴപ്പോൾ ചീഫ് ഓഫിസിൽ ഉൾപ്പെടെ അറിയാനും ജോലി കഴിയുമ്പോൾ പണം കൃത്യമായി നൽകാനും കഴിയുമായിരുന്നു. ടിക്കറ്റ് റാക്ക് ആകുമ്പോൾ ഇതിനു കഴിയാറില്ല.

ഓർഡിനറി ബസിന് ശരാശരി 14,000 രൂപ വരെ വരുമാനമുണ്ട്. യാത്രക്കാർ 900-950 പേർ കയറും. എല്ലാവർക്കും ടിക്കറ്റ് കൊടുക്കാൻ കഴിയാറില്ല. ടിക്കറ്റ് കിട്ടാതെ പല യാത്രക്കാർക്കും സ്റ്റോപ്പ് ആകുമ്പോൾ ഇറങ്ങി പോകേണ്ടി വരുന്നുണ്ട്. ഇത് കെഎസ്ആർടിസിയുടെ വരുമാനം കുറയ്ക്കുന്നുണ്ട്. തിരുവല്ല ഡിപ്പോയിലുള്ളതെല്ലാം 4 വർഷം മുൻപ് വന്ന യന്ത്രങ്ങളാണ്. എല്ലാം കാലഹരണപ്പെട്ടവ. ഇവ നന്നാക്കാനായി കോർപറേഷൻ ഒരു രൂപ പോലും നൽകാറില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta
SHOW MORE
FROM ONMANORAMA