ADVERTISEMENT

പത്തനംതിട്ട ∙ വഴക്ക്, സംഘർഷം, മോഷണം, മദ്യപാനം, കഞ്ചാവ്, മയക്കുമരുന്ന്.... ജില്ലാ ആസ്ഥാനത്തെ സ്വകാര്യ ബസ് സ്റ്റാൻഡിനെക്കുറിച്ചാണ് പറയുന്നത്. വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള വഴക്കും സംഘർഷവും ബസ് സ്റ്റാൻഡിലെ പതിവുകാഴ്ചയായിരിക്കുന്നു. ഈ ആഴ്ചയിൽ മൂന്നു ദിവസം സംഘർഷഭരിതമായിരുന്നു ഇവിടം. പൊലീസുകാരെ പോലും കയ്യേറ്റം ചെയ്യുന്ന തരത്തിലേക്ക് സംഘർഷം വളർന്നു. ഒടുവിൽ കൂടുതൽ പൊലീസെത്തി കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു. ഒരു വിദ്യാർഥിയെ പിടികൂടി താക്കീതു നൽകി വിട്ടയച്ചു.

സ്ഥിരം യാത്രക്കാരിയുടെ വാക്കുകൾ:

തിരക്കുള്ള അവസരങ്ങളിൽ പ്രവേശനകവാടത്തിൽ കൂട്ടംകൂടി നിൽക്കുന്ന വിദ്യാർഥികളെ മറികടന്ന് സ്റ്റാൻഡിനുള്ളിലേക്ക് കടക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. കുടുംബമായെത്തുന്നവർക്ക് അലോസരമുണ്ടാക്കുന്ന പ്രവൃത്തികളാണ് പലപ്പോഴും ഉണ്ടാകുന്നത്. വിദ്യാർഥികളല്ലാത്ത യുവാക്കളാണ് ഇവിടെ സ്ഥിരമായി പ്രശ്നം സൃഷ്ടിക്കുന്നത് എന്ന് സ്ഥിരം യാത്രക്കാരിയായ അധ്യാപിക അനില ജോൺ പറയുന്നു.

ലഹരിയിലലിഞ്ഞ് വിദ്യാർഥികൾ:

മുകൾനിലയിലെ സംഘം ചേരൽ മദ്യപാനത്തിനും കഞ്ചാവ്– മയക്കുമരുന്ന് ഉപയോഗത്തിനുമാണെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. കുപ്പികളും ഗ്ലാസ്സുകളും കുന്നുകൂടി കിടക്കുന്നതു കാണാം. ഏറ്റവും മുകളിലത്തെ നിലയിലേക്ക് കടക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന ഗേറ്റുകൾ തകർത്ത് അവിടെയും വിദ്യാര്‍ഥിനികളടക്കമുള്ള കുറച്ചാളുകൾ വിഹരിക്കുകയാണ്. കഞ്ചാവ് വിൽപനയുടെ സുരക്ഷിത കേന്ദ്രമായി ഇവിടം മാറിയിരിക്കുന്നു.

സുരക്ഷ.. സ്വയംനോക്കണം

നഗരസഭ മുഴുവൻസമയ സുരക്ഷാജീവനക്കാരനെ നിയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ രാത്രിയിൽ മാത്രമാണുള്ളത്. സുരക്ഷാജീവനക്കാരൻ പകൽ നേരങ്ങളിൽ ആവശ്യമില്ല എന്ന തീരുമാനത്തിലാണെന്നു തോന്നുന്നു നഗരസഭ. ക്രമസമാധാനം ഉറപ്പുവരുത്താൻ പകൽ ഇവിടെ പൊലിസിനെ നിയോഗിക്കണം എന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാതല ആക്സിഡന്റ് റിവ്യൂ കമ്മറ്റിയിൽ പലതവണ ആവശ്യപ്പെട്ടു. അതിനുശേഷമാണ് ഡ്യൂട്ടിക്ക് ആളിനെ നിയോഗിച്ചത്. എത്ര തിരക്കുണ്ടായാലും ഒരാൾ മാത്രമാകും ഡ്യൂട്ടിക്ക്. വിദ്യാർഥികളോട് എന്തെങ്കിലും പറഞ്ഞാൽ ഈ ഉദ്യോഗസ്ഥൻ കയ്യേറ്റം ചെയ്യപ്പെടുന്നത് സ്ഥിരം കാഴ്ച. അതിനാൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരൻ എയ്ഡ്പോസ്റ്റിൽ തന്റെ മൊബൈൽ ഫോണിൽ മുഖം പൂഴ്ത്തി ഇരിക്കും.

പോലിസ് അധികാരികൾ പറയുന്നു:

പട്രോളിങ്ങിനിറങ്ങുന്നവർ പലപ്പോഴും  ഇവിടെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കാറുണ്ട്. സ്ഥിരമായി പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിക്ക് ആളുണ്ടാകും. പിങ്ക് പൊലിസുകാരെ തിരക്കുള്ള സമയങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. പ്രശ്നങ്ങളുണ്ടാകുമ്പോൾ അടിയന്തിര ഇടപെടൽ നടത്താറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com