ADVERTISEMENT

പത്തനംതിട്ട ∙ കോവിഡ് രോഗം ഇല്ലെങ്കിലും നീണ്ട 24 ദിവസം അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് കഴിഞ്ഞതിനു ശേഷം വീണ്ടും കർമ രംഗത്തേക്ക് ഇറങ്ങുന്ന ഡോ എസ്.ആനന്ദിന് ഒന്നേ പറയാനുള്ളു. നാം എത്രത്തോളം സ്വയം പ്രതിരോധം തീർക്കുന്നുവോ അത്രത്തോളം രോഗ വ്യാപനം തടയാൻ കഴിയും. ഇതല്ലാതെ നമുക്ക് മാർഗമില്ല.

ഡോ ആനന്ദിനെ അറിയില്ലേ ? 

രണ്ടാം ഘട്ടമായി സംസ്ഥാനത്തു പടർന്നു പിടിച്ച മഹാമാരിയായ കോവിഡ് സ്ഥിരീകരണത്തിനു നിർണായ പങ്കുവഹിച്ച റാന്നി താലൂക്ക് ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ. ആശുപത്രിയിലെ ഒപിയിൽ പനിക്കു ചികിത്സ തേടി തന്റെ മുൻപിൽ എത്തിയവരുടെ ലക്ഷണങ്ങൾ കണ്ട് കോവിഡാണെന്ന് സംശയം ഉന്നയിച്ച ഡോക്ടർ. കോവിഡ് ഭേദമായി റാന്നി ഐത്തലയിലെ കുടുംബം ആശുപത്രി വിട്ട് വീട്ടിൽ എത്തിയത് അറി‍ഞ്ഞ് ഏറെ സന്തോഷിച്ചതും അദ്ദേഹമാണ്.

മുൻപിൽ എത്തിയത് കോവിഡ് രോഗിയാണെന്ന് തിരിച്ചറിഞ്ഞതോടെ എന്തു മുൻകരുതലാണ് എടുത്തത് ?

∙ രോഗിയുടെ ജീവനാണ് വില കൽപിച്ചത്. ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് തന്റെ കാര്യം ശ്രദ്ധിച്ചത്. സാനിറ്റൈസർ ഉപയോഗിച്ച് ശരിക്കും കൈകഴുകി. തന്റെ കൈ മുഖത്തേക്കോ വായുടെ സമീപത്തോ പോകാതെ പ്രത്യേകം ശ്രദ്ധിച്ചു. ഭാര്യ വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോ ഗീതുവിനെ വിളിച്ച് വിവരം പറഞ്ഞു.

ഗർഭിണിയായതിനാൽ രോഗം പെട്ടെന്നു പിടിക്കാനുള്ള സാധ്യത ഉള്ളതിനാൽ തിരുവല്ലയിലെ വീട്ടിൽ നിന്നു മാറ്റി. ഒന്നര വയസ്സുള്ള മകൻ മാധവനേയും മാറ്റി. പിന്നെ തിരുവല്ലയിലെ വീട്ടിൽ വിളിച്ച് അമ്മ ഉമാ ദേവിയെ വിളിച്ച് കാര്യം പറഞ്ഞു. തനിക്ക് ഐസലേഷനിൽ കഴിയാൻ മുറി ക്രമീകരിച്ചിടണമെന്ന് . വീട്ടിൽ എത്തി ആരോടും സംസാരിക്കാതെ നേരെ മുറിയിൽ പോയി.

ജില്ലയിലെ ആദ്യത്തെ കോവിഡ് രോഗികളെ തിരിച്ചറിഞ്ഞ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോ എസ്. ആനന്ദ് 24 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം ഇന്നലെ മുറിക്ക് പുറത്തിറങ്ങി മകൻ മാധവ്, ഭാര്യ ഡോ ഗീതു എന്നിവരോടൊപ്പം തിരുവല്ലയിലെ വസതിയിൽ.
ജില്ലയിലെ ആദ്യത്തെ കോവിഡ് രോഗികളെ തിരിച്ചറിഞ്ഞ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോ എസ്. ആനന്ദ് 24 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം ഇന്നലെ മുറിക്ക് പുറത്തിറങ്ങി മകൻ മാധവ്, ഭാര്യ ഡോ ഗീതു എന്നിവരോടൊപ്പം തിരുവല്ലയിലെ വസതിയിൽ.

അടച്ചിട്ട മുറിയിൽ 26 ദിവസം എങ്ങനെ ഒറ്റയ്ക്ക് കഴി‍ഞ്ഞു?

∙ മനസിനെ അതിനനുസരിച്ച് പാകപ്പെടുത്തി. എല്ലാ ദിവസവും 2 നേരം മുറി തനിയെ വ‍ൃത്തിയാക്കി. ഭക്ഷണം മുറിയുടെ വാതലിൽ കൊണ്ടു വയ്ക്കും. അവർ പോയിട്ടാണ് മുറി തുറന്ന് എടുത്തു കഴിക്കും. പാത്രങ്ങൾ കഴുകി വയ്ക്കും. വസ്ത്രങ്ങൾ എല്ലാ ദിവസവും വൈകിട്ട് സോപ്പുപൊടിയിട്ട് അതിൽ മുക്കിവെയ്ക്കും. പിറ്റേദിവസം രാവിലെ അത് പ്രത്യേകമായി കഴുകും.

സമയം എങ്ങനെ തള്ളി നീക്കി?

∙ അതാണ് പ്രശ്നം. ആശുപത്രിയിൽ എപ്പോഴും രോഗികളുടെ തിരക്കായിരുന്നു. അതിനാൽ സമയം പോകുന്നത് അറിയില്ലായിരുന്നു. ഐസലേഷനിൽ ആയപ്പോൾ ടിവിയിലെ വാർത്തകളും നോവൽ വായനയുമാണ് സമയം തള്ളി നീക്കാൻ സഹായിച്ചത്.

നിരീക്ഷണത്തിൽ വീടുകളിൽ കഴിയുന്നവരോട് പറയാനുള്ളത്.?

∙ 85 ശതമാനവും ചെറിയ പനി പോലെ മാത്രമേ ഈ രോഗം ഉള്ളു. സൂക്ഷിച്ചില്ലെങ്കിൽ അപകടകാരിയാണ്. മറ്റു രോഗം ഉള്ളവരാണ് സൂക്ഷിക്കേണ്ടത്. ഇത് പകരാതിരിക്കാൻ അകലം പാലിക്കുക. ശുചിത്വം പാലിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com