ADVERTISEMENT

തിരുവല്ല ∙ ചില കാലങ്ങൾ ചിലർക്ക് നന്നായി വരും എന്ന വിശ്വാസം അന്വർഥമാക്കുന്ന രീതിയിൽ വിലസി നിൽക്കുകയാണ് ചക്ക. കോവിഡ് ഭീതിയിൽ നാട് ലോക് ഡൗണിലായപ്പോൾ തീൻമേശയിലെ താരമായി മാറുന്നു ചക്ക.  ഒരുക്കിയെടുക്കാൻ കുറച്ച് ബുദ്ധിമുട്ടണം. പ്ലാവിൽ നിന്ന് ഇടണമെങ്കിൽ ആരുടെയെങ്കിലും കയ്യും കാലും പിടിക്കണം.  പിന്നെ അതു വെട്ടിക്കണ്ടിച്ച് ചുള അടർത്തിയെടുത്ത് ചകിണി കളഞ്ഞ്, കുരു മാറ്റി അടുപ്പിലെത്തിക്കാൻ പരുവമാകുമ്പോഴേക്കും കയ്യിലൊക്കെ അരക്കാകും.

വേവിച്ചാൽ തിന്നാൻ ഇഷ്ടമാണെങ്കിലും ആ പങ്കപ്പാടൊക്കെ ഓർക്കുമ്പോ ചക്ക നാളെ പറിക്കാമെന്നു കരുതി മാറ്റിവയ്ക്കും. ആർ‌ക്കും പ്രയോജനമില്ലാതെ പഴുത്ത് താഴെ വീണ് നശിക്കുന്നതാണ് ചക്കയുടെയും മാങ്ങയുടെയുമൊക്കെ സമീപകാല ചരിത്രം. ഇതിനൊരു അപവാദമാകുന്നത് തമിഴ്നാട്ടിലേക്ക് ചക്ക കൊണ്ടുപോകാൻ കച്ചവടക്കാർ എത്തുന്നതാണ്. മാർച്ച് – ഏപ്രിൽ ചക്കയുടെ കാലമാണ്.

ഇപ്പോൾ നാട്ടിൻപുറങ്ങളിൽ രാവിലെ തന്നെ ചക്കയൊരുക്കുന്നത് കാണാം. ക്രൈസ്തവർക്ക് ഇത് വലിയ നോമ്പിന്റെ കാലമായതിനാൽ കഞ്ഞിയും ചക്കപ്പുഴുക്കും പഴയകാലം പോലെ തിരിച്ചെത്തി. സ്ത്രീകൾ മാത്രമല്ല. പുരുഷന്മാരും ചക്കയൊരുക്കാൻ താൽപര്യം കാട്ടുന്നു. കയ്യിൽ ചക്കയരക്കു പിടിച്ചാലും ഇത് വേവിച്ച് തിന്നിട്ടേയുള്ളുവെന്ന വാശിയിലാണ് പലരും. ആനയോളം വലിപ്പത്തിലായി ഇപ്പോൾ ചക്കയുടെ പെരുമ. ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചിട്ടും കിട്ടാത്ത പെരുമായാണ് ചക്കയ്ക്ക് പെട്ടെന്നു കിട്ടിയത്.

ആരോഗ്യത്തിന് ചക്ക

പ്രായ-ദേശ വ്യത്യാസമില്ലാതെ ഇഷ്ടപ്പെടുന്ന ചക്ക പോഷകത്തിന്റെ കാര്യത്തിൽ മുന്നിലാണ്. ജീവകങ്ങളും മൂലകങ്ങളും നാരുകളും നിറഞ്ഞ് രോഗപ്രതിരോധശേഷിയിൽ മുമ്പനായ ചക്ക കാൻസറിനെ വരെ തടഞ്ഞു നിർത്തുമെന്നാണ് പറയുന്നത്. പ്രമേഹരോഗികൾക്കും ചക്ക നല്ലതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചക്കച്ചുളയിൽ രണ്ടു ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പും 74 ശതമാനം വെള്ളവും 23 ശതമാനം അന്നജവുമാണ്.

വേണ്ട വിധത്തിൽ സംസ്കരണം നടത്തിയാൽ ഉൽപന്നങ്ങളും ഉപോൽപന്നങ്ങളുമായി ഒരു ചക്കയിൽ നിന്ന് 600 രൂപ വരുമാനമുണ്ടാക്കാമത്രെ. ചക്ക വേവിക്കാം. ഉപ്പേരിയാക്കാം, കുരു കൂട്ടാൻ വയ്ക്കാം. ചക്കക്കൂഞ്ഞും വേണമെങ്കിൽ തോരൻ വയ്ക്കാം. മടലും ചകിണിയും കന്നുകാലിക്ക് തീറ്റയാക്കാം. ചുരുക്കത്തിൽ ചക്കയിൽ വെറുതേ കളയാനൊന്നുമില്ല.

വീടുകൾ ഫാക്ടറികളാക്കാം

ചക്ക സംസ്കരണത്തിനും വിപണനത്തിനുമായി നടവയൽ ആസ്ഥാനമായി വയനാട് ജാക്ക് ഫ്രൂട്ട് ഡവലപ്മെന്റ് സൊസൈറ്റി ആരംഭിച്ചത് മാതൃകയാണ്. ഈ സംഘത്തിൽ വനിതകൾ മാത്രമാണ് അംഗങ്ങൾ. വീട്ടമ്മമാർ വീടുകളിൽ നിർമിക്കുന്ന ചക്ക ഉൽപന്നങ്ങൾ സൊസൈറ്റി എടുക്കുകയും വിപണി കണ്ടെത്തി വിൽക്കുകയും ചെയ്യുന്നു. കയറ്റുമതി ചെയ്യാനും സഹായിക്കും.

വയനാട് ജാക്സ് എന്ന ബ്രാൻഡിൽ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നു. പ്രമേഹരോഗികൾക്ക് പ്രത്യേകം തയാറാക്കുന്ന ചക്ക ഉൽപന്നവും വിപണിയിൽ ഉണ്ട്. ഉൽപന്നങ്ങൾ വീടുകളിലെത്തി പണം നൽകി എടുക്കുകയും പിന്നീട് ഇതിന്റെ ലാഭവിഹിതം വീട്ടമ്മമാർക്ക് വീതിച്ചു നൽകുകയും ചെയ്യുന്നു. ചക്ക ധാരാളമായുള്ള പത്തനംതിട്ട ജില്ലയ്ക്കും ഇതു മാതൃകയാണ്.

വരുംകാല വിള

മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങി പടരുന്ന വേരുപടലങ്ങളുള്ള പ്ലാവിന് കനത്ത വരൾച്ചയിലും പിടിച്ചുനിൽക്കാനും ഫലം നൽകാനുമാകും. ഇവയുടെ ഇലകളിലുള്ള കട്ടിയേറിയ ആവരണം ബാഷ്പീകരണം കുറയ്ക്കും. അങ്ങനെ നോക്കുമ്പോൾ വരുംകാലത്തേക്കുള്ള വിളയായിരിക്കും പ്ലാവ് എന്നതിൽ സംശയമില്ല. പ്ലാവിന്റെ തടിക്കും വിലയുണ്ട്. ഇന്ത്യയാണ് ലോകത്തിൽ ഏറ്റവുമധികം ചക്ക ഉൽപാദിപ്പിക്കുന്ന രാജ്യം. വർഷം 6 ലക്ഷം ടൺ ചക്ക ഇവിടെ ഉണ്ടാകുന്നുണ്ടെങ്കിലും 75 ശതമാനവും നശിച്ചുപോവുകയാണ്

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com