ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയിലെ 816 റേഷൻകടകളിലൂടെ സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. ഉച്ചവരെ 48,530 കാർഡ് ഉടമകൾ സൗജന്യ റേഷൻ വാങ്ങിയതായി ജില്ലാ സപ്ലൈ ഓഫിസർ എം.എസ്. ബീന അറിയിച്ചു. 24000 എഎവൈ കാർഡുകളും 103400 മുൻഗണനാ കാർഡുകളും ഉൾപ്പെടെ ജില്ലയിൽ ആകെ 3,42,000 റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 5300 പോർട്ടബിലിറ്റി കാർഡുകളും ഉൾപ്പെടുന്നു

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരേ സമയം 5 പേരിൽ കൂടുതൽ റേഷൻവാങ്ങാൻ എത്തരുത് എന്ന സർക്കാർ നിർദേശം ഭൂരിഭാഗം റേഷൻകടകളിലും പാലിച്ചു. ഇതിനായി മുൻഗണനാ കാർഡുകൾക്ക് (മഞ്ഞ, പിങ്ക്) രാവിലെ 9 മുതൽ ഒന്നു വരെയും നീല, വെള്ള (പൊതുവിഭാഗം) കാർഡുകൾക്ക് 2 മുതൽ അഞ്ചു വരെയും റേഷൻ വാങ്ങുന്നതിനായി സമയം ക്രമീകരിച്ചിരുന്നു.

ടോക്കൺ സമ്പ്രദായവും മിക്കയിടത്തും ഏർപ്പെടുത്തി ഒരു മീറ്റർ അകലം പാലിച്ചാണ് മിക്ക കടകളിലും ആളുകൾ വരി നിന്നത്.കാർഡ് നമ്പരിന്റെ അവസാനത്തെ അക്കം നോക്കി റേഷൻ വാങ്ങാനാണ് സർക്കാർ നിർദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ മുതൽ ആളുകൾ എത്തിയത്.

2, 3 - ഇന്ന്, 4, 5 - നാളെ (വെള്ളി), 6, 7 - ശനി, 8, 9 - ഞായർ എന്നിങ്ങനെയാണ് നമ്പരും ദിവസവും. ഇതിനുശേഷവും വാങ്ങാനുള്ളവരുണ്ടെങ്കിൽ അവർക്കും റേഷൻ നൽകും. സൗജന്യറേഷൻവിതരണ നിരക്ക്: ഏഏവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡുകൾക്ക്: നിലവിലുള്ള റേഷൻവിഹിതം തന്നെ, സൗജന്യമായി. സബ്‌സിഡി (നീല), നോൺസബ്‌സിഡി (വെള്ള) എന്നീ പൊതുവിഭാഗം കാർഡുകൾക്ക് 15 കിഗ്രാം അരി വീതം സൗജന്യമായി ലഭിക്കും.

7 അംഗങ്ങളിൽ കൂടുതലുള്ള നീല കാർഡുകളിലെ 7നു മുകളിലുള്ള ഓരോ അംഗത്തിനും 2 കിലോഗ്രാം വീതം അരിയും സൗജന്യമായി ലഭിക്കും. റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യറേഷൻ നൽകും. ഇതിനായി ആധാർനമ്പർ, ഫോൺ നമ്പർ ഇവ ചേർത്ത സത്യവാങ്മൂലം കടയിൽ നൽകണം. അർഹതയില്ലെന്ന് പിന്നീട് കണ്ടെത്തിയാൽ വാങ്ങിയ സാധനങ്ങളുടെ മാർക്കറ്റ് വിലയുടെ ഒന്നരയിരട്ടി പിഴ ഈടാക്കും.

അതിഥി തൊഴിലാളികൾക്ക് ആളൊന്നിന് 5 കിലോഗ്രാം അരിയോ 4 കിലോഗ്രാം. ആട്ടയോ ഏതെങ്കിലും ഒന്ന് സപ്ലൈകൊ എൻഎഫ്എസ്എ ഗോഡൗണിൽനിന്ന് ബന്ധപ്പെട്ട വില്ലേജ് ഓഫിസർമാർ വഴി സൗജന്യമായി വിതരണം ചെയ്യും. സപ്ലൈകൊ തയാറാക്കുന്ന കിറ്റിന് പുറമെയാണ് സൗജന്യറേഷൻ വിതരണം ആരംഭിച്ചത് കിറ്റ് വിതരണവും ഇൗ ആഴ്ച നടക്കും.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാവും കിറ്റിന്റെ വിതരണം നടക്കുക

കാർഡ് ഇല്ലേ, വെള്ളക്കടലാസിൽ അപേക്ഷ നൽകണം: കലക്ടർ

പത്തനംതിട്ട ∙ കോവിഡ് 19 ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ റേഷൻ വിഹിതം ലഭിക്കുന്നതിന് റേഷൻ കാർഡ് ഇല്ലാത്തവർ അപേക്ഷ വെള്ളക്കടലാസിൽ എഴുതിനൽകിയാൽ മതിയെന്ന് ജില്ലാ കലക്ടർ പി.ബി നൂഹ് അറിയിച്ചു. നിലവിൽ ഒരു റേഷൻ കാർഡിൽപോലും പേരില്ലാത്തവരാണ് അപേക്ഷ നൽകേണ്ടത്.

റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ ഇത്തരത്തിൽ അപേക്ഷിക്കേണ്ടതില്ല. റേഷൻ കാർഡിൽ പേരുള്ളവർ പേരില്ല എന്ന പേരിൽ അപേക്ഷിച്ചാൽ ആധാർ കാർഡ് നമ്പർ അടിക്കുമ്പോൾ അത് അറിയാൻ സാധിക്കുകയും അങ്ങനെയുള്ളവർ വാങ്ങിയ സാധനത്തിന് മാർക്കറ്റ് വിലയും പലിശയും അടയ്‌ക്കേണ്ടി വരുമെന്നും കലക്ടർ അറിയിച്ചു.

റേഷൻ; സത്യ പ്രസ്താവ മാതൃക:

............................. നഗരസഭ / പഞ്ചായത്തിലെ വാർഡ് നമ്പർ......... വീട്ട്‌നമ്പർ...........ൽ ഞാൻ കുടുംബ സമേതം താമസിക്കുന്നു. നിലവിൽ എന്റെ പേരിൽ കേരള സംസ്ഥാനത്തോ, പുറത്തോ റേഷൻ കാർഡ് ഇല്ലെന്നുള്ള വിവരം ഇതിനാൽ അറിയിക്കുന്നു. എന്റെ ആധാർ നമ്പർ.................... ആണ്. ആയതിനാൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗണിന്റെ ഭാഗമായി സിവിൽ സപ്ലൈസ് റേഷൻ കട വഴി നൽകുന്ന സൗജന്യ റേഷൻ എന്റെ കുടുംബത്തിനും കൂടി അനുവദിച്ച് തരുവാൻ ഇതിനാൽ അപേക്ഷിക്കുന്നു. വിശ്വസ്തതയോടെ. 

പേര്...............................വിലാസം........പിഒ.................................ഫോൺ നമ്പർ..................

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com