ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയിൽ ഇന്നലെ ഒരാൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായിലെ ദെയ്റയിൽനിന്നു വന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇലന്തൂർ നെല്ലിക്കാല സ്വദേശിയായ 60 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 19ന് ആണ് നാട്ടിലെത്തിയത്. ഇന്നലെയാണ് ജനറൽ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഇദ്ദേഹത്തിന് ഇതുവരെ ശാരീരികമായ അസ്വസ്ഥതകളൊന്നും ഇല്ലായിരുന്നു.

നാട്ടിലെത്തുന്നതിനു മുൻപോ പിന്നീടോ പനിയോ തൊണ്ട വേദനയോ പോലെയുള്ള ലക്ഷണങ്ങളും അനുഭവപ്പെട്ടിട്ടില്ല. കോവിഡ് ഹോട്സ്പോട് ആയ ദെയ്റയിൽനിന്നു വന്നതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ശനിയാഴ്ച കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ എത്തി സ്രവ പരിശോധന നടത്തുകയായിരുന്നു.

∙ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുടെ 9 പ്രാഥമിക സമ്പർക്കങ്ങളും 4 പരോക്ഷ സമ്പർക്കങ്ങളും കണ്ടെത്തി.
∙ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 12 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 4 പേരും ഉൾപ്പെടെ 16 പേർ നിരീക്ഷണത്തിലുണ്ട്. പുതുതായി 3 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ആരെയും ഡിസ്ചാർജ് ചെയ്തില്ല. ഒരാളെ ജനറൽ ആശുപത്രിയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

∙ ഡൽഹി നിസാമുദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത ജില്ലക്കാരായ 20 പേർ നിലവിൽ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവരിൽ 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി റിപ്പോർട്ട് ലഭിച്ചു. 80 പ്രാഥമിക സമ്പർക്കങ്ങളും 258 പരോക്ഷ സമ്പർക്കങ്ങളും  വീടുകളിൽ നിരീക്ഷണത്തിലാണ്. 

∙ വിദേശത്തു നിന്നു തിരിച്ചെത്തിയ 2759 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നു തിരിച്ചെത്തിയ 4583 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നു തിരിച്ചെത്തിയ 31 പേരെക്കൂടി നിരീക്ഷണ കാലം പൂർത്തിയായതിനാൽ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ആകെ 7700 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

∙ ഇന്നലെ 161 സാംപിളുകൾ ഉൾപ്പെടെ 1263 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്നലെ 92 സാംപിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ജില്ലയിൽ ഇതുവരെ അയച്ച സാമ്പിളുകളിൽ 15 എണ്ണം പൊസിറ്റീവായും 897 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചു. 265 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

∙ ജില്ലയുടെ അതിർത്തികളിൽ 145 ടീമുകൾ 4500 യാത്രികരെ സ്‌ക്രീൻ ചെയ്തതിൽ രോഗലക്ഷണങ്ങൾ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. കോൾ സെന്റർ വഴി വിവരം ലഭിച്ചതനുസരിച്ച് ഒരു അതിഥി തൊഴിലാളിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് സ്രവം എടുക്കുകയും ഇയാളെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
∙ 674 അതിഥി തൊഴിലാളികളെ ലേബർ വകുപ്പിന്റെ സഹകരണത്തോടെ സ്‌ക്രീനിങ്ങിനു വിധേയമാക്കി. ഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇയാളെ വീട്ടിൽ നിരീക്ഷണത്തിലാക്കി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com