ADVERTISEMENT

പത്തനംതിട്ട ∙ കൊടുമൺ അങ്ങാടിക്കലിൽ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുട്ടികൾ കനത്ത സുരക്ഷയിൽ എസ്എസ്എൽസി പരീക്ഷ എഴുതി. സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥികളാണ് പ്രതികളായ ഇരുവരും. ചൈൽഡ് ലൈൻ അധികൃതരുടെ നേതൃത്വത്തിലാണ് പ്രതികളെ സ്കൂളിലേക്ക് കൊണ്ടുവന്നത്. പരീക്ഷ തുടങ്ങി 10 മിനിറ്റ് കഴിഞ്ഞതിനു ശേഷമാണ് വിദ്യാർഥികളെ പരീക്ഷാ മുറിയിലേക്ക് കയറ്റിയത്. പരീക്ഷ കഴിയുന്നതിനു മുൻപ് തന്നെ ഇവരെ കൊണ്ടു പോവുകയും ചെയ്തു. മറ്റു കുട്ടികൾ കാണാത്ത രീതിയിലാണ് ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്.

കോവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ എല്ലാ മുൻകരുതലുകളും ഉള്ള പ്രത്യേക മുറിയാണ് സ്കൂൾ അധികൃതർ ഇവർക്കായി പരീക്ഷ എഴുതാൻ ഏർപ്പെടുത്തിയിരുന്നത്. ആളുകൾ കൂട്ടം കൂടാതിരിക്കാൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നു.

കഴിഞ്ഞമാസം 21 ന് ആണ് സുഹൃത്തുക്കൾ ചേർന്ന് സഹപാഠിയായ അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെ മകൻ എസ്. അഖിലിനെ കൊലപ്പെടുത്തിയത്. എസ്എസ്എൽസിയുടെ ആദ്യ ഘട്ട പരീക്ഷ എഴുതിയ ശേഷമായിരുന്നു കൊലപാതകം. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അനുവദിച്ചിരുന്നില്ല. പിന്നീട് പരീക്ഷ എഴുതാനായി വിദ്യാർഥികൾക്ക് പത്തനംതിട്ട ജുവനൈൽ കോടതി ഈ മാസം 18ന് ജാമ്യം അനുവദിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com