ADVERTISEMENT

അടൂർ∙ മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിൽ ഉത്രയെ(25) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പറക്കോട് ശ്രീസൂര്യയിൽ സൂരജിനെയും (27) പാമ്പുകളെ നൽകിയ പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ് ഭവനിൽ ചാവരുകാട് സുരേഷ് കുമാറിനെയും (47) സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലും ഏനാത്തും എത്തിച്ചു തെളിവെടുപ്പു നടത്തി. പാമ്പിനെ കൈമാറിയത് ഏനാത്ത് പഴയ ചന്തമുക്ക് ജംക്‌ഷനിലേക്കുള്ള വഴിയരികിലെ പെട്ടിക്കടയ്ക്കു മുന്നിലായിരുന്നുവെന്ന് സൂരജും സുരേഷും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 24ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു കൈമാറ്റം. ലോക്ഡൗണിൽ ഇവിടെ ആളൊഴിഞ്ഞിരുന്നു. തൊട്ടടുത്തുള്ള കടയിലെ നിരീക്ഷണ ക്യാമറ പ്രവർത്തിച്ചിരുന്നില്ല. സൂരജ് ബൈക്കിലും സുരേഷ് സ്കൂട്ടറിലുമാണ് എത്തിയതെന്നും പറഞ്ഞു. തെളിവെടുപ്പു സമയത്ത് സുരേഷ് കരയുന്നുണ്ടായിരുന്നു.  രാവിലെ 11 മണിയോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെയും കൊണ്ട് പറക്കോട്ടെ വീട്ടിൽ എത്തി. ഈ സമയം വീടിനു മുൻപിലുള്ള റോഡിൽ വൻ ജനക്കൂട്ടമാണുണ്ടായിരുന്നത്.

വീടിനുള്ളിൽ പാമ്പിനെ ആദ്യം കണ്ട കോണിപ്പടിയിലും പിന്നീട് ഉത്രയ്ക്ക് പാമ്പിന്റെ കടിയേറ്റ കിടപ്പു മുറിയിലും പാമ്പിനെ സൂക്ഷിച്ച ടെറസിലും പാമ്പിനെ ഉപേക്ഷിച്ചെന്നു പറയുന്ന പറമ്പിലുമാണു തെളിവെടുപ്പു നടത്തിയത്. അണലിയെ ചാക്കിൽ കെട്ടിക്കൊണ്ടുവന്ന് ടെറസിൽ സൂക്ഷിച്ച ശേഷം രാത്രി ഉത്രയുടെ ദേഹത്തേക്ക് കുടഞ്ഞിടുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തിനോട് സൂരജ് പറഞ്ഞതായാണു സൂചന. ഉത്രയെ കടിച്ച പാമ്പിനെ സൂരജ് തന്നെ പ്ലാസ്റ്റിക് ചാക്കിലാക്കി സമീപത്തുള്ള പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. പക്ഷേ ഈ ചാക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

വീട്ടിലെ തെളിവെടുപ്പ് കഴിഞ്ഞ് സൂരജ് ജോലി ചെയ്തിരുന്ന അടൂരിലെ സ്ഥാപനത്തിന്റെ സമീപത്ത് എത്തിച്ചെങ്കിലും അവിടെ ആളുകൾ കൂടിയതിനാൽ അകത്തേക്ക് കയറ്റിയില്ല. ഉത്രയെ കൊലപ്പെടുത്താൻ ഉറക്ക ഗുളികകൾ വാങ്ങിയ മരുന്നു കടയിലും തെളിവെടുപ്പ് നടത്തി. ഉച്ചയ്ക്ക് ശേഷം സുരേഷിന്റെ ചാത്തന്നൂരിലെ വീട്ടിലും തെളിവെടുത്തു.  ചിറക്കര ഭാഗത്തെ വീടുകളിൽ നിന്നാണ് പാമ്പുകളെ പിടികൂടി സൂരജിന് നൽകിയതെന്നായിരുന്നു സുരേഷിന്റെ മൊഴി. ഈ വീടുകളിൽ സുരേഷിനെ എത്തിച്ചു. 

നിരപരാധിയെന്ന് സൂരജ്

അടൂർ∙ താൻ നിരപരാധിയാണെന്നും ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുറ്റം സമ്മതിപ്പിച്ചതെന്നും സൂരജ് മാധ്യമങ്ങളോടു പറഞ്ഞു. കുഞ്ഞിനെയും അമ്മയെയും അച്ഛനെയും സഹോദരിയെയും ഉപദ്രവിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഉത്രയുടെ വീട്ടിൽ പാമ്പിനെ കൊണ്ടുചെന്നതെന്നു പറയുന്ന കുപ്പി പൊലീസുകാർ തന്നെ അവിടെ കൊണ്ടുവച്ചതാണെന്നും അതിൽ തന്റെ കൈ വിരലുകളുടെ അടയാളം ബലമായി പതിപ്പിച്ചതായും സൂരജ് ആരോപിച്ചു.

മരണകാരണം പാമ്പിൻ വിഷമെന്ന് പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ട്

കൊട്ടാരക്കര∙ ഉത്രയുടെ മരണം പാമ്പിന്റെ കടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പാമ്പിന്റെ വിഷം തലച്ചോറിലും ബാധിച്ചു. പാമ്പിന്റെ രണ്ട് പല്ലുകൾ കൈത്തണ്ടയിൽ പതിഞ്ഞതായും റിപ്പോർട്ടിലുണ്ട്. മൂർഖൻ പാമ്പിന്റെ കടിയാകാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ ത്വക്കിൽ നീല നിറം ഉണ്ടാകില്ല. ചെറിയ മുറിവാകും ഉള്ളത്. സമാനമാണ് ഉത്രയുടെ മുറിവും. കൂടുതൽ രാസ പരിശോധനയ്ക്കായി ആന്തരിക ശരീര ഭാഗങ്ങൾ അയച്ചിട്ടുണ്ട്. പത്ത് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നാണ് സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com