ADVERTISEMENT

കോന്നി ∙ ഇടവേളയ്ക്കു ശേഷം കല്ലേലി മേഖലയിൽ വീണ്ടും വെട്ടുക്കിളിയുടെ ആക്രമണം. വന്യജീവികളുടെ ശല്യത്തിനു പിന്നാലെ കോവിഡ് കാലത്ത് കർഷകരുടെ ഉറക്കം കെടുത്താൻ വെട്ടുക്കിളികളും പറന്നിറങ്ങുകയായി. കല്ലേലി അക്കരക്കാലാപ്പടി ചിറത്തിട്ടമുരുപ്പ് ഭാഗത്ത് അടവിക്കുഴി സാമുവൽ കുട്ടിയെന്ന കർഷകൻ പാട്ടത്തിനു കൃഷി ചെയ്യുന്ന വാഴത്തോട്ടത്തിലാണ് വൻതോതിൽ വെട്ടുക്കിളികൾ എത്തിയത്. ഒരേക്കറിൽ റബറിന് ഇടവിളയായാണ് 500 വാഴകൾ കൃഷി ചെയ്തത്. ഇതിൽ 250 എണ്ണത്തിന്റെയും ഇലകളിൽ ഇവയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

പഞ്ചായത്തംഗം മാത്യു വർഗീസ് സ്ഥലത്തെത്തി കൃഷി വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. സ്ഥലം സന്ദർശിച്ചശേഷം ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് കൃഷി ഓഫിസർ ആർ. റിയാസ് അറിയിച്ചു. 2005 കാലഘട്ടത്തിലാണ് കോന്നി മേഖലയിൽ ഇവയുടെ ശല്യം ഉണ്ടാകുന്നത്. റബർ തോട്ടങ്ങളിലേക്ക് കൂട്ടമായി പറന്ന് എത്തി തളിരിലകൾ വ്യാപകമായി തിന്നു നശിപ്പിക്കുകയാണ് ചെയ്തിരുന്നത്. വനമേഖലയിലെ തേക്കുതോട്ടങ്ങളിലും ഇതിന്റെ ശല്യമുണ്ടായി.

കൃഷിവകുപ്പിലെ വിദഗ്ധരടക്കം പരിശോധന നടത്തുകയും ചെയ്തിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ പല പ്രദേശങ്ങളിലും വെട്ടുക്കിളികളെ കണ്ടു തുടങ്ങി. വേനൽ കഴിഞ്ഞ് മഴ പെയ്യാൻ തുടങ്ങുന്നതോടെയാണ് ഇവയും പ്രത്യക്ഷപ്പെടുന്നത്. കല്ലേലിയിൽ വനംവകുപ്പിന്റെ തേക്കുതോട്ടത്തിൽ എല്ലാവർഷവും ജൂൺ, ജൂലൈ മാസങ്ങളിലാണ് വെട്ടുക്കിളികളെ കാണാറുള്ളത്. ഏതാനും വർഷം മുൻപ് ഇവിടെ നിന്ന് പരിസരങ്ങളിലെ കൃഷിയിടങ്ങളിലേക്കും എത്തിത്തുടങ്ങി. വാഴക്കൃഷിയെയാണ് ഏറെ ബാധിച്ചിട്ടുള്ളത്.

വളർച്ചെയെത്തിയ വാഴകളുടെ ഇലകൾ നിമിഷങ്ങൾക്കകം കരണ്ട് തിന്നു നശിപ്പിക്കും. ഒരുസമയത്തു തന്നെ നൂറു കണക്കിന് വെട്ടുക്കിളികൾ പറന്നെത്തി കാർഷിക വിളകളുടെ ഇലകൾ തിന്നു നശിപ്പിച്ചു മടങ്ങും. കൃഷിവകുപ്പ് അധികൃതർ പരിശോധന നടത്തി ജൈവ കീടനാശിനി തളിക്കാനും പ്രതിരോധ മരുന്നുകൾ നിർദേശിക്കുകയും ചെയ്യുമായിരുന്നു. അരുവാപ്പുലം, കോന്നി, പ്രമാടം, കലഞ്ഞൂർ പഞ്ചായത്തുകളിലെ കൃഷിത്തോട്ടങ്ങളിലും ഇതിന്റെ ശല്യം വ്യാപിച്ചിരുന്നു. എന്നാൽ, 3 വർഷത്തോളമായി കാര്യമായ പ്രശ്നം ഉണ്ടായിരുന്നില്ല. ഇത്തവണ കാലവർഷം ആരംഭിക്കുന്നതിനു മുൻപുതന്നെ വെട്ടുക്കിളികൾ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com