ADVERTISEMENT

തിരുവല്ല∙ സമ്പൂർണ സാക്ഷരത, സമ്പൂർണ വൈദ്യുതീകരണം. ഇതിനു തുടർച്ചയായി സമ്പൂർണ ഓൺലൈൻ പഠന സംവിധാനമുള്ള ജില്ലയായി മാറാൻ പത്തനംതിട്ടയ്ക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. ജില്ലയിൽ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലുള്ള കണക്കെടുപ്പ് ഇക്കാര്യത്തിൽ നടന്നുവരികയാണ്. ആദ്യഘട്ടത്തിൽ, ഓൺലൈൻ പഠനസൗകര്യമില്ലാത്ത 4819 കുട്ടികളുണ്ടെന്നായിരുന്നു വിവരം. ഇതിൽ ജില്ലയ്ക്കു പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്നവരും മറ്റു ജില്ലകളിൽ താമസിക്കുന്നവരും ഉൾപ്പെട്ടു. അതോടൊപ്പം ഒട്ടേറെ കുട്ടികൾക്ക് വിവിധ രീതിയിൽ പഠന സൗകര്യം ലഭ്യമാകുകയും ചെയ്തു. 

എസ്എസ്കെയുടെ കണക്കു പ്രകാരം 1825 കുട്ടികൾക്കാണ് ഓൺലൈൻ പഠന സംവിധാനമില്ലാത്തത്. ഇതു പരിഹരിക്കാൻ കഴിഞ്ഞാൽ ജില്ലയ്ക്കിതു ചരിത്ര നേട്ടമാകും. (എസ്എസ്കെ ജില്ലാ കോഓർഡിനേറ്റർ കെ.വി.അനിൽ വെള്ളിയാഴ്ച നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ നൽകിയ കണക്ക് 1687 കുട്ടികളെന്നാണ്. എന്നാൽ, കൂടുതൽ വിദ്യാർഥികൾ പട്ടികയിൽ‌ വരുമെന്ന് വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ യോഗത്തിൽ അറിയിച്ചു.) ടിവിയിലൂടെ വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ സംപ്രക്ഷണം ചെയ്യാൻ തുടങ്ങിയതോടെ ഇതു കാണാൻ സംവിധാനമില്ലാത്ത കുട്ടികൾക്ക് സഹായങ്ങൾ ലഭിക്കുന്നുണ്ട്.

വായനശാലകളും സ്കൂൾ പിടിഎകളും സംഘടനകളും വ്യക്തികളും ഇക്കാര്യത്തിൽ മികച്ച സഹായം ചെയ്യുന്നുണ്ട്. 10,000 രൂപയിൽ താഴെ നൽകിയാൽ സ്മാർട് ടിവി വിപണിയിൽ ലഭിക്കും. പെൻഡ്രൈവ് കുത്താൻ സംവിധാനമുള്ള ടിവിയാണിത്. ഇതു മുഖേന പഠനവും കുട്ടികൾക്കു സാധിക്കും. പാഠഭാഗങ്ങൾ പെൻഡ്രൈവിലാക്കി വീണ്ടും കാണാനും കഴിയും. ഡിസംബറിൽ സംസ്ഥാനത്ത് കെ-ഫോൺ സംവിധാനം വരുന്നതോടെ ടിവിയിലേക്ക് നെറ്റ് കണക്‌ഷൻ എടുക്കാനും കഴിയും. 

ശബരിമല വനത്തിനോട് ചേർന്നുകിടക്കുന്ന പെരുനാട് പഞ്ചായത്ത് 9-ാം വാർഡിലെ ളാഹ 16-ാം നമ്പർ അങ്കണവാടിയിൽ പഞ്ചായത്തംഗം രാജൻ വെട്ടിക്കലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ടിവിയും കേബിൾ കണക്‌ഷനും സ്ഥാപിച്ചു.  യൂത്ത് കോൺഗ്രസ് പെരുനാട് മണ്ഡലം കമ്മിറ്റിയാണ് ഇതു വാങ്ങി നൽകിയത്. അങ്കണവാടിയിൽ 15 കുട്ടികളാണുള്ളത്. വനത്തിലും കോളനിയിലുമായി താമസിക്കുന്ന 45 കുട്ടികൾ അങ്കണവാടിയിൽ സ്ഥാപിച്ച ടിവിയിലൂടെ ഓൺലൈൻ പഠനം നടത്തുന്നു. 

ചെങ്ങറ സമരഭൂമിയിലെ ഇരുനൂറോളം കുട്ടികളാണ് കോന്നി സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്നത്. ഇവിടെയുള്ള വീടുകളിലൊന്നും വൈദ്യുതി സംവിധാനമില്ല. കോന്നി റിപ്പബ്ലിക്കൻ സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, പിടിഎ എന്നിവരുടെ നേതൃത്വത്തിൽ സമരഭൂമിയിൽ സോളർ സംവിധാനവും ടിവിയും സ്ഥാപിച്ചു. സമരഭൂമിയുടെ പ്രവേശനകവാടത്തിൽ നിന്നു മൂന്നര കിലോമീറ്റർ അകലെയുള്ള പണിതീരാത്ത വായനശാല കെട്ടിടമാണ് ഇതിനായി കണ്ടെത്തിയത്. വിദ്യാർഥികൾക്ക് ഇരിക്കാൻ 6 ബെഞ്ചുകളും ക്രമീകരിച്ചിട്ടുണ്ട്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com