ADVERTISEMENT

പത്തനംതിട്ട ∙ അയിരൂർ ചെറുകേ‍‍ാൽപ്പുഴ ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമി ചിദ്ഭവാനന്ദ സരസ്വതി (81) പാലക്കാട് ഒലവക്കേ‍ാട് ശിവാനന്ദാശ്രമത്തിൽ സമാധിയായി. അയിരൂർ– ചെറുകേ‍ാൽപ്പുഴ ഹിന്ദുമത സമ്മേളനത്തിലെ നിറസാന്നിധ്യമായിരുന്നു സ്വാമി. ദേഹം അകത്തേത്തറ ചീക്കുഴി ജ്ഞാനാനന്ദകുടീരം ശ്മശാനത്തിൽ അഗ്നിസമാധിയിരുത്തി.

ശിവാനന്ദാശ്രമത്തിലെ സ്വാമി സ്വരൂപാനന്ദ സരസ്വതി, നല്ലേപ്പുള്ളി നാരായണശ്രമത്തിലെ സ്വാമി സദ്മയാനന്ദ, സ്വാമി പ്രഭാകരാനന്ദ എന്നിവർ കർമങ്ങൾക്ക് നേതൃത്വം നൽകി. അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ആത്മീയാചാര്യനാണ് ഇന്നലെ സമാധിയായ സ്വാമി ചിദ്ഭവാനന്ദ സരസ്വതി.

കഴിഞ്ഞ 19 വർഷമായി അയിരൂർ ജ്ഞാനാനന്ദാശ്രമം മഠാധിപതിയായിരുന്നു. സനാതന ധർമത്തിന് കാവലായി പ്രഭ ചൊരിഞ്ഞു നിന്ന ഹൈന്ദവധർമ പ്രചാരകന്റെ സ്മരണ അയിരൂരിലെ മണ്ണിൽ എക്കാലവും ജീവിക്കും. ബെംഗളൂരു ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിലെ ജോലി ഉപേക്ഷിച്ച് പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി ജ്ഞാനാനന്ദ സരസ്വതിയിൽ നിന്ന് മന്ത്രദീക്ഷയും  ഇപ്പോഴത്തെ ആശ്രമം പ്രസിഡന്റ് നിത്യാനന്ദ സരസ്വതിയിൽ നിന്ന് സന്യാസവും സ്വീകരിക്കുകയായിരുന്നു.

കഴിഞ്ഞ 2 ദശാബ്ദക്കാലമായി അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിൽ സഹസ്രനാമാർച്ചനയ്ക്ക് പുറമേ മതപാഠശാല സമ്മേളനങ്ങൾക്കും ഗീതാ പഠനത്തിനും നേതൃത്വം നൽകിയത് ചിദ്ഭവാനന്ദ സരസ്വതി ആണ്. ജ്ഞാനാനന്ദാശ്രമത്തിൽ തുടർച്ചയായി 262 അഖണ്ഡനാമ ജപങ്ങളും കൂടാതെ ഭാഗവത മൂലം സപ്താഹയജ്ഞങ്ങളും പഠന ക്ലാസുകളും സ്വാമിയുടെ ചുമതലയിൽ നടന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന അഷ്ടശതോത്തര പരിഷത്തിലെ യതീപൂജയിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. സമാധിയിൽ അയിരൂർ– ചെറുകോൽപ്പുഴ ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ, സെക്രട്ടറി എ.ആർ.വിക്രമൻപിള്ള എന്നിവർ അനുശോചിച്ചു. അയിരൂരിലെ ജ്ഞാനാനന്ദാശ്രമത്തിൽ പുഷ്പാർച്ചനയും നാമജപവും നടന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com