ADVERTISEMENT

തിരുവല്ല ∙ ബൈപാസിന്റെ അവസാനഘട്ട ജോലികളുടെ തുടക്കം കുറിച്ച് രാമൻചിറ വയഡക്ടിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി. 220 മീറ്റർ നീളമുള്ള വയഡ്ക്ടിനു 36 ഗർഡറുകളാണ് വേണ്ടത്. ഇതിൽ 18 എണ്ണം തയാറായി. താഴെ വച്ച് കോൺക്രീറ്റ് ചെയ്ത് ക്രെയിൻ ഉപയോഗിച്ചു തൂണുകൾക്കു മുകളിൽ എടുത്തുവയ്ക്കുന്ന രീതിയിലാണ് നിർമാണം. 

ഇന്നു വൈകിട്ടോടെ 12 എണ്ണം സ്ഥാപിക്കും. മല്ലപ്പള്ളി റോഡിൽ നിന്നു രാമൻചിറ വരെയാണ് വയഡക്ടിന്റെ നിർമാണം. 10 തൂണുകൾ നിർമിച്ച് അതിലാണ് 9 സ്പാനുകൾ വരുന്നത്. ഒരു സ്പാനിൽ നാലു ഗർഡർ വീതമാണ് ഉള്ളത്. നാലെണ്ണം ചേരുമ്പോൾ 12 മീറ്റർ വീതിയുണ്ടാകും. ഒരു ഗർഡറിന് 24  മീറ്ററാണ് നീളം.  ഇപ്പോൾ നിർമിച്ചിരിക്കുന്ന 18 ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞ ശേഷമാണ് അടുത്തവയുടെ നിർമാണം തുടങ്ങുക. അടുത്ത  മാസം അവസാനത്തോടെ തുടങ്ങും.

ഒരു മാസം കഴിഞ്ഞ് ഉറപ്പിക്കും. ഒക്ടോബർ അവസാനത്തോടെ ഇതു ചെയ്യാൻ കഴിയുമെന്നു കരാറുകാർ അറിയിച്ചു. ഡിസംബർ അവസാനം ബൈപാസിന്റെ നിർമാണം പൂർത്തിയാക്കാൻ  കഴിയുമെന്നാണ് പ്രതീക്ഷ. ഗർഡറുകൾ സ്ഥാപിക്കേണ്ട തൂണുകളുടെ നിർമാണവും പൂർത്തിയാകാനുണ്ട്. ഏഴെണ്ണം പൂർത്തിയായി. ഒരെണ്ണത്തിന്റെ കോൺക്രീറ്റിങ് നാളെ നടക്കും. അടുത്തത് അടുത്തയാഴ്ച അവസാനത്തോടെയും അവസാനത്തെ തൂൺ ഈ മാസാവസാനവും കോൺക്രീറ്റ് ചെയ്യും. 

300 ടൺ, 90 ടൺ ശേഷിയുള്ള രണ്ട് ക്രെയിൻ ഉപയോഗിച്ചാണ് ഇന്നലെ ഗർഡർ തൂണിനു മുകളിൽ ഉറപ്പിച്ചത്. കഴിഞ്ഞ മാസം അവസാനം പൂർത്തിയാകുമെന്നു തീരുമാനിച്ച ജോലികളാണ് ലോക്ഡൗൺ കാരണം ആറു മാസം കൂടി നീണ്ടുപോയത്. ബൈപാസ് തുടങ്ങുന്ന മഴുവങ്ങാട്  മുതൽ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗത്തെ നിർമാണം പൂർത്തിയായി  വാഹന ഗതാഗതം നടക്കുന്നുണ്ട്.

സിഗ്നൽ സ്ഥാപിക്കുന്ന ജോലികൾ  മാത്രമാണ് ബാക്കിയുള്ളത്. മാത്യു ടി.തോമസ് എംഎൽഎ, നഗരസഭാധ്യക്ഷൻ ആർ.ജയകുമാർ, കരാറുകാരായ ഇകെകെ ഇൻഫ്രാസ്ട്രക്ചർ കമ്പനി പ്രോജക്ട് മാനേജർ ജോസഫ് അജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. 

മലയാളി തൊഴിലാളികൾ മാത്രം

ബൈപാസ് നിർമാണത്തിന് ഇപ്പോൾ മലയാളി തൊഴിലാളികൾ മാത്രം. ലോക്ഡൗണിനു മുൻപ് 10 തദ്ദേശീയരും 40 അതിഥിത്തൊഴിലാളികളുമായിരുന്നു ഉണ്ടായിരുന്നത്. കോവിഡ് വന്നതോടെ ഇവർ മടങ്ങി. ഇപ്പോൾ നാട്ടുകാരായ 35 തൊഴിലാളികൾ മാത്രമാണ് ജോലിക്കുള്ളത്. തൊഴിലാളികളുടെ കുറവ് നിർമാണത്തിനു കാലതാമസം വരുത്തുന്നുണ്ടെന്നു  കരാറുകാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com