ADVERTISEMENT

തിരുവല്ല ∙ ‘ചരിത്രം സൃഷ്ടിച്ച’ രക്ഷപ്പെടലിന്റെ അദ്ഭുതം നിറഞ്ഞ ആശ്വാസത്തിൽ മണിമല സ്വദേശിനി ഓമന(68) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.  ആറ്റിലൂടെ  കിലോമീറ്ററുകളോളം ഒഴുകി മണിക്കൂറുകൾ പിന്നിട്ട് തിരുവല്ലയിൽ രക്ഷാതീരമണിഞ്ഞ ഓമന സുരേന്ദ്രന് കണ്ണിനു നേരിയ പരുക്കും ഓർമയ്ക്ക് അൽപം മങ്ങലുമേ ഇപ്പോൾ ബുദ്ധിമുട്ടുള്ളൂ.  അതേസമയം, 10 പഞ്ചായത്തും ഒരു നഗരസഭയും കടന്ന് 50 കിലോമീറ്ററോളം എങ്ങനെ ഇൗ അമ്മ ഒഴുകിയെത്തിയത് അവിശ്വസനീയമായി തുടരുന്നു. 

കോട്ടയം ജില്ലയിലെ മണിമല പഞ്ചായത്ത് 15–ാം വാർഡിലെ തൊട്ടിയിൽ വീട്ടിൽ മകൻ രാജേഷിനും കുടുംബത്തോടും ഒപ്പമാണ് ഓമന താമസിക്കുന്നത്. അലക്കുകല്ല് നീക്കാൻ ശ്രമിക്കുന്നതിനിടയിൽ വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെട്ടതാകാമെന്നു മകൻ പറഞ്ഞു. രാവിലെ ആറരയോടെ ഉണർന്നപ്പോൾ അമ്മയെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസിലും പരാതി നൽകി. വളർന്നത് കടവിന് സമീപമായതിനാൽ ബാല്യം മുതലേ നീന്തൽ അറിയാവുന്ന ആളാണ് ഓമനയെന്നു ബന്ധുക്കളും പറഞ്ഞു. 

കാലവർഷം ശക്തി പ്രാപിച്ച് 20 അടിയോളം വെള്ള ഉയർന്ന ദിവസമാണ് സംഭവം. അപകടകരമാം വിധം ഒഴുകുന്ന മണിമലയാറ്റിലൂടെ  മണിക്കൂറോളം ഒഴുകിയ ഓമന അറിഞ്ഞോ അറിയാതെയും നീന്തിയത് മണിമലയാറിന്റെ പകുതി ദൂരമാണ്.  പെരുവന്താനത്തുനിന്നു ഉത്ഭവിക്കുന്ന നദി പമ്പയുടെ കൈവഴിയുമായി പുളിക്കീഴിൽ സംഗമിക്കുമ്പോൾ 96 കിലോമീറ്റർ പിന്നിടുന്നു. ഓമന ഒഴുകിയത് 50 കിലോ മീറ്ററോളവും. പാറക്കെട്ടുകളും ചുഴികളും നിറഞ്ഞ നദിയിലൂടെ എങ്ങനെ ഒഴുകി എത്തിയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. രണ്ട് ആനകൾ മുങ്ങിത്താഴ്ന്നിട്ടുള്ള നദിയാണിത്. 

കോട്ടയം ജില്ലയിലെ മണിമല, വെള്ളാവൂർ, പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ, ആനിക്കാട്, മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ, ഇരവിപേരൂർ, കവിയൂർ, കുറ്റൂർ  എന്നീ പഞ്ചായത്തുകളും തിരുവല്ല നഗരസഭയും കടന്നാണ് രക്ഷാ പ്രവർത്തകരുടെ കൈകളിൽ ഇവർ എത്തുന്നത്. കുറ്റൂർ റെയിൽവേ മേൽപാലത്തിനു സമീപം വച്ചാണ് ഇവർ ഒഴുകി വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

ദുരൂഹത നീങ്ങിയില്ല; പക്ഷേ അതിശയം

തിരുവല്ല∙ ഓമനയെ കാണാനില്ലെന്ന പരാതിയുമായി മകൻ പൊലീസ് സ്റ്റേഷനിലെത്തിയത് വ്യാഴാഴ്ച രാവിലെ 9.30 നാണെന്ന് മണിമല പൊലീസ് അറിയിച്ചു. എഫ്ഐആർ ഇട്ടിട്ടുണ്ട്. നീന്തൽ അറിയാവുന്ന സ്ത്രീയാണെന്നാണ് പ്രാഥമിക വിവരം. മണിമലയാറിന്റെ ചില ഭാഗങ്ങളിൽ പോയി ഒഴുക്കിന്റെ നില പരിശോധിക്കുകയുണ്ടായി. ഇതൊക്കെ കടന്ന് ഇവർ എങ്ങനെ എത്തി എന്നത് അദ്ഭുതകരമാണ്. എന്നാൽ ദുരൂഹത നീങ്ങിയിട്ടില്ല. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആകുന്ന മുറക്ക് മജിസ്ട്രേട്ടിന്റെ മുൻപിൽ ഹാജരാക്കും.

"കുത്തൊഴുക്കിൽ നീന്തി രക്ഷപ്പെടുക എന്നുള്ളത് സാധാരണ രീതിയിൽ പ്രയാസകരമാണ്. പ്രത്യേകിച്ച് 50 ഓളം കിലോമീറ്റർ. തണുപ്പിൽ ശരീരം വിറങ്ങലിക്കാൻ സാധ്യത ഏറെ. കൈകാലുകൾ അനക്കാൻ തന്നെ ബുദ്ധിമുട്ട് ഉണ്ടായേക്കാം. മണിമലയാറ്റിൽ പ്രത്യേകിച്ച് പാറക്കൂട്ടങ്ങളും ചുഴികളും ഉള്ളതിനാൽ എന്തും സംഭവിക്കാം. മുളം ചില്ലകളിലും തടിക്കഷണങ്ങളും പിടിച്ച് കിടന്ന് രക്ഷപ്പെടാനുള്ള നേരിയ സാധ്യത ഉണ്ട്." - ഒളിംപ്യൻ വിൽസൺ ചെറിയാൻ മുൻ ദേശീയ നീന്തൽ ചാംപ്യൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com