ADVERTISEMENT

സീതത്തോട് ∙ കുടപ്പനക്കുളത്ത് വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച പി.പി.മത്തായിയുടെ കുടുംബത്തിനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട്  ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ ജില്ലാ കോൺഗ്രസ് നടത്തുന്ന റിലേ സത്യഗ്രഹത്തിനിടെ പൊലീസ് ലാത്തിച്ചാർജ്. ഇന്നലെ 2 മണിയോടെയാണ് സംഭവം. മത്തായിയുടെ ഭാര്യ  ഷീബ, മക്കളായ സോന, ഡോണ, മാതാവ് ഏലിയാമ്മ, സഹോദരൻ വിൽസൺ എന്നിവർ ഇന്നലെ ഉച്ചയ്ക്കു സമരപ്പന്തലിൽ എത്തിയിരുന്നു. ഇവർ മടങ്ങാൻ തുടങ്ങുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ്, കെഎസ‍്‍യു പ്രവർത്തകർ അഭിവാദ്യം അർപ്പിച്ച്  മുദ്രാവാക്യം ഉയർത്തി. 

pathanamthitta-mathai-family
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പടിക്കലെ സമരപ്പന്തലിലെത്തി പി.പി.മത്തായിയുടെ ഭാര്യ ഷീബ, മക്കളായ സോന, ഡോണ, മാതാവ് ഏലിയാമ്മ, സഹോദരൻ വിൽസൺ എന്നിവർ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, പി.മോഹൻരാജ് എന്നിവരോടു സംസാരിക്കുന്നു.

തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തേക്കു നീങ്ങി പൊലീസിനെതിരെ മുദ്രാവാക്യം ഉയർത്തി. പ്രവർത്തകരിൽ ചിലർ സ്റ്റേഷൻ ഗേറ്റ് പിടിച്ച് ഉലയ്ക്കാനും ശ്രമിച്ചു. ഉള്ളിലേക്കു കടക്കാനുള്ള പ്രവർത്തകരുടെ ശ്രമത്തിനിടെ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർക്കറ്റ് ചുറ്റി  പ്രകടനമായി വീണ്ടും സ്റ്റേഷൻ കവാടത്തിൽ എത്തിയപ്പോഴും സംഘർഷമുണ്ടായി.

ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, കെപിസിസി ജനറൽ സെക്രട്ടറി ജി.രതികുമാർ, പി.മോഹൻരാജ് തുടങ്ങിയ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു.  ചിറ്റാർ പൊലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻപിള്ളയുടെ നേതൃത്വത്തിൽ  വൻ പൊലീസ് സന്നാഹം സ്ഥലത്ത് രാവിലെ തന്നെ നിലയുറപ്പിച്ചിരുന്നു.പൊലീസ് അകാരണമായി നടത്തിയ  ലാത്തിച്ചാർജിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com