ADVERTISEMENT

പന്തളം ∙ മിട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥാകാരിയെ  സ്ക്രീനിൽ കണ്ടപ്പോൾ, അക്ഷരാർത്ഥത്തിൽ അവർ ക്ലാസ് മുറിയിലെ ചുറുചുറുക്കുള്ള വിദ്യാർഥികളായി. രക്ഷിതാക്കളുടെ മടിയിലിരുന്നു ചിലർ കയ്യടിച്ചപ്പോൾ, മറ്റു ചിലർക്ക് മിട്ടുപ്പൂച്ചയെ വിളിക്കണം. ഓൺലൈൻ ക്ലാസിലൂടെ ശ്രദ്ധേയയായി മാറിയ അധ്യാപിക സായി ശ്വേത, കുരുന്നുകളുടെ ഓരോ കുസൃതിച്ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞത് പൂഴിക്കാട് ഗവ. യുപി സ്കൂളിലെ ആദ്യ പിടിഎ യോഗം കളിചിരിയുടെ ഓൺലൈൻ വേദിയാക്കി മാറ്റി. 

സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് പുതുതായി ചേർന്ന 106 കുട്ടികളിൽ 91 പേരും അവരുടെ രക്ഷിതാക്കളുമാണ് യോഗത്തിൽ പങ്കെടുത്തത്. ആവേശത്തോടെയാണ് പ്രിയപ്പെട്ട അധ്യാപികയെ കുട്ടികൾ വരവേറ്റത്. പഠിച്ച പാഠങ്ങളും വരച്ച ചിത്രങ്ങളുമൊക്കെ സ്ക്രീനിൽ കാട്ടിക്കൊടുക്കാനും ചിലർ സമയം കണ്ടെത്തി. ഓൺലൈൻ ക്ലാസുകൾ ശ്രദ്ധയോടെ കാണണമെന്നും പഠനത്തിൽ അമ്മമാർ  അവർക്കൊപ്പമുണ്ടാകണമെന്നും സായി ശ്വേത പറഞ്ഞു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ പി.കെ.ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് എസ്.വള്ളിക്കോട്, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫിസർ എ.എൽ.സുധർമ, പ്രഥമാധ്യാപിക ബി.വിജയലക്ഷ്മി, മുൻ പ്രഥമാധ്യാപകൻ ടി.ജി.ഗോപിനാഥപിള്ള, പിടിഎ പ്രസിഡന്റ് രമേശ് നാരായണൻ  തുടങ്ങിയവർ പങ്കെടുത്തു.  വിദ്യാഭ്യാസ ‍ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്വതന്ത്രമായി ആശയവിനിമയം നടത്താനായത്  മാതൃകയാക്കുമെന്ന് രാജേഷ് എസ്.വള്ളിക്കോട് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com