ADVERTISEMENT

തിരുവല്ല ∙ വെള്ളമിറങ്ങാതെ അപ്പർ കുട്ടനാട്. ഒപ്പം ജലക്ഷാമവും. പ്രദേശത്തെ കിണറുകൾ മുഴുവൻ വെള്ളത്തിൽ മുങ്ങുകയും പൈപ്പുകൾ വെള്ളത്തിനടിയിലാവുകയും  ചെയ്തതോടെയാണ് ശുദ്ധജലക്ഷാമത്തിന്റെ പിടിയിലായത്. നിരണത്തെ ക്യാംപുകളിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കുപ്പിവെള്ളം വിതരണം ചെയ്തു. ഇന്നലെ ജലനിരപ്പ് രണ്ടടിയോളം താഴ്ന്നെങ്കിലും അപ്പർ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം ഇറങ്ങിപ്പോകാൻ വഴിയില്ലാത്തതാണ്പ്രശ്നം. ഇതോടെ കൂടുതൽ ക്യാംപുകൾ തുറക്കേണ്ടിവന്നു. ഇന്നലെ വൈകിട്ട് 85 ക്യാംപുകളിലായി 1123 കുടുംബങ്ങളിലെ 3699 അംഗങ്ങളെത്തിയിട്ടുണ്ട്.

പല ക്യാംപുകളിലും വീട്ടുകാർ എത്തി റേഷൻകാർഡ് നമ്പരും പേരും നൽകി തിരികെ  പോകുന്നതായി പരാതിയുണ്ട്. പിന്നീട് സർക്കാരിൽ നിന്ന് എന്തെങ്കിലും സഹായം അനുവദിച്ചാൽ ലഭിക്കാൻ വേണ്ടിയാണിതെന്ന് ആക്ഷേപമുണ്ട്. എന്നാൽ വില്ലേജ് ഓഫിസർമാരും ക്യാംപ് ഓഫിസർമാരും അംഗീകരിച്ച പട്ടികയിലുള്ളവരെ മാത്രമേ ക്യാംപിലുള്ളവരായി കണക്കാക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. 

ക്യാംപിലേക്ക് ആവശ്യമുള്ള സാധനങ്ങൾ കിട്ടാനുള്ള ബുദ്ധിമുട്ടും നിലവിലുണ്ടെന്ന് അധികൃതർ പറഞ്ഞു. വില്ലേജ് ഓഫിസർമാരാണ് പലവ്യജ്ഞനവും പച്ചക്കറിയും വാങ്ങി നൽകേണ്ടത്. സപ്ലൈകോ സ്റ്റോറുകളിൽ പല സാധനങ്ങളും തീർന്നതായാണ് വിവരം.  ജില്ലാ സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ട് സാധനങ്ങൾ എത്തിക്കുന്നതിനു നിർദേശം നൽകിയതായി തിരുവല്ല തഹസിൽദാർ മിനി കെ.തോമസ് പറഞ്ഞു. 

പച്ചക്കറി ഹോർട്ടികോർപിന്റെ സ്റ്റാളുകളിൽ നിന്നാണ് വാങ്ങേണ്ടത്. മഴയും ലോക്ഡൗണും കാരണം ഇതിനും ക്ഷാമമുണ്ട്. പുറത്തെ വിപണിയിൽ നിന്നു വാങ്ങി നൽകാൻ അനുവാദമില്ല. കിട്ടുന്ന സാധനങ്ങൾ ക്യാംപുകളിൽ എത്തിക്കുന്നതും ബുദ്ധിമുട്ടുണ്ട്. നിരണത്തും പെരിങ്ങരയിലും 5 - 6 കിലോമീറ്ററുകൾ വെള്ളത്തിൽ കൂടി യാത്ര ചെയ്താലേ ക്യാംപുകളിലെത്താനാകൂ. 

വെള്ളപ്പൊക്കത്തിൽ കൃഷിനാശം

തിരുവല്ല ∙ വെള്ളപ്പൊക്കത്തിൽ കൃഷിനാശം. ഓണത്തിനു വിളവെടുക്കാൻ പാകമായിരുന്ന വാഴ, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ എന്നിവയാണ് വെള്ളം കയറി നഷ്ടപ്പെട്ടത്. കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ എന്നിവിടങ്ങളിലായി നൂറോളം ഏക്കറിലെ കൃഷിയാണ് വെള്ളത്തിലായത്. മണിമലയാറ് കരകവിഞ്ഞതോടെയാണ് നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ പ്രദേശത്തെ കൃഷി പൂർണമായും വെള്ളത്തിലായത്.

ഒട്ടത്തിൽ  ജിതിന്റെ വിളവെടുക്കാൻ പാകമായ ആയിരത്തോളം ഏത്തവാഴകൾ മുഴുവൻ നാലു ദിവസമായി വെള്ളത്തിൽ മുങ്ങിനിൽക്കുകയാണ്. നിരണം പഞ്ചായത്തിൽ ഒരാഴ്ച മുൻപ് അടിച്ച കാറ്റിൽ കുറെയധികം വാഴകൾ ഒടിഞ്ഞുവീണിരുന്നു. അ‍ഞ്ച് ഏക്കറിലെ വാഴകൾ വെള്ളത്തിലാണ്. കൃഷിഭവനിൽ ഒരു മീറ്ററിലധികം വെള്ളം കയറിക്കിടക്കുകയാണ്. 

മണിമലയാറിലെ ജലനിരപ്പ് താഴുന്നു

തിരുവല്ല ∙ ജലനിരപ്പ് താഴ്ന്നു. മണിമലയാറിന്റെ തീരങ്ങളിലെ ആശങ്ക ഒഴിയുന്നു. കഴിഞ്ഞ 2 ദിവസവും 8 മീറ്ററിൽ അധിക ജലനിരപ്പ് ഉണ്ടായിരുന്നത് ഇന്നലെ വൈകിട്ടോടെ 6.89 ആയി കുറ‍ഞ്ഞു. ശക്തമായ മഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ജലപ്രവാഹം റെക്കോർഡിൽ എത്തിയിരുന്നു. ശനിയാഴ്ച 11ന് കല്ലൂപ്പാറയിലെ പ്രളയമാപിനിയിൽ 8.79 മീറ്റർ രേഖപ്പെടുത്തി. പിന്നീട് അൽപം താഴ്ന്നിരുന്നുവെങ്കിലും ഞായർ രാത്രി എട്ടരയോടെ 8.03 മീറ്ററായി. ഇതോടെ തീരങ്ങളിലുള്ളവർ ആശങ്കയിലായി. ഇന്നലെ പുലർച്ചെയോടെ ജലനിരപ്പ് നന്നായി താഴുകയായിരുന്നു.

ശനിയാഴ്ച ഉണ്ടായിരുന്നതിനെക്കാൾ 2 മീറ്ററോളം വെള്ളം കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് 6 മീറ്ററിലധികം ആയതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ജില്ലയിൽ ഇന്നും നാളെയും ഗ്രീൻ അലർട്ടാണ്. ഇതിനാൽ നദിയിൽ ഇനിയും വെള്ളം താഴുമെന്നു പ്രതീക്ഷിക്കുന്നു.

മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങൽ, ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം, തിരുവല്ല താലൂക്കിലെ ഇരവിപേരൂർ, കുറ്റൂർ, നെടുമ്പ്രം, കടപ്ര എന്നീ പഞ്ചായത്തുകളിലും തിരുവല്ല നഗരസഭാ പരിധിയിലും മണിമലയാറ്റിലൂടെ എത്തിയ വെള്ളം ഒട്ടേറെ വീടുകൾക്ക് ദുരിതമുണ്ടാക്കി. നദിയുടെ തീരത്തുള്ള മല്ലപ്പള്ളി താലൂക്കുകളിലെ വീടുകളിൽ നിന്ന് ഏതാണ്ട് പൂർണമായും വെള്ളം ഇറങ്ങിയ നിലയിലാണ്.

127 ക്യാംപുകൾ തുറന്നു

പത്തനംതിട്ട ∙ ജില്ലയിലെ 6 താലൂക്കുകളിലായി 127 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 1607 കുടുംബങ്ങളിൽ നിന്നായി 5166 പേരെ മാറ്റി പാർപ്പിച്ചു. കോവിഡ് മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലുള്ള 6 പേരെ പ്രത്യേക ക്യാംപിലേക്ക് മാറ്റി. മല്ലപ്പള്ളി താലൂക്ക്– 235, തിരുവല്ല–3628, കോഴഞ്ചേരി–710, റാന്നി–227, അടൂർ–99, കോന്നി– 267 എന്നിവിടങ്ങളിലാണ് ക്യാംപുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com