ADVERTISEMENT

പത്തനംതിട്ട ∙ ഒരു ലക്ഷം പേർക്ക് ജോലി, 20 ലക്ഷം പേരുടെ ജീവിത നിലവാരം ഉയർന്നു. ആഫ്രിക്കൻ രാജ്യം കെനിയയുടെ തലസ്ഥാനമായ നയ്റോബി വിമാനത്താവളത്തിലേക്കു കൂടുതൽ രാജ്യാന്തര വിമാനങ്ങൾ വരാൻ തുടങ്ങിയതോടെയാണു തൊഴിലവസരങ്ങൾ വൻതോതിൽ ഉയർന്നത്. യൂറോപ്യൻ യൂണിയനിലേക്കും നെതർലൻഡ്സിലേക്കും ആവശ്യമായ മുഴുവൻ പൂക്കളും ഉൽപ്പാദിപ്പിക്കുന്നത് നയ്റോബി നഗരത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗ്രാമങ്ങളിലാണ്.

പൂക്കൾ കൊണ്ടുവരാൻ മാത്രം ജോമോ കെനിയാറ്റ വിമാനത്താവളത്തിലേക്കു ഗ്രാമത്തിൽ നിന്ന് 80 കിമീ ഹൈവേ നിർമിച്ചു. പുലർച്ചെ കെനിയയിൽ നിന്നു നുള്ളിയെടുക്കുന്ന മൊട്ട് വൈകുന്നേരത്തോടെ യൂറോപ്യൻ വിപണിയിൽ വിരിയും. പൂക്കളുടെ കയറ്റുമതി കെനിയയിലെ താഴ്ന്ന വരുമാനക്കാർക്ക് ഉയർന്ന വരുമാനമാണ് സമ്മാനിച്ചത്. കെനിയൻ എയർലൈൻസ് 2018 ൽ നയ്റോബി– ന്യൂയോർക്ക് വിമാനം തുടങ്ങിയതോടെ വിപണിയുടെ സുഗന്ധം യുഎസിലേക്കും പരന്നു. വരുമാനം 700 ദശലക്ഷം ഡോളറിലേക്കെത്തി. സെയിം ഡേ, നെക്സ്റ്റ് ഡേ ഡെലിവറി കാർഗോ– ഇന്ന് കെനിയൻ എയർലൈൻസിന്റെ കരുത്ത് ഇതാണ്.

ഒരുമയുടെ താവളങ്ങൾ

മറ്റു പലതും ലോകത്തെ പരസ്പരം ‘അടി’പ്പിക്കുമ്പോൾ ലോകത്തെ പരസ്പരം അടുപ്പിക്കുന്ന ഒന്നാണ് വ്യോമഗതാഗതം. സമ്പദ്ഘടനയ്ക്ക് ഊർജമേകി അതു ചക്രവാളങ്ങളെ വിശാലമാക്കുന്നു. ഡ്രോൺ വഴി സാധനങ്ങൾ എത്തിക്കുന്നതു മുതൽ എയർടാക്സി വരെ വളർച്ചാ സാധ്യത നിറഞ്ഞതാണ് ഈ രംഗം. ഏതു ദുരന്തത്തിനു നടുവിലും സഹായമെത്തിക്കാൻ വ്യോമയാനമേഖല പോലെ മറ്റൊന്നില്ല.

pathanamthitta-trivandrum-airport

പ്രതിരോധ മേഖലയ്ക്കും നേട്ടം

സർക്കാരുമായി ചേർന്ന് സുസ്ഥിര വികസന മാതൃക, വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തണമെന്ന് എയ്റോസ്പേസ് ഇൻഡസ്ട്രീസ് എന്ന സംഘടന പറയുന്നു. പരിസ്ഥിതിനാശം ഇല്ലാതെ ആർഭാടം കുറച്ച് മികച്ച വിമാനത്താവളങ്ങൾ നിർമിക്കാം. മലേഷ്യയിലെയും തായ്‌ലൻഡിലെയും പല ചെറുവിമാനത്താവളങ്ങളും എണ്ണപ്പനകൾക്കും റബർ എസ്റ്റേറ്റുകൾക്കും നടുവിലാണ്. ലോകത്തെ തിരക്കേറിയ 25 വിമാനത്താവളങ്ങളിൽ 10 എണ്ണം ദക്ഷിണേഷ്യൻ മേഖലയിലാണ്. 2030 ൽ മേഖലയിലെ 33 ശതമാനം യാത്രക്കാരും തിരക്ക് ഒഴിവാക്കാൻ ചെറിയ വിമാനത്താവളങ്ങൾ തിരഞ്ഞെടുക്കുമെന്നാണ് പഠനം. ഇതു ചെറുവള്ളിക്ക് നേട്ടമാണ്.

സുഗന്ധവ്യഞ്ജനം, ആറന്മുള കണ്ണാടി

ശബരിമല വിമാനത്താവളം നിലവിൽ വന്നാൽ നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാവും. സുഗന്ധദ്രവ്യങ്ങളും തനതു കാർഷിക വിളകളും ആഗോള വിപണിയിലേക്ക് അതിവേഗം എത്തിക്കാം. ഇടുക്കി ജില്ലയിലെ കാർഷിക ഉൽപന്നങ്ങൾ മുതൽ കാഞ്ഞിരപ്പള്ളി മേഖലയിലെ അപൂർവ പഴവർഗങ്ങൾക്കു വരെ കയറ്റുമതി സാധ്യതയുണ്ട്. പന്തളത്തെയും തിരുവല്ലയിലെയും ശർക്കര, സംസ്കരിച്ച ചക്ക ഉൽപന്നങ്ങൾ, കേരള അരി (കൊടുമൺ അരി) തുടങ്ങിയവയ്ക്ക് ഗൾഫ്–യുഎസ് വിപണിയിൽ താൽപര്യമേറെയാണ്. പൂവും തേനും പോലെയുള്ളവയ്ക്കും വിദേശത്ത് ആവശ്യക്കാരേറെ.

ഭൗമസൂചികാ പദവി ലഭിച്ച ‘ആറന്മുള കണ്ണാടി’യിലൂടെ ലോകത്തിനു മുഖം നോക്കാൻ അവസരമൊരുക്കാം. വള്ളംകളിയും പടയണിയും വിദേശ വിനോദ സഞ്ചാരികളെ ഇവിടെയെത്തിക്കും. തീർഥാടകരുമായുള്ള ചാർട്ടേഡ് വിമാനങ്ങൾ വന്നാൽ ആതിഥ്യ വ്യവസായം (ഹോട്ടൽ, ഹോംസ്റ്റേ, റസ്റ്ററന്റ് മേഖല) മെച്ചപ്പെടും. ചെലവു കുറഞ്ഞ മികച്ച ചികിത്സ നൽകുന്ന സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികളെ കോർത്തിണക്കി മെഡിക്കൽ ടൂറിസമാണ് മറ്റൊരു സാധ്യത. പച്ചമരുന്നുകളുടെ ലഭ്യത ഉറപ്പാക്കി ആയുർവേദത്തിന്റെ സാധ്യതയിലേക്കും വേരിറക്കാം.

pathanamthitta-sial

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com