ADVERTISEMENT

എരുമേലി ചെറുവള്ളിയിലെ നിർദിഷ്ട ശബരിമല വിമാനത്താവളത്തെപ്പറ്റി സ്പെഷൽ ഓഫിസറും എയർ ഇന്ത്യ മുൻ ചെയർമാനുമായ വി. തുളസീദാസ് സംസാരിക്കുന്നു

pathanamthitta-thulasidas
വി. തുളസീദാസ്

പത്തനംതിട്ട ∙ സ്ഥലം ഏറ്റെടുത്തു കൈമാറിയാൽ 3 വർഷം കൊണ്ട് എരുമേലി ചെറുവള്ളിയിലെ നിർദിഷ്ട ശബരിമല വിമാനത്താവളം യാഥാർഥ്യമാക്കാൻ കഴിയുമെന്ന് സ്പെഷൽ ഓഫിസർ വി. തുളസീദാസ്. ‘ചിറകു തേടുന്ന ചെറുവള്ളി’ എന്ന പേരിൽ മനോരമയിൽ പ്രസിദ്ധീകരിച്ച പരമ്പരയോടു പ്രതികരിക്കുകയായിരുന്നു കണ്ണൂർ രാജ്യാന്തര വിമാനത്താവളം എംഡിയും എയർ ഇന്ത്യയുടെ മുൻ ചെയർമാനുമായ അദ്ദേഹം.

1973 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ തുളസീദാസ്, ത്രിപുര മുൻ ചീഫ് സെക്രട്ടറിയാണ്. ഒമാൻ എയറിലും പ്രവർത്തിച്ചു. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ മേധാവിയാണ്. ഹരിപ്പാട് മുട്ടം സ്വദേശി. തിരുവനന്തപുരത്താണ് സ്ഥിര താമസം. 

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചേഴ്സ് ടെർമിനൽ.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചേഴ്സ് ടെർമിനൽ.

? ശബരിമല വിമാനത്താവളം തീർഥാടകർക്ക് എത്രത്തോളം സഹായകമാകും 

വളരെയധികം വളർച്ചാ സാധ്യതയുള്ള പ്രദേശമാണിത്. മണ്ഡല – മകരവിളക്കു കാലത്തും മാസപൂജാ കാലങ്ങളിലും എത്താനിടയുള്ള ശബരിമല തീർഥാടകരുടെ എണ്ണം കൂടുതലാണ്. മാരാമൺ ഉൾപ്പെടെ കൺവൻഷനുകളും ആറന്മുള, ചെങ്ങന്നൂർ, എരുമേലി, കോട്ടയം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും എരുമേലി വാവരു പള്ളിയും വിമാനത്താവളത്തെ മികച്ച പിൽഗ്രിം സർക്യൂട്ട് –ടൂറിസം ഹബ്ബാക്കും. 

? ടൂറിസം വളർച്ചയെ സഹായിക്കുമോ

ജനങ്ങളുടെ സ്വപ്നമാണ് ഓരോ വിമാനത്താവളവും. സമൂഹവും രാഷ്ട്രീയ നേതൃത്വവും ഇതിനായി ഒരുമിച്ചു പ്രവർത്തിക്കണം. ടൂറിസം, ബിസിനസ്, ഏവിയേഷൻ എന്നിവ പരസ്പര ബന്ധിതമാണ്. ഇവ മൂന്നും ഒരുമിച്ചാൽ വളർച്ച കൈവരും. ഇടുക്കിയും തേക്കടിയും മൂന്നാറും ഗവിയും കോന്നിയും തെന്മലയും ഈ മേഖലയിലുണ്ട്. ഇവിടേക്കു ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും. കോട്ടയം –കുമരകം കായൽ ടൂറിസവുമായും ബന്ധിപ്പിക്കാം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കും ആലപ്പുഴ, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലകൾക്കുമാണ് ഈ വിമാനത്താവളം. 

? ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പഠന വിധേയമായോ? 

മനോരമ പരമ്പരയിൽ പറഞ്ഞതുപോലെ കാറ്റ് ഇവിടെ വലിയ അനുകൂല ഘടകമാണ്. കാം വിൻഡ്സ് (മന്ദമാരുതൻ) എന്നു വൈമാനികർ പറയും. കിഴക്കു പടിഞ്ഞാറ് ദിശയിലോ അൽപം ചെരിച്ചോ റൺവേ നിർമിക്കാം.  പ്രാഥമിക പഠനത്തിൽ ലൂയി ബ്ഗർ കമ്പനിയും  അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്. പശ്ചിമ തീരത്തെ വിമാനത്താവളങ്ങളിൽ കടലിൽ നിന്നു കരയിലേക്കാണ് കാറ്റ് വീശുന്നത്.

അതിനാൽ കിഴക്കു – പടിഞ്ഞാറു ദിശയിൽ വേണം റൺവേയും ലാൻഡിങ്ങും. റൺവേയുടെ കുറഞ്ഞ നീളം 3000 മീറ്ററും പരമാവധി 4000 മീറ്ററുമാവാം. നീളം കൂടുന്നത് നല്ലതാണ്. മല, കെട്ടിടം, ടവർ തുടങ്ങിയ തടസ്സങ്ങളില്ല. മിക്കവാറും നിരപ്പു ഭൂമിയാണ്. ഒബ്സ്റ്റക്കിൾ പഠനത്തിനായി വൈകാതെ എരുമേലിയിലെത്തും.

? വിമാനത്താവള വെബ്സൈറ്റും മറ്റും ഉടനുണ്ടാവുമോ?

തുടർ പഠനങ്ങൾ ആരംഭിക്കുന്ന മുറയ്ക്ക് വെബ്സൈറ്റ് തുറക്കും. 

? വിദേശ മലയാളികൾക്ക് എങ്ങനെ പ്രയോജനപ്പെടും?

പ്രവാസികളുടെ വരവ് അനുകൂല ഘടകമാണ്. മലപ്പുറം, തൃശൂർ ജില്ലകളിലേതു പോലെ ഗൾഫിലേക്കു മാത്രമല്ല ഇവിടെ നിന്നുള്ളവരുടെ കുടിയേറ്റം. യൂറോപ്പിലും യുഎസിലും ഓസ്ട്രേലിയയിലും ഗൾഫ് ഇതര രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുള്ള മലയാളികളിൽ ഏറിയ പങ്കും ഈ മേഖലയിൽ നിന്നുള്ളവരാണ്. അവരിൽ പലരും പ്രഫഷനൽ യോഗ്യതയുള്ളവരാണ്. ജന്മനാടിനോടു ചേർന്നു വിമാനം ഇറങ്ങാനായാൽ ഇവരുടെ വരവ് വർധിക്കുമെന്നു തന്നെയാണ് മുൻകാല അനുഭവം വ്യക്തമാക്കുന്നത്. ഇതിനു പുറമെയാണ് ആഭ്യന്തര യാത്രക്കാർ. 

? ഇത് എങ്ങനെ ലാഭകരമാക്കാനാവും 

അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചാൽ യാത്രക്കാരുടെ എണ്ണവും വർധിക്കും. 2 വർഷത്തിൽ ഒരിക്കൽ വന്നിരുന്നവർ 4 തവണ വരും. കണക്ടിവിറ്റി വർധിപ്പിച്ചാൽ ബിസിനസ് സമൂഹവും ഏറെ യാത്ര ചെയ്യും. പുതിയ യാത്രക്കാരെ സൃഷ്ടിച്ച് എരുമേലി വിമാനത്താവളം ലാഭകരം ആകുമെന്നു തന്നെയാണു പ്രതീക്ഷ. ചൈനയുടെ കാര്യം എടുക്കുക. ഒരിക്കലും ഡിമാൻഡ് നോക്കിയല്ല, ഭാവി മുന്നിൽക്കണ്ടാണ് അവർ വിമാനത്താവളം പണിയുന്നത്. വികസനം സ്വാഭാവികമായും വരും. ചൈനയെപ്പോലെ എല്ലാം മറന്നുള്ള വികസനമല്ല വേണ്ടതെങ്കിലും അവരുടെ ദൂരക്കാഴ്ച പാഠമാക്കാം. 

? സാധാരണക്കാർക്ക് എത്രത്തോളം പ്രയോജനം  

യാത്രാ സൗകര്യം വർധിക്കുന്നതിലൂടെ ബിസിനസും വിപണിയും ഉണരും. ഇതിലൂടെ ലഭിക്കുന്ന തൊഴിൽ അവസരങ്ങൾ യുവാക്കളെ ലക്ഷ്യബോധമുള്ളവരാക്കും. ഒറ്റ വർഷം കൊണ്ടല്ല വികസനം വരുന്നത്. അനന്തമായ സാധ്യതകളിലേക്കാണ് ഓരോ എയർപോർട്ടും വാതിൽ തുറക്കുന്നത്. വളരുന്നതനുസരിച്ച് ഓരോ വർഷവും അനുബന്ധ വ്യവസായങ്ങൾ വരും. ഹോട്ടൽ മേഖലയിലാവും ആദ്യം ഉണർവ് അനുഭവപ്പെടുക. ഇതെല്ലാം സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തും. 

? തൊഴിൽ സാധ്യത 

കണ്ണൂർ വിമാനത്താവളത്തിൽ 2300 പേർ നേരിട്ടു ജോലി ചെയ്യുന്നു. അനുബന്ധ സേവന മേഖലകളും മെച്ചപ്പെട്ടു വരുന്നതോടെ അടുത്ത 10 വർഷത്തിനുള്ളിൽ തൊഴിൽ അവസരങ്ങൾ ഏറെ വർധിക്കും. 

? കയറ്റുമതി – കാർഗോ സാധ്യത

പഴം–പച്ചക്കറി തുടങ്ങി ഉടൻ ഉപയോഗിക്കേണ്ട വസ്തുക്കളുടെ കയറ്റുമതി വർധിക്കും. മരുന്ന് ഉൾപ്പെടെ ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾ വിമാനത്താവളത്തോടു ചേർന്ന് സ്ഥാപിക്കാമോയെന്നു പരിശോധിക്കണം. ഓരോ വിമാനത്തിലും കാർഗോയ്ക്കുള്ള സ്ഥലം വെറുതെ കിടക്കുകയാണ്. ഇതു പ്രയോജനപ്പെടുത്തി കാർഷിക ഉൽപന്നങ്ങൾ, സംസ്കരിച്ച മാംസം, മത്സ്യം, പൂക്കൾ, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവ കയറ്റുമതി ചെയ്യാനാവും. വിമാനക്കമ്പനികൾക്ക് കാർഗോയിൽ താൽപര്യമുണ്ട്. 

? വിമാനത്താവളം തുടങ്ങുന്നതിന്റെ പുരോഗതി

വ്യോമയാന മന്ത്രാലയത്തിനും പ്രതിരോധ വകുപ്പിനും അപേക്ഷ നൽകിക്കഴിഞ്ഞു. അവരുടെ പരിശോധന നടക്കണം. വ്യോമസേനയ്ക്കും നാവിക സേനയ്ക്കും ഇവിടെ നിന്നുള്ള വിമാനങ്ങൾ തടസ്സമാവുകയില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കണം. പാരിസ്ഥിതിക ആഘാത പഠനം ഉൾപ്പെടെയുള്ളവ നടത്തി ഘട്ടം ഘട്ടമായി അനുമതി നേടാനാവും. വിമാനത്താവള കമ്പനിക്കു സ്ഥലം ഏറ്റെടുത്തു കിട്ടണമെന്നതാണ് പ്രധാനം. കിട്ടിയാൽ കരാറുകാരെ നിശ്ചയിക്കുകയും 3 വർഷം കൊണ്ട് പണി പൂർത്തിയാക്കുകയും ചെയ്യാം. 

? നിർമാണം ബുദ്ധിമുട്ടാവുമോ

തടസ്സങ്ങളുടെ കുറവാണ് നിർദിഷ്ട വിമാനത്താവളത്തിനായി ചെറുവള്ളി തിരഞ്ഞെടുക്കാൻ കാരണം. കാറ്റ്, മൺഘടന, ഭൂപ്രകൃതി എന്നിവ ഏറ്റവും അനുയോജ്യമാണ്. ഒരു മൊബൈൽ ടവറിന്റെ തടസ്സം പോലുമില്ല. ലാൻഡിങ് – ടേക്ക് ഓഫ് ഭീഷണി സൃഷ്ടിക്കുന്ന മലകളും ഇല്ല. റൺവേയും ടെർമിനൽ കെട്ടിടത്തിലേക്കു വരേണ്ട ടാക്സി വേയും സമാന്തര പാതകളും ചേരുന്ന എയർഫീൽഡാണ് ആദ്യം നിർമിക്കേണ്ടത്. 

തുടർന്ന് ടെർമിനൽ കെട്ടിടം വരണം. ആദ്യം തന്നെ വലിയ ടെർമിനൽ നിർമിച്ച് പണം ചെലവഴിക്കാതെ ചെറിയ മോഡുലർ കെട്ടിടം നിർമിക്കുക. 2 വർഷം കഴിഞ്ഞ് ആവശ്യം വർധിക്കുന്ന മുറയ്ക്ക് വലിപ്പം കൂട്ടാവുന്ന വിധം വേണം ഇതു രൂപകൽപന ചെയ്യാൻ. 10 വർഷം കഴിഞ്ഞ് അടുത്ത ഘട്ടം നിർമിക്കുക. റൺവേ ആദ്യം തന്നെ നീളത്തിൽ നിർമിക്കുകയാണ് ഉചിതം. 

? കണ്ണൂരിൽ ഇങ്ങനെയാണോ ചെയ്തത് 

രാജ്യാന്തര വിമാനത്താവളമായാണു കണ്ണൂർ തുറക്കുന്നതു തന്നെ. രാജ്യത്തു തന്നെ ഇത് അപൂർവ നേട്ടമാണ്. 4000 മീറ്ററാണ് റൺവേ. 9.7 ദശലക്ഷം യാത്രക്കാരെ പ്രതിവർഷം കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ഈ വർഷം 1.58 ദശലക്ഷം പേർ വന്നു. 20 വിമാനങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താനുള്ള ഏപ്രൺ ഉണ്ട്. ഇത് 80 ആക്കി ഉയർത്തും. ഈ മാതൃക ഇവിടെയും പിന്തുടരാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com