ADVERTISEMENT

സീതത്തോട് ∙ കരുതലിന്റെ തണലിൽ തലചായ്ച്ചുറങ്ങാനുള്ള ഭാഗ്യം അടുത്ത ജന്മത്തിലും ലഭിക്കുമെന്ന വിശ്വാസത്തിലാണ് കൂടൽ പുന്നമൂട് തിരുവല്ലാമുരുപ്പിൽ ഹമീദ് റാവുത്തറുടെ (92) ഭാര്യ സുലൈഖ ബീവി (87). 71 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിൽ ‘ആയിമോ’.. എന്ന സ്നേഹത്തോടുള്ള വിളി കേട്ടാണ് ഇന്നും സുലൈഖ ഉണരുന്നത്. വാർധക്യത്തിലും നുകരാനാകുന്ന ദാമ്പത്യ സൗഭാഗ്യം ആസ്വദിച്ച് ജീവിക്കുകയാണ് ഇവർ. ചാലിയക്കര എവിടി തോട്ടത്തിൽ ദീർഘകാലം ജോലി ചെയ്തിരുന്ന ഹമീദ് റാവുത്തർ വിവാഹം കഴിക്കുമ്പോൾ ആയിമോയ്ക്കു പ്രായം 18ന്. ദാരിദ്ര്യവും പ്രയാസവും മാത്രം സമ്മാനിച്ച ചെറുപ്പമായിരുന്നു ഹമീദിന്റേത്.

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ബാപ്പയുടെ ചെറിയ വരുമാനത്തിലാണു കുടുംബം പുലർന്നിരുന്നത്. ഹമീദിന് ജോലിയായതോടെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾക്കു നേരിയ ആശ്വാസം. പലയിടങ്ങളിലായി ജോലിക്കു ശേഷം കൂടൽ – രാജഗിരി റോഡിൽ പുന്നമൂട്ടിലാണ് ഇപ്പോൾ താമസം. കുത്തകപ്പാട്ടം നിയമം നിലവിൽ വന്നപ്പോൾ കൃഷി ചെയ്തിരുന്ന സ്ഥലം ഭൂഉടമയുടെ ആവശ്യപ്രകാരം ഒഴിഞ്ഞു നൽകി. സ്ഥലം ഉടമ തിരുവല്ല സ്വദേശിയായ കുര്യൻ വർഗീസ് സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലത്തുവച്ച ചെറിയ പീടികയിലാണ് ഇരുവരും കഴിയുന്നത്. 6 മക്കൾ. 2 പേർ ഒഴികെ ബാക്കി എല്ലാവരും വിദേശത്ത്. ഒരു കിലോമീറ്റർ അകലെയായി താമസിക്കുന്ന ഇളയ മകൾ ആമിന ദിവസവും എത്തും. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ഇരുവർക്കും ഉണ്ടെങ്കിലും കുട്ടികളെ നോക്കും പോലെയാണ് ‘ആയിമോയെ’ തന്റെ സ്വന്തം ഇക്ക പരിപാലിക്കുന്നത്.

ഏതാനും വർഷമായി ആയിമോയ്ക്കു ഓർമ തീർത്തും കുറവാണ്.  പുന്നമൂട് റോഡിനോടു ചേർന്നുള്ള പീടികയ്ക്കു മുന്നിലെ ബെഞ്ചിൽ രാവിലെ തന്നെ ഇരുവരും സ്ഥാനം പിടിക്കും. റോഡിലൂടെ പോകുന്നവർക്ക് എന്നും ഇരുവരുടെയും ദാമ്പത്യത്തെ പറ്റി പറയാൻ കഥകൾ ഏറെ. ഇവർ പുന്നമൂട്ടിൽ താമസം ആക്കിയ ശേഷം വന്നവരാണ് സ്ഥലവാസികളിൽ ഏറെയും. സ്വന്തമായി ഭക്ഷണം കഴിക്കാൻ ശേഷി ഇല്ലാത്തതിനാൽ ‘ആയിമോ’യ്ക്കു ഹമീദ് റാവുത്തർ ഭക്ഷണം വാരി നൽകും. മുഖത്തേക്ക് പാറി കിടക്കുന്ന മുടികൾക്കിടയിലൂടെ ഹമീദ് വിരൽ ഓടിക്കുമ്പോൾ ആ കണ്ണുകളിൽ കരുതലിന്റെ തിളക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com