ADVERTISEMENT

തിരുവല്ല ∙ പൊലീസിനെ വട്ടംചുറ്റിച്ച് വടിവാൾ‌ വിനീത്. ഒരു മാസത്തിലേറെയായി തിരുവല്ലയിലും പരിസര പ്രദേശത്തും കാറിലെത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടിയെടുക്കുന്ന എടത്വ സ്വദേശി വിനീത് ഇന്നലെയും പൊലീസിന്റെ മുന്നിലൂടെ അഴിഞ്ഞാടി.ഇന്നലെ പുലർച്ചെ ഒന്നരയോടെ ചെങ്ങന്നൂർ ടൗണിലാണ് സംഭവങ്ങളുടെ തുടക്കം. വള്ളികുന്നം സ്വദേശി ശ്രീപതി (28)യുടെ കാറിനെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി. തുടർന്ന് കാറിൽ കയറി വടിവാൾ കഴുത്തിൽ വച്ച്് ഭീഷണിപ്പെടുത്തി കാർ നിരണത്തേക്ക് തിരിച്ചുവിട്ടു. പഞ്ചായത്ത് മുക്കിലെത്തിയപ്പോൾ ശ്രീപതിയെ ഇറക്കിവിട്ട ശേഷം കാറുമായി കടന്നു. ഇദ്ദേഹത്തിന്റെ സ്വർണമാല, മോതിരം, മൊബൈൽഫോൺ, ക്യാമറ എന്നിവ തട്ടിയെടുത്തു. കാർ പിന്നീട് കൊല്ലം ചിന്നക്കടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.എടത്വ സ്വദേശി വിനീത് ആണ് സംഭവം നടത്തിയതെന്നു പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ഇയാളുടെ ബൈക്കിനെ പൊലീസ് പിന്തുടർന്നെങ്കിലും അമിത വേഗത്തിൽ ഓടിച്ചു രക്ഷപ്പെട്ടു.

ഒരു മാസത്തിനിടയിൽ തിരുവല്ലയിലും സമീപ പ്രദേശങ്ങളിലുമായ ഒട്ടേറെ സമാനസംഭവങ്ങളാണ് ഇയാളും സംഘവും നടത്തിയത്.കഴിഞ്ഞ മാസം 17നാണ് ആദ്യസംഭവം. പ്രഭാത സവാരിക്കാരുടെ നേരെ നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റിരുന്നു. ആ സമയം ഇയാളോടൊപ്പം ഒരു യുവതിയും വാഹനത്തിലുണ്ടായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ അടൂരിൽ നിന്നു മോഷ്ടിച്ച വാഹനത്തിലെത്തിയാണ് അക്രമം നടത്തിയതെന്നു കണ്ടെത്തി.

മൂന്നു ദിവസത്തിനുശേഷം വിനീതും സംഘാംഗമായ യുവതി ഷിൻസിയും കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായി. മൂന്നു പേർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവർ താമസിപ്പിച്ചിരുന്ന കോവിഡ് കെയർ സെന്ററിൽ നിന്നു വിനീതും മറ്റൊരു സംഘാംഗവും ചാടിപ്പോയിരുന്നു. അതിനുശേഷം ഇരുപതോളം കവർച്ചകളാണ് വിവിധ സ്ഥലങ്ങളിൽ നടന്നത്. പലപ്പോഴും പൊലീസിന്റെ കയ്യിൽ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി പൾസർ ബൈക്കിൽ പോയ വിനീതിനെ പൊലീസ് പിന്തുടർന്നെങ്കിലും ഇയാൾ അമിത വേഗത്തിൽ ബൈക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം 27ന് പുലർച്ചെ നീരേറ്റുപുറം പാലത്തിൽ മത്സ്യ വിൽപനക്കാരനെ തടഞ്ഞുനിർത്തി പണം കവർന്നു. അതിനുശേഷം വൈക്കത്തില്ലം പാലത്തിനു സമീപം മറ്റൊരാളെയും തടഞ്ഞുനിർത്തി 5000 രൂപ കവർന്നിരുന്നു. അതിന്റെ പിറ്റേന്ന് ആലംതുരുത്തി പാലത്തിനു സമീപവും ഇതേ സംഭവം നടന്നു.വീണ്ടും കഴിഞ്ഞ മാസം അവസാനത്തെ രണ്ടു ദിവസം തോട്ടഭാഗം, കിഴക്കൻ മുത്തൂർ എന്നിവിടങ്ങളിൽ പലരെയും തടഞ്ഞുനിർത്തി ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തു. സംഭവത്തിനു തൊട്ടു പിന്നാലെ രാത്രി പട്രോളിങ് നടത്തിയ പൊലീസ് സംഘം പിന്തുടർന്നെങ്കിലും ഇവർ രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം ഷിൻസിയുമായി തിരുവല്ല, പുളിക്കീഴ് പൊലീസ് സംഭവസ്ഥലങ്ങളിൽ തെളിവെടുപ്പു നടത്തിയിരുന്നു. സംഘം മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്നു പൊലീസ് പറയുന്നു.

യുവാവിനെതടഞ്ഞ്ഭീഷണിപ്പെടുത്തിഎന്നു പരാതി

ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി പരാതി. കവിയൂർ കോട്ടൂർ പുത്തൻമഠത്തിൽ ബെന്റി ബാബുവാണ് കീഴ്‌വായ്പൂര് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം രാത്രിയിൽ 110 കെവി സബ്സ്റ്റേഷനു സമീപത്തുവച്ച് ഇരുചക്രവാഹനത്തിലെത്തിയയാൾ ബെന്റി സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുകണ്ടു ഭയന്ന ബെന്റി ഇരുചക്രവാഹനത്തിൽ നിന്നു വീണ് കാലിന് പരുക്കേറ്റതായി പരാതിയിൽ പറയുന്നു.

ഇരുചക്രവാഹനത്തിൽഎത്തി മാല പൊട്ടിച്ചു 

ഇരുചക്രവാഹനത്തിലെത്തിയ യുവാക്കൾ സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്തു.കീഴ്‌വായ്പൂര് ഈശ്വരമംഗലം ക്ഷേത്രത്തിനു സമീപം പുത്തൻപുരയ്ക്കൽ ബാബുവിന്റെ ഭാര്യ ആശയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. രണ്ടരപ്പവനുള്ള മാലയുടെ കുറേഭാഗങ്ങളും താലിയും 6000 രൂപ വിലയുള്ള വജ്രവും നഷ്ടപ്പെട്ടു. കീഴ്‌വായ്പൂര് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾപടി റോഡിൽനിന്നുള്ള നടപ്പാതയിൽ ഇന്നലെ രാവിലെ 9.30ന് ആണ് സംഭവം നടന്നത്. വഴിചോദിക്കാനെന്ന വ്യാജേനെയാണ് യുവാക്കൾ എത്തിയത്. പൊലീസിൽ പരാതി നൽകി.

മോഷണവും ഗുണ്ടാവിളയാട്ടവുംനിയന്ത്രിക്കണം

ടൗണിലും സമീപത്തും അടുത്തിടെയായി വർധിച്ചുവരുന്ന മോഷണങ്ങളും മോഷണശ്രമങ്ങളും ഗുണ്ടാവിളയാട്ടവും അമർച്ച ചെയ്യാൻ പൊലീസ് നടപടിയെടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ആവശ്യപ്പെട്ടു.24 മണിക്കൂറും പൊലീസിന്റെ സാന്നിധ്യം ടൗണിൽ ഉണ്ടാകണമെന്നും രാത്രികാല റോന്തുചുറ്റൽ ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇ.ഡി. തോമസ്കുട്ടി അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.ഇ. വേണുഗോപാൽ, ബി. പ്രമോദ്, ലാലൻ എം. ജോർജ്, ജയിംസ് ആന്റണി, മനോജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com