ADVERTISEMENT

ഏനാത്ത് ∙ നാട്ടിൽ പാൽ ചുരത്താൻ മറുനാടൻ പശുക്കളും. പാൽ ഉൽപാദന ശേഷിക്കു പേരുകേട്ട ഗിർ പശുക്കളാണ് ഇപ്പോൾ കർഷകരുടെ പ്രിയ ഇനവും മേച്ചിൽപുറങ്ങളിൽ കൗതുകക്കാഴ്ചയും. കർഷകരോട് ഇണങ്ങി അവരുടെ മനസ്സറിഞ്ഞ് പാൽ ചുരത്തുന്ന ഗുജറാത്തി ഇനം കേരളത്തിലെ കാലാവസ്ഥയോട് പൊരുത്തപ്പെടുന്നവയാണ്.

ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചുട്ടുപൊള്ളുന്ന 40 ഡിഗ്രി ചൂടും കൊടും തണുപ്പും പ്രതിരോധിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. ക്ഷാമം നേരിടുമ്പോൾ കിലോമീറ്ററുകൾ സഞ്ചരിച്ച് തീറ്റ തേടും. നീളമുള്ള ചുരുണ്ട ചെവികൾ, ഉറക്കം തൂങ്ങിയതുപോലെയുള്ള കണ്ണുകൾ, ഉന്തി നിൽക്കുന്ന നെറ്റിത്തടം എന്നിവ ഇവയ്ക്ക് അഴകു നൽകുന്നു. ശാന്ത ശീലവും കാണികളിൽ ഓമനത്തം ജനിപ്പിക്കും.

ഒരു ദിവസം 20 ലീറ്റർ വരെ പാൽ ചുരത്തുന്നവർ ഇവർക്കിടയിലുണ്ട്. തൊഴുത്തില്ലാതെയും വളർത്താം. പുതുശേരിഭാഗം ഷാൻ നിവാസിൽ ഷാൻ കരുണാകരൻ 5 ഗിർ പശുക്കളെയും ഒരു മൂരിയെയും പരിപാലിക്കുന്നു. ലോക്ഡൗണിൽ വിദേശത്തു നിന്നെത്തിയ ശേഷമാണ് ഗുജറാത്തിലെ ഭാവനഗറിൽ നിന്ന് ഇവയെ എത്തിച്ചത്. 8 വർഷം ഗുജറാത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് തുടങ്ങിയതാണ് ഗിർ പശുക്കളോടുള്ള പ്രിയം. തീറ്റച്ചെലവും പരിപാലന ചെലവും വർധിച്ചു വരുന്ന സാഹചര്യത്തിൽ തദ്ദേശീയ ഇനങ്ങളിലുള്ള പശുക്കൾ ആദായകരമാണെന്ന് ഷാൻ പറയുന്നു.

വിദേശത്തും പ്രിയം

ഗുജറാത്തിലെ ഗിർ വനപ്രദേശമാണ് ജന്മദേശം. ഇന്ത്യൻ ജനുസിലെ 43 ഇനം കന്നുകാലികളിൽ ഏറ്റവും പ്രധാനപ്പെട്ടത്. അമേരിക്ക, ബ്രസീൽ, ഇസ്രയേൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിൽ നിന്നെത്തിച്ച ഗിർ പശുക്കൾ വളരുന്നുണ്ട്. സുവർണ കപില, കാബറി തുടങ്ങി ഇവയ്ക്കിടയിൽ പത്തിലധികം ഇനങ്ങൾ ഉണ്ട്. കറവപ്പശുക്കൾക്ക് ഒന്നര ലക്ഷം രൂപ വരെ വിലയുണ്ട്. കിടാരികൾക്കും നല്ല വില ലഭിക്കും. ഗിർ പശുക്കൾ കേരളത്തിൽ മേച്ചിൽപുറം തേടുമ്പോൾ അതിന്റെ ഗുണമേന്മയുള്ള പാലിന് പ്രത്യേക വിപണി ഒരുക്കിയാൽ വില ലഭിക്കുമെന്ന അഭിപ്രായവും കർഷകർ പങ്കുവയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com