ADVERTISEMENT

വെച്ചൂച്ചിറ ∙ പമ്പാനദി കടന്ന് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകൾ നാശം വിതച്ച ശേഷം കാടു കയറി. വെച്ചൂച്ചിറ പഞ്ചായത്തിലെ പരുവ അങ്കണവാടിക്കു സമീപം കൃഷിയിടങ്ങളിലായിരുന്നു കാട്ടാനകളുടെ വിളയാട്ടം. വടശേരിക്കര പഞ്ചായത്തിലെ പേഴുംപാറ ഭാഗത്തും കാട്ടാന എത്തിയെങ്കിലും സമീപവാസികൾ എത്തിയതോടെ മടങ്ങി.പരുവ കാർത്തിക ഭവനിൽ രാജേന്ദ്രപ്രസാദ്, തൈക്കൂട്ടത്തിൽ കൊച്ചുമോൻ, തെള്ളിയിൽ ബിനു, അരുവിക്കുഴി ബിനു എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ നാശം വിതച്ചത്. 

പരുവ കാർത്തിക ഭവനിൽ രാജേന്ദ്രപ്രസാദിന്റെ വാഴ കാട്ടാന നശിപ്പിച്ച നിലയിൽ.
പരുവ കാർത്തിക ഭവനിൽ രാജേന്ദ്രപ്രസാദിന്റെ വാഴ കാട്ടാന നശിപ്പിച്ച നിലയിൽ.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പമ്പാനദിയിലെ പരുവ കടവിനോടു ചേർന്നുള്ള കൃഷിയിടങ്ങളാണിത്. ആറിന്റെ മറുകരയിൽ വനമാണ്. വൈകിട്ട് ആനയുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. രാത്രി അവ പമ്പാനദി കടന്ന് ജനവാസ കേന്ദ്രത്തിൽ എത്തുകയായിരുന്നു.രാജേന്ദ്രപ്രസാദിന്റെ 50 മൂട് വാഴ, പാവൽ, കൊച്ചുമോന്റെ 50 മൂടളം വാഴ, തെള്ളിയിൽ ബിനുവിന്റെ 2 തെങ്ങുകൾ, അരുവിക്കുഴി ബിനുവിന്റെ 2 കമുകുകൾ എന്നിവ കാട്ടാനകൾ നശിപ്പിച്ചു. 

തെങ്ങുകളും കമുകുകളും പിഴുതിടുകയായിരുന്നു. 3 മാസത്തിനിടെ മൂന്നാം തവണയാണ് കാട്ടാനകൾ ഇവിടെ നാശം വിതയ്ക്കുന്നത്. രാജേന്ദ്രപ്രസാദിന്റെ 50 മൂട് വാഴ മുൻപു നശിപ്പിച്ചിരുന്നു. സംഭവം അറിഞ്ഞ് കരികുളം വനം സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി പരിശോധന നടത്തി. നഷ്ടപരിഹാരത്തിന് ഓൺലൈനായി അപേക്ഷ നൽകാൻ കർഷകരോട് നിർദേശിച്ചു.വടശേരിക്കരയിലെ പേഴുംപാറ, ബൗണ്ടറി, ആക്കേമൺ, മുള്ളൻപാറ ലൈൻ എന്നിവിടങ്ങളിൽ ദിവസമെന്നോണം കാട്ടാനകൾ എത്തുന്നുണ്ട്. വെള്ളിയാഴ്ച പേഴുംപാറയിലും എത്തിയിരുന്നു.

 

‘നിന്ന് സംരക്ഷണം ഒരുക്കണം’

വെച്ചൂച്ചിറ ∙ കാട്ടുമൃഗങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ്, സ്ഥിരം സമിതി അധ്യക്ഷൻ ഇ.വി.വർക്കി, അംഗം പ്രസന്നകുമാരി എന്നിവർ ആവശ്യപ്പെട്ടു. കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം മൂലം കൃഷി നാശം നേരിടുന്നതിനിടെയാണ് കാട്ടാനകളുടെ വിളയാട്ടം. പരുവയിൽ കാട്ടാനയിറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചു. അടുത്തിടെ മൂന്നാം തവണയാണ് ആന നാശം വിതയ്ക്കുന്നത്. ഇതേ സ്ഥിതി തുടർന്നാൽ ജനങ്ങൾക്ക് വീടുകൾക്ക് പുറത്തിറങ്ങാൻ പറ്റാതാകും. കൃഷി നാശം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

 

ധർണ നടത്തി

വടശേരിക്കര ∙ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ഇറങ്ങി ദിവസവും നാശം വിതച്ചിട്ടും വനപാലകർ കാട്ടുന്ന നിസംഗതയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി വനം റേഞ്ച് ഓഫിസിനു മുന്നിൽ ധർണ നടത്തി. വനാതിർത്തികളിൽ കിടങ്ങോ, സൗരോർജ വേലിയോ നിർമിക്കണമെന്നും നാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ. ആനയെ വിരട്ടി ഓടിക്കാൻ പോലും വനപാലകർ തയാറാകുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ ഉദ്ഘാടനം ചെയ്തു. ജോസി മാലിയിൽ അധ്യക്ഷത വഹിച്ചു. അനീന സാമുവൽ, സി.കെ.മോഹൻ, ജോൺ വി.ഏബ്രഹാം, മോനച്ചൻ മാത്യു, ജോസ് കരിമ്പനാമണ്ണിൽ, സണ്ണി ഇടയാടിയിൽ, റെജി പുത്തൻപറമ്പിൽ, ടി.കെ.പ്രസാദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com