ADVERTISEMENT

റാന്നി ∙ സംസ്ഥാനം രൂപീകരിച്ച ശേഷമുള്ള 1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പക്ഷത്ത്. പിന്നീട് എല്ലാ കക്ഷികളെയും മാറി മാറി പരീക്ഷിച്ച് അവസാനം തുടർച്ചയായ 25 വർഷം എൽഡിഎഫ് പക്ഷത്തും. റാന്നി നിയോജകമണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രമാണിത്.  1954ലെ തിരു–കൊച്ചി നിയമസഭ തിരഞ്ഞെടുപ്പിൽ റാന്നിയിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി) സജീവമായിരുന്നു. ഇടതുപക്ഷ ചിന്താഗതിക്കാരായ ആളുകളാണ് വയലാ ഇടിക്കുളയുടെ നേതൃത്വത്തിൽ പിഎസ്പിയായി ശക്തിയാർജിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റുവിന്റെ സന്ദർശനത്തിനും അഭ്യർഥനയ്ക്കും പോലും കോൺഗ്രസ് സ്ഥാനാർഥിയെ രക്ഷിക്കാൻ കഴിയാത്ത വിധം അന്ന് ഇടതുപക്ഷ തരംഗം ശക്തമായിരുന്നു.

1957ലെ തിരഞ്ഞെടുപ്പായപ്പോൾ പിഎസ്പിക്കാരെ നിരാശരാക്കി വയലാ ഇടിക്കുള ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ എത്തി. ആദ്യ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ റാന്നിയിൽ നിന്ന് അദ്ദേഹമാണ് വിജയിച്ചത്. 1960ലും വയലാ ഇടിക്കുളയാണ് വിജയിച്ചത്. 57ലും 60ലും കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായിരുന്ന ഇ.എം.തോമസ് കേരള കോൺഗ്രസിലേക്കു മാറിയിരുന്നു. 1965ൽ കേരള കോൺഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ചത്. വിജയിച്ചെങ്കിലും മന്ത്രിസഭ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിയമസഭ ചേർന്നില്ല.  1964ൽ കമ്യൂണിസ്റ്റ് പാർട്ടി രണ്ടായെങ്കിലും സിപിഐക്കായിരുന്നു റാന്നിയിൽ മുൻതൂക്കം. 1967ൽ ത്രികോണ മത്സരത്തിലൂടെ സിപിഐയിലെ എം.കെ.ദിവാകരൻ തിരഞ്ഞെടുക്കപ്പെട്ടു.

1970ൽ സിപിഎം സ്വതന്ത്രനായി ജേക്കബ് സക്കറിയ കുന്നിരിക്കൽ ആണ് വിജയിച്ചത്. 1970 ആയപ്പോഴേക്കും സിപിഎം മുന്നേറ്റം നടത്തി. 1977ൽ കേരള കോൺഗ്രസിലെ പ്രഫ.കെ.എ.മാത്യുവാണ് വിജയിച്ചത്. ഏതാനും ദിവസം അദ്ദേഹം മന്ത്രിയുമായിരുന്നു. 1980ൽ എം.സി.ചെറിയാൻ ജയിച്ചത് കോ‍ൺഗ്രസ് (യു) സ്ഥാനാർഥിയായാണ്. 1982ൽ സണ്ണി പനവേലിയും 1986ൽ റേച്ചൽ സണ്ണി പനവേലിയും ജയിച്ചത് കോൺഗ്രസ് (എസ്) സ്ഥാനാർഥികളായാണ്. ഇതുവഴി ദമ്പതികളും റാന്നിയിൽ നിന്ന് നിയമസഭയെ പ്രതിനിധീകരിച്ചു. 1987ൽ കേരള കോൺഗ്രസിലെ (ജെ) ഈപ്പൻ വർഗീസ് റാന്നിയിൽ നിന്ന് എംഎൽഎയായി.

1991ൽ എം.സി.ചെറിയാൻ കോൺഗ്രസ് (ഐ) സ്ഥാനാർഥിയായി വിജയിച്ചു. 1996 മുതൽ റാന്നിയെ പ്രതിനിധീകരിക്കുന്നത് രാജു ഏബ്രഹാമാണ്. അദ്ദേഹം ആദ്യ 3 തവണ മത്സരിക്കുമ്പോൾ റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, സീതത്തോട്, ചിറ്റാർ, വടശേരിക്കര എന്നീ പഞ്ചായത്തുകളായിരുന്നു മണ്ഡലത്തിൽ. പിന്നീട് ചിറ്റാറും സീതത്തോടും കോന്നിയോട് ചേർത്തു. പഴയ പത്തനംതിട്ട, ആറന്മുള, കല്ലൂപ്പാറ മണ്ഡലങ്ങളുടെ ഭാഗമായിരുന്ന ചെറുകോൽ, അയിരൂർ, കൊറ്റനാട്, കോട്ടാങ്ങൽ, എഴുമറ്റൂർ എന്നീ പ‍ഞ്ചായത്തുകൾ റാന്നിയോടു ചേർക്കുകയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com