ADVERTISEMENT

റാന്നി ∙ വരണ്ടുണങ്ങുകയാണ് പമ്പാനദി. തീരങ്ങളിൽ ജലക്ഷാമം രൂക്ഷം. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും പലയിടങ്ങളിലും വെള്ളമില്ല.  പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി തടയണ പണിതിട്ടുള്ള നാവീണാരുവിക്ക് താഴെ മുതൽ പൂവത്തുംമൂട് വരെയാണ് പമ്പാനദിയിൽ ജലനിരപ്പ് കുറഞ്ഞത്. കക്കാട്ടാറ്റിലെ ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉൽപാദനത്തിനു ശേഷം പുറത്തേക്കു വിടുന്ന വെള്ളമാണ് പൂവത്തുംമൂടിന് താഴെ നീരൊഴുക്ക് നിലനിർത്തുന്നത്. വൈദ്യുതോൽപാദനം നടക്കാത്ത ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം നീരൊഴുക്ക് കുറഞ്ഞ് മണൽപരപ്പുകൾ തെളിയും.

ആറ്റിൽ നീരൊഴുക്കില്ലാത്തതിനാൽ പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് വെച്ചൂച്ചിറ ജലപദ്ധതിക്കായി പമ്പ് ചെയ്യുന്നത്. തീരങ്ങളിലെ കിണറുകളെല്ലാം പമ്പാനദിയിലെ ജലനിരപ്പിനെ ആശ്രയിച്ചാണ്. ആറ്റിൽ വെള്ളം വലിയുമ്പോൾ കിണറുകളും വറ്റും. ഇതേ സ്ഥിതിയാണിപ്പോൾ. ജലപദ്ധതിയുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ വെള്ളം വില കൊടുത്തു വാങ്ങണം. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെല്ലാം വേനൽക്കാലത്ത് പമ്പാനദിയിൽ എത്തിയാണ് കുളിക്കുന്നതും വസ്ത്രങ്ങൾ കഴുകുന്നതും. ഇപ്പോൾ അതിനും വെള്ളമില്ല. പാറയിടുക്കുകളാണ് ജനത്തിന് ആശ്രയം. നഞ്ചിട്ടും തോട്ടായിട്ടും മീൻ പിടിക്കുന്നതിനാൽ ശേഷിക്കുന്ന വെള്ളവും മലിനമാകുന്നു.

കന്നുകാലികളെ വെള്ളത്തിലിറക്കി കുളിപ്പിക്കുന്നതും വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാക്കുന്നു. പെരുന്തേനരുവിക്ക് താഴെ പലയിടത്തും പമ്പാനദിയുടെ ഇടമുറിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിൽ വശങ്ങളിലൂടെ ചാലു പോലെ വെള്ളം ഒഴുകുന്നുണ്ട്. ആറ്റിൽ മൺപുറ്റുകൾ വളർന്നിട്ടുള്ള ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. അത്തിക്കയം പാലത്തിനു താഴെയും മുകളിലും മുക്കം കോസ്‌വേയുടെ സമീപത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇതാണ് ജനങ്ങൾ തത്കാലത്തേക്ക് ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com