ADVERTISEMENT

പത്തനംതിട്ട ∙ കാറും കോളുമായി വീശിയടിച്ച ഇടതു ചുഴലിയിൽ ജില്ലയിലെ 5 മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ കടപുഴകി. പ്രധാനമന്ത്രി വരെ എത്തി പ്രചാരണം നടത്തിയിട്ടും പിടിച്ചു നിൽക്കാനായില്ല. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനു പോലും കോന്നിയിൽ മൂന്നിൽ ഒരുഭാഗം വോട്ട് നഷ്ടമായി.

തിളങ്ങാതെ സുരേന്ദ്രൻ

ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോന്നിയിൽ മത്സരിച്ച സുരേന്ദ്രന് ഇത്തവണ ഉണ്ടായ വോട്ട് ചോർച്ച പ്രധാന ചർച്ചയാണ്. 2019 ഒക്ടോബർ 21ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 39,786 വോട്ട് ലഭിച്ചപ്പോൾ ഇത്തവണ 32,811 വോട്ട് മാത്രം. 6,975 വോട്ടിന്റെ കുറവ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ 46,506 വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ 13,695 വോട്ടിന്റെ കുറവ്. കോന്നിയിലും മഞ്ചേശ്വരത്തും സുരേന്ദ്രൻ മത്സരിക്കുന്നത് പ്രചാരണത്തിനു തടസ്സം ഉണ്ടാകുമെന്ന് പാർട്ടി നേതാക്കളിൽ അഭിപ്രായം ഉയർന്നു.

അത് കാര്യമാക്കാതെയാണ് ഹെലികോപ്റ്ററിൽ പറന്നിറങ്ങിയുള്ള പ്രചാരണം. ഫലത്തിൽ കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സ്ഥാനാർഥിയുടെ സാന്നിധ്യം വല്ലപ്പോഴുമായി. ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ അജൻഡ ഉണ്ടെന്ന ആക്ഷേപം ഉന്നയിച്ചത് ചെങ്ങന്നൂരിലെ മുതിർന്ന ആർഎസ്എസ് നേതാവാണ്. ജില്ലയിൽ ബിജെപിയുടെ വോട്ട് ചോർച്ച കാണുന്നവർ ഉന്നയിക്കുന്ന ചോദ്യവും അതാണ്.

പരീക്ഷണം പാളി

ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയ്ക്ക് കഴിഞ്ഞ തവണത്തേക്കാൾ 8,614 വോട്ട് മണ്ഡലത്തിൽ കുറഞ്ഞു. ബിഡിജെഎസ് പ്രതിനിധിയായി കഴിഞ്ഞ തവണ മത്സരിച്ച അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന് 31,349 വോട്ട് ലഭിച്ചപ്പോൾ അശോകനു കിട്ടിയത് 22,674. ബിഡിജെഎസിൽ നിന്ന് ബിജെപി തിരുവല്ല സീറ്റ് ഏറ്റെടുത്തതിന്റെ പ്രയോജനവും ലഭിച്ചില്ല.

ആറന്മുള ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ്. കഴിഞ്ഞ തവണ ഇവിടെ എം.ടി.രമേശ് ആയിരുന്നു സ്ഥാനാർഥി. 37,906 വോട്ട് പിടിച്ചു. ഇത്തവണ ന്യൂനപക്ഷ മോർച്ച സെക്രട്ടറി ബിജു മാത്യുവിനെയാണു പരീക്ഷിച്ചത്. 29,099 വോട്ട് മാത്രമാണ് പിടിച്ചത്. 8,807 വോട്ടിന്റെ കുറവ്.  അടൂരിൽ പന്തളം പ്രതാപനായിരുന്നു ബിജെപി സ്ഥാനാർഥി.

കഴിഞ്ഞ തവണ പി.കെ.സുധീർ 25,940 വോട്ട് നേടി. എന്നാൽ പ്രതാപന് 23980 വോട്ട് മാത്രമാണ് ലഭിച്ചത്. റാന്നിയിൽ മത്സരിച്ച ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാറിന് കഴിഞ്ഞ തവണത്തേക്കാൾ 8614 വോട്ടിന്റെ കുറവ് ഉണ്ടായി. രണ്ട് പ്രാവശ്യവും പത്മകുമാറായിരുന്നു സ്ഥാനാർഥി. കഴിഞ്ഞ തവണ 28,201 വോട്ട് നേടിയപ്പോൾ ഇത്തവണ 19,587 ആയി കുറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com