ADVERTISEMENT

തിരുവല്ല ∙ എന്നും കഥകളി കണ്ടുറങ്ങുന്ന ദേവനാണ് ശ്രീവല്ലഭൻ. ക്ഷേത്രത്തെയും ചടങ്ങുകളെയും ആചാരങ്ങളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കു വേണ്ടിയും ഒരിക്കൽ കഥകളി അരങ്ങേറി. ബൈബിളിലെ നല്ല ശമര്യാക്കാരൻ എന്ന കഥയാണ് അവതരിപ്പിച്ചത്. ക്ഷേത്രത്തിൽ സ്ഥിരമായി കഥകളി അവതരിപ്പിക്കുന്ന ശ്രീവൈഷ്ണവം കഥകളിയോഗമായിരുന്നു ഇതിനു പിന്നിൽ. 1093 മേടം 14 ന് വിശാഖം നാളിൽ ജനിച്ച തിരുമേനിക്കു വേണ്ടി 7 വർഷമായി എല്ലാ ജന്മനാളിലും ക്ഷേത്രത്തിൽ പ്രത്യേക വഴിപാട് സെക്രട്ടറിയായിരുന്ന റവ.സണ്ണി ജോർജ് തിരുമേനിയുടെ സുഹൃത്ത് ശ്രീകുമാർ നടത്തുമായിരുന്നു.

ഇതിന്റെ പ്രസാദം കഴിക്കുകയും കൂടെയുള്ളവർക്ക് നൽകുകയും ചെയ്യുമായിരുന്നു. .ഒരിക്കൽ ക്ഷേത്രത്തിലെ മേൽശാന്തി മരിച്ചതറിഞ്ഞ് എത്തിയ തിരുമേനി കഥകളി വേഷങ്ങൾ ഉണങ്ങാനിട്ടിരിക്കുന്നത് കണ്ടു. അന്നു മുതലാണ് കഥകളി കാണണമെന്ന ആഗ്രഹം തോന്നിയത്. ക്ഷേത്രത്തിലെത്തി കാണാനായിരുന്നു ആഗ്രഹം. പക്ഷേ രാത്രി 10 മുതൽ പുലരുവോളം നടക്കുന്നതായതിനാൽ സാധിച്ചില്ല. പകരം സെമിനാരി ഹാളിൽ അവതരിപ്പിക്കുകയായിരുന്നു. 3 രംഗങ്ങളായാണ് കഥ അവതരിപ്പിച്ചത്.

നിത്യജീവൻ (മോക്ഷം) നേടാൻ എന്തു ചെയ്യണമെന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് യേശു മറുപടി പറയുന്നതാണ് ഒന്നാം രംഗം. ജറുസലമിൽ നിന്നു പോയ വഴിയാത്രക്കാരനെ മർദിച്ച് പണവും ദ്രവ്യങ്ങളും അപഹരിക്കുന്നതും അയാളുടെ അടുത്തേക്ക് സഹായവുമായി ശമര്യാക്കാരൻ എത്തുന്നതുമാണ് രണ്ടാം രംഗം. നിത്യജീവൻ തേടിയുള്ള യാത്രയാണ് ജീവിതമെന്നും ദുഖം അനുഭവിക്കുന്നവരുടെ മുൻപിൽ നല്ല ശമര്യാക്കാരനാകണമെന്നും ഓർമിപ്പിച്ച് യേശുദേവൻ യാത്രയാകുന്നതോടെ കഥ അവസാനിക്കുന്നു. മരിച്ച് സ്വർഗത്തിൽ ചെല്ലുമ്പോൾ കഥകളിയും അറിയണമെന്ന് ഇപ്പോൾ മനസ്സിലായതായി തിരുമേനി അന്നു പറഞ്ഞു. തുടർന്ന് തിരുമേനിയുടെ ആവശ്യപ്രകാരം ഒട്ടേറെ വേദികളിൽ നല്ല ശമര്യാക്കാരൻ അവതരിപ്പിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com