ADVERTISEMENT

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെപ്പോലെ മികച്ച കമ്യൂണിക്കേറ്റർ ഈ തലമുറയിൽ ഇല്ല. പതിനായിരങ്ങൾ പങ്കെടുക്കുന്ന മാരാമൺ കൺവൻഷനിൽ, ‘‘നിങ്ങളാരും ബൈബിൾ വായിക്കരുത്’’ എന്നു പറഞ്ഞുകൊണ്ട് ഒരിക്കൽ അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു. ദൈവവചനം കേൾക്കാൻ വന്നവരെ തുടർ ഞെട്ടലിലെത്തിക്കുന്നതായി അടുത്ത വാചകം: ‘‘എന്നാൽ നിങ്ങൾ മലയാള മനോരമ വായിക്കണം.’’ ആത്മീയ ആചാര്യന്മാർ പോലും ബ്രാൻഡ് അംബാസഡർമാരായിത്തുടങ്ങിയോ, എത്ര രൂപ കിടച്ചുകാണും എന്നൊക്കെ കേൾവിക്കാർ ആലോചിക്കുന്നതിനിടയ്ക്കു മെത്രാപ്പൊലീത്തയുടെ അടുത്ത വാചകം വരുന്നു: ‘‘പത്രം വായിക്കാനുള്ളതാണ്.

ബൈബിൾ വെറുതെ വായിക്കാനുള്ളതല്ല. പഠിച്ച് ധ്യാനിക്കാനുള്ളതാണ്.’’ അങ്ങനെ വൈദ്യുതാഘാതം ഏൽപിക്കുന്ന ഒരു പ്രസ്താവന ആദ്യം തന്നെ നടത്തി എല്ലാവരെയും പിടിച്ചുലച്ചശേഷം ബൈബിളിന്റെ കാര്യം പറയുന്നതിനു പകരം, നിങ്ങളെല്ലാവരും എല്ലാ ദിവസവും കാലത്തും വൈകിട്ടും സത്യവേദപുസ്തകം വായിക്കണം എന്നൊരു നിറവും മണവും ഇല്ലാത്ത പ്രസ്താവന നടത്തിയിരുന്നെങ്കിൽ അത് എത്രപേർ ശ്രദ്ധിക്കുമായിരുന്നു?

ഒരു തമാശക്കാരനായാണ് ക്രിസോസ്റ്റത്തിനെ പലരും കാണുന്നത്. പക്ഷേ, അദ്ദേഹം പറയുന്ന മിക്ക നർമകഥയ്ക്കും പിന്നിൽ ഒരു ആശയംകൂടി നമ്മിലേക്കു കടത്തിവിടുന്നുണ്ട്. സമ്മർദങ്ങൾക്ക് അയവുവരുത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നതാണ് പല കഥകളും. മലങ്കര കത്തോലിക്കാ സഭയിലെ തിരുവനന്തപുരം ആർച്ച് ബിഷപ് ആയിരുന്ന ബനഡിക്ട് മാർ ഗ്രിഗോറിയോസിനു സുഖമില്ലെന്നറിഞ്ഞു മാർ ക്രിസോസ്റ്റം പട്ടത്തെ അരമനയിൽ കാണാൻ ചെന്നു.

സന്ദർശകരുടെ തിരക്ക് ഒഴിവാക്കാൻ തിരുമേനി അകത്തില്ലെന്നു സൂചിപ്പിക്കാൻ വേണ്ടി സെക്രട്ടറിയച്ചൻ തിരുമേനിയുടെ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറിയുടെ പൂട്ടു തുറന്ന് അകത്തു കയറ്റിയപ്പോൾ മാർ ക്രിസോസ്റ്റം മാർ ഗ്രിഗോറിയോസിനോടു പറഞ്ഞു: ‘‘തിരുമേനിക്കു സുഖമില്ലാതിരിക്കുകയാണെന്ന് അറിഞ്ഞിരുന്നു. പക്ഷേ, പൂട്ടിയിടത്തക്ക അസുഖമാണെന്ന് ഇപ്പോഴാണു മനസ്സിലായത്.’’

തക്കല ബിഷപ്പായിരിക്കുമ്പോഴാണ് മാർ ജോർജ് ആലഞ്ചേരിയെ സിറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തിരഞ്ഞെടുത്തത്. പിന്നീട് കർദിനാളും. മേജർ ആർച്ച്ബിഷപ് തിരഞ്ഞെടുപ്പിനുശേഷം കണ്ടപ്പോൾ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ആലഞ്ചേരി പിതാവിനോടു പറഞ്ഞു: ‘‘പണ്ടൊക്കെ തമിഴ്നാട്ടിൽനിന്ന് ആടുമാടുകളെയാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോഴിതാ മെത്രാന്മാരെയും’’.

ക്നാനായ സഭയും യാക്കോബായ സഭയും തമ്മിലുള്ള ബന്ധങ്ങളിലെ കയറ്റിറക്കങ്ങളിലൊന്നിൽ ക്നാനായ സഭയുടെ ഏക മെത്രാപ്പൊലീത്ത ക്ലിമ്മീസ് തിരുമേനി കിഴക്കിന്റെ വലിയ മെത്രാപ്പൊലീത്ത ആയി അറിയപ്പെട്ടു തുടങ്ങി. ക്നാനായ സഭയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ റാന്നിയിൽ ക്ലിമ്മീസ് തിരുമേനിയുടെ അധ്യക്ഷതയിൽ, സഭയുടെ സെന്റ് തോമസ് കോളജിന്റെ ജൂബിലി സമ്മേളന സ്വാഗത പ്രസംഗകൻ

‘കിഴക്കിന്റെ വലിയ മെത്രാപ്പൊലീത്ത’ എന്നു പല തവണ പറഞ്ഞതുകേട്ടപ്പോൾ ആശംസാ പ്രസംഗകനായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത ഇങ്ങനെയാണു തുടങ്ങിയത്: ഉദ്ഘാടകനായ ആക്ടിങ് ചീഫ് ജസ്റ്റിസ് കെ.ടി.തോമസ്, കിഴക്കൊക്കെയുടെയും വലിയ മെത്രാപ്പൊലീത്തയായ ക്ലിമ്മീസ് തിരുമേനി (എന്നിട്ട് ശബ്ദം താഴ്ത്തി, കേൾവിക്കാരോട്) എന്നുവച്ചാൽ റാന്നിക്കാരുടെ മെത്രാപ്പൊലീത്ത എന്നേ അർഥമുള്ളൂ. റാന്നിക്കാരനായ ക്ലിമ്മീസ് അടക്കം പൊട്ടിച്ചിരിച്ചുപോയി.

കുറേ നാൾ കഴിഞ്ഞപ്പോൾ ക്രിസോസ്റ്റവും വലിയ മെത്രാപ്പൊലീത്തയായി!

മെത്രാൻമാർക്ക് റിട്ടയർമെന്റ് പ്രായം നിശ്ചയിച്ചിട്ടില്ലാത്ത മാർത്തോമ്മാ സഭയിൽ മെത്രാപ്പൊലീത്തസ്ഥാനം മാർ ക്രിസോസ്റ്റം ഒഴിഞ്ഞതു തന്റെ പിൻഗാമിക്ക് ഒരവസരം നൽകാൻ കൂടിയാണ്. നൂറ്റിയഞ്ചാം വയസ്സുവരെ ജീവിച്ച പിതാവിന്റെ മകനായ തനിക്കും ആയുർദൈർഘ്യമുണ്ടായാൽ അതു പിൻഗാമിയെ ബാധിക്കരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. സഭയുടെ ഭരണാധികാരം മെത്രാപ്പൊലീത്തയ്ക്കാണെങ്കിലും സഭ മാർ ക്രിസോസ്റ്റത്തിനു വലിയ മെത്രാപ്പൊലീത്ത എന്ന സ്ഥാനം നൽകി ആദരിച്ചു. 

വലിയ മെത്രാപ്പൊലീത്ത എന്നു പറഞ്ഞാൽ എന്താണ് എന്നു പത്രലേഖകർ ചോദിച്ചപ്പോൾ ക്രിസോസ്റ്റത്തിന്റെ നർമം പുറത്തുവന്നു! 

പ്രായമുള്ളവരെ പറഞ്ഞുപറ്റിച്ച് അവർ ഇരിക്കുന്ന സ്ഥാനത്തുനിന്നു മാറ്റുവാനുള്ള സൂത്രമാണ് വലിയ മെത്രാപ്പൊലീത്താ സ്ഥാനം!

ന്യൂ വിഷൻ’ മാസികയുടെ പത്രാധിപരെന്ന നിലയിൽ പത്തു വർഷത്തോളം എല്ലാ മാസവും മാർ ക്രിസോസ്റ്റത്തിനെ മാസികയ്ക്കു വേണ്ടി ഇന്റർവ്യൂ ചെയ്ത ഡോ. മാത്യു കോശി പുന്നക്കാട് ആദ്യത്തെ തവണ ഇന്റർവ്യൂ ചെയ്യാൻ ചെന്ന അനുഭവത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ക്രിസോസ്റ്റത്തെപ്പറ്റിയും മാർത്തോമ്മാ സഭയെപ്പറ്റിയും കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും വായിച്ചിട്ടാണ് പുന്നക്കാട് എത്തിയത്. ഒരു സഹപ്രവർത്തകനും കൂടെയുണ്ട്. അഭിമുഖത്തിൽ പുന്നക്കാട് ചോദിച്ചു: ക്രൈസ്തവ ബിഷപ്പുമാരുടെ ജീവിതവും പ്രസംഗവും തമ്മിലുള്ള അന്തരം സഭയെ തരംതാഴ്ത്താൻ ഇടയാക്കിയിട്ടില്ലേ?

എന്ത് ഉത്തരം പറഞ്ഞാലും മറുചോദ്യം കൈയിലുള്ളതുകൊണ്ട് വലിയ ആത്മവിശ്വാസത്തോടെയാണ് ചോദിച്ചത്. ഉത്തരംമുട്ടിക്കാൻ ഒരുമ്പെട്ടുവന്നയാളുടെ മുഖത്തുനോക്കി മാർ ക്രിസോസ്റ്റം പറഞ്ഞു: ലോകത്തിൽ, പ്രസംഗിച്ചതുപോലെ ജീവിച്ച മൂന്നു വ്യക്തികളെ എനിക്കറിയാം. ഒന്ന്, കർത്താവായ യേശുക്രിസ്തുവാണ്. ബാക്കി രണ്ടുപേർ നിങ്ങൾ രണ്ടുപേരും. പുന്നക്കാടിന്റെ കൂടെയുണ്ടായിരുന്നയാൾ ശരിക്കും മഞ്ഞളിച്ചുപോയി. എന്നിട്ടു ക്രിസോസ്റ്റം കാണാതെ ചോദ്യകർത്താവിന്റെ കാലിൽ ചവിട്ടുകയും ചെയ്തു.

വടികൊടുത്ത് അടി വാങ്ങേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ എന്നാണ് ആ ചവിട്ടിന്റെ അർഥമെന്നു മനസ്സിലാക്കിയ പുന്നക്കാട് രണ്ടു ചോദ്യംകൂടി ചോദിച്ച് സ്ഥലംവിടുകയും ചെയ്തു. ഒരിക്കൽ അഭിമുഖത്തിനിടെ കയറിവന്ന റവ. ഉമ്മൻ ജോർജ് പുന്നക്കാടിനോടു പറഞ്ഞു: ന്യൂ വിഷൻ മാസിക വായിക്കുന്നുണ്ട്. അപ്പോൾ മാർ ക്രിസോസ്റ്റം പറഞ്ഞു: ഏതായാലും ആശ്വാസമായി. ഞാനും സാറും (പുന്നക്കാട്) മാത്രമേ ഈ മാസിക വായിക്കുന്നുള്ളുവെന്നായിരുന്നു എന്റെ ധാരണ. അപ്പോൾ മൂന്നാമതൊരു വായനക്കാരൻ കൂടി ഉണ്ട്, അല്ലേ?

രണ്ടു പേ‍ർ തമ്മിലുള്ള സൗന്ദര്യപ്പിണക്കം പള്ളിയിൽ വലിയൊരു പ്രശ്നമായി ഉരുണ്ടുകൂടി. വൈദികൻ ആരാധനയ്ക്കു നേതൃത്വം നൽകുമ്പോൾ നിൽക്കുന്ന മദ്ബഹയോടു ചേർന്ന് ഒരു ശുചിമുറി പണിയുന്നത് വൈദികനും അതിഥികളായെത്തുന്നവർക്കും വലിയ സൗകര്യമാവുമെന്ന് ഇവരിലൊരാൾ പറഞ്ഞു. ഇയാളാണു പറഞ്ഞതെന്നതു കൊണ്ടു മാത്രം മറ്റേയാൾ എതിർത്തു.

തർ‌ക്കം ക്രിസോസ്റ്റത്തിന്റെ മുമ്പിലെത്തുമ്പോഴേക്ക് ഇതു രണ്ടു പേർ തമ്മിലുള്ള ഒരു മൂപ്പിളമ പ്രശ്നം മാത്രമാണെന്ന് അദ്ദേഹത്തിനു മനസ്സിലായിരുന്നു. എന്താണ് എതിർപ്പിന്റെ കാരണമെന്നദ്ദേഹം ചോദിച്ചു. ‘‘അമേധ്യം നിക്ഷേപിക്കുന്ന ശുചിമുറി മദ്ബഹയോടു ചേർന്നുവയ്ക്കുന്നതു ശരിയല്ല’’ എതിരൻ പറഞ്ഞു. ‘‘ആ കാര്യത്തിൽ ഞാൻ താങ്കളോടൊപ്പമാണ്. പക്ഷേ വൈദികൻ അമേധ്യവുമായി മദ്ബഹയിൽ രണ്ടുമൂന്നു മണിക്കൂർ നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ അതു പുറത്തു കളയുന്നത്?’’ തർക്കം തീർന്നു.‌

മാർ ക്രിസോസ്റ്റത്തിന്റെ അരമനയിൽ ഒരു പരിചാരകന്റെ ഒഴിവു വന്നു. ക്രിസോസ്റ്റം തന്നെയാണ് ഇന്റർവ്യൂ നടത്തിയത്.

– തുണി തേക്കാനറിയാമോ?

– ഇല്ല.

– തുണി നനയ്ക്കാനോ?

– ഇല്ല

– ചപ്പാത്തി ചുടാൻ?

– ഇല്ല

– കാപ്പിയിടാനറിയാമോ?‍

– ഇല്ല

– ഇതൊന്നും അറിയാൻ വയ്യാത്ത എന്നെ മെത്രാപ്പൊലീത്ത നേരത്തേ ഇവിടെ നിയമിച്ചിട്ടുണ്ട്. നമ്മൾ രണ്ടു പേരും കൂടി ഈ അരമനയിൽ വേണോ?

കള്ളന്മാരെ വിശേഷിപ്പിക്കാൻ മധ്യതിരുവിതാംകൂറിൽ‌ ഒരു വിശേഷണമുണ്ട്: കള്ളനു കഞ്ഞിവച്ചവൻ. അടുക്കളയിലെ ഒരു സഹായി തന്നെ വെട്ടിച്ചുവെന്നു സംശയം തോന്നി ക്രിസോസ്റ്റം പറഞ്ഞു: നീ കള്ളനു കഞ്ഞി വയ്ക്കുന്നവനാണല്ലോടാ. അവന്റെ മറുപടി ക്രിസോസ്റ്റത്തിന് ഓർത്തോർ‌ത്തു ചിരിക്കാൻ വക നൽകുന്നതായിരുന്നു. ‘‘ആണേ.’’

വലിയ ഉദ്യോഗസ്ഥനായ മകനു വിവാഹത്തിനു നല്ലൊരു പെണ്ണിനെ കിട്ടാൻ സഹായിക്കണമെന്നു പറഞ്ഞ് ഒരു സഭാംഗം രാവിലെ മാർ ക്രിസോസ്റ്റത്തിനെ കാണാനെത്തി. എങ്ങനത്തെ പെണ്ണിനെയാണു വേണ്ടതെന്നു ചോദിച്ചപ്പോൾ മത്തായിച്ചൻ‌ വ്യവസ്ഥകൾ ഓരോന്നായി പറഞ്ഞു. – മകന് 26 വയസ്സുണ്ട്. പെണ്ണിന് നാല് വയസ്സ് കുറവായിരിക്കുന്നതു നല്ലതാണ്. പെണ്ണ് സുന്ദരിയായിരിക്കണം.

– ഇത്രയല്ലേയുള്ളൂ?

– അല്ല തിരുമേനി, നല്ല സ്വഭാവമായിരിക്കണം. അവന്റെയത്രയൊക്കെ പഠിപ്പു വേണം. ജോലിയുണ്ടെങ്കിൽ സ്ഥലംമാറ്റം കിട്ടുന്ന ജോലിയായിരിക്കണം.

– ശരി മത്തായിച്ചാ. ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ.

– മറ്റൊന്നു കൂടിയുണ്ട് തിരുമേനി. ഈയിടെ ഒരു ആലോചനക്കാർ അവന് സ്ത്രീധനമായി ഓഫർ ചെയ്തത് 50 ലക്ഷം രൂപയും വിദേശ കാറും തിരുവനന്തപുരത്തും കൊച്ചിയിലും ഒരോ വീടും ആണ്. ഞങ്ങൾക്കത്ര നിർബന്ധമില്ലെങ്കിലും അവൾക്കു പിന്നീട് ഒരു അപകർഷതാബോധം ഉണ്ടാവാതിരിക്കാൻ അതിനനുസരിച്ച ഇനങ്ങൾ വേണം. കുടുംബ മഹിമയെപ്പറ്റി ഞാൻ പറയേണ്ടല്ലോ. മത്തായിച്ചൻ വ്യവസ്ഥകളുമായി ഇങ്ങനെ മുന്നേറുമ്പോൾ മാർ ക്രിസോസ്റ്റം ഇടപെട്ടു.

– എന്റെ മത്തായിച്ചാ, ഇങ്ങനെയൊരു പെണ്ണ് നമ്മുടെ കൂട്ടത്തിലുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ കാവി കുപ്പായവും മരക്കുരിശുമായി ബ്രഹ്മചാരിയായി കഴിയുമായിരുന്നോ?

സ്വർ‌ഗത്തിൽ ആർക്കും ആരെയും തിരിച്ചറിയാൻ കഴിയാത്ത ഒരു സംവിധാനം ഉണ്ടായിരിക്കുമെന്ന തന്റെ അനുമാനം മാർ ക്രിസോസ്റ്റം ഒരിക്കൽ വെളിവാക്കി. അല്ലെങ്കിൽ അവിടെയും ഇവിടത്തെപ്പോലെ കടിപിടി ഉണ്ടാവില്ലേ എന്നാണ് ക്രിസോസ്റ്റത്തിന്റെ പഞ്ച് ലൈൻ. ആ അനുമാനം ശരിയെങ്കിൽ അതിനു മറ്റൊരു ഗുണം കൂടി ഉണ്ടെന്നാണ് എന്റെ അഭിപ്രായം. നമുക്കു പരിചയമുള്ള എല്ലാ മെത്രാന്മാരും സ്വർഗത്തിലെത്തിയിട്ടില്ലല്ലോ എന്നു നമുക്കും നമ്മളിൽ പലരും അവിടെ എത്തിയിട്ടില്ലല്ലോ എന്ന് ക്രിസോസ്റ്റത്തിനും തിരിച്ചറിയാൻ കഴിയില്ലല്ലോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com