ADVERTISEMENT

റാന്നി ∙ മുട്ടോളം ഉയർന്നു നിൽക്കുന്ന ശബരിമല ഇടത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കുകയെന്നതാണ് നിയുക്ത എംഎൽഎയെ കാത്തിരിക്കുന്ന ഏറ്റവും വലിയ ദൗത്യം. വർഷങ്ങളായി പണി മുടങ്ങിക്കിടക്കുന്ന ഇടത്താവളം റാന്നിക്കു തന്നെ ശാപമാണ്. ഇട്ടിയപ്പാറ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിനോടു ചേർന്ന് വയൽ മണ്ണിട്ടു നികത്തിയാണ് ഇടത്താവളം നിർമിക്കുന്നത്. തുടക്കത്തിൽ 5 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്.

ഇതിൽ 73 ലക്ഷം രൂപ ചെലവഴിച്ച് സ്ഥലം വിലയ്ക്കു വാങ്ങിയിരുന്നു. തുടർന്ന് നിർമാണം കരാർ ചെയ്തെങ്കിലും വയൽ നികത്താനുള്ള ചെലവ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതുമൂലം കരാർ റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർ‌ക്കാരിന്റെ കാലത്താണ് പിന്നീട് 16.5 കോടി രൂപ അനുവദിച്ചതും വയൽ മണ്ണിട്ടു നികത്തിയതും. 12 നിലകൾക്ക് അടിത്തറ നിർമിക്കാനും താഴത്തെ നിലയുടെ പണി പൂർത്തിയാക്കാനുമാണ് ഇത്രയും തുക അനുവദിച്ചത്. 

2016 ഫെബ്രുവരിയിലാണ് അടിത്തറയുടെ പൈലിങ് ആരംഭിച്ചത്. 4 മാസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു ഉറപ്പ്. ഇഴഞ്ഞും മുടങ്ങിയും നീണ്ട പണി പിന്നീട് നിലയ്ക്കുകയായിരുന്നു. പിന്നാലെ കരാർ‌ റദ്ദാക്കി. ഇതിനിടെ പാരിസ്ഥിതിക ആഘാത പഠനം നടത്താതെയാണ് വയൽ മണ്ണിട്ടു നികത്തിയതെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചിരുന്നു.

പാരിസ്ഥിതിക ചട്ടത്തിന് ഉള്ളിൽ നിന്ന് പണി നടത്താമെന്ന് പിന്നീട് പിഡബ്ല്യുഡി കെട്ടിട വിഭാഗം കോടതിയിൽ സത്യവാങ്മൂലം നൽകി. നിലവിൽ നടത്തിയ പണിയുടെ ചെലവിന്റെ കണക്ക് തയാറാക്കി കെട്ടിട വിഭാഗം സൂപ്രണ്ടിങ് എൻജിനീയർക്ക് (എസ്‌ഇ) നൽകിയിട്ടുണ്ട്. 12 നിലകൾ 10 ആക്കി ചുരുക്കിയാണ് എസ്റ്റിമേറ്റ് നൽകിയിരിക്കുന്നത്. തുടർ നടപടികൾ പൂർത്തിയാക്കേണ്ടത് എസ്‌ഇ ആണ്. ഇതിനാണ് നിയുക്ത എംഎൽഎയുടെ ഇടപെടൽ വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com