ADVERTISEMENT

നാരങ്ങാനം ∙ വാഴത്തോപ്പിൽ ഭാഗത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ വലിയ അപകടം വഴിമാറിയതു തലനാരിഴയ്ക്ക്. അപകടകരമായി നിന്ന വലിയ പാറക്കെട്ടുകൾ ഉരുണ്ട് ഇറങ്ങിയിരുന്നെങ്കിൽ പ്രദേശത്തെ ഏഴോളം വീടുകൾ പൂർണമായും നശിക്കുമായിരുന്നു. മണ്ണിടിച്ചിൽ സമയത്ത് മഴയില്ലാതിരുന്നതും ഭാഗ്യമായി. ഞായറാഴ്ച രാത്രി 8ന് ആണ് മണ്ണിടിഞ്ഞ് വാഴത്തോപ്പിൽ വി. വിശ്വനാഥന്റെ വീട് പൂർണമായും തകർന്നത്. അപകട സമയത്ത് വിശ്വനാഥനും ഭാര്യ വനജയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. മകനും ഭാര്യയും ഭാര്യവീട്ടിലായിരുന്നു. രാത്രി 7.45ന്

മുറ്റത്ത് കിടന്നിരുന്ന തുണിയെടുക്കാൻ വേണ്ടി വനജ പുറത്ത് ഇറങ്ങിയപ്പോഴാണു മുകളിൽനിന്ന് വെള്ളവും ചെളിയും ഒഴുകി വരുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ വിശ്വനാഥനെയും കൂട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ആ സമയത്തുതന്നെ മുകളിൽ നിന്ന് ഉരുളൻ പാറകളും മണ്ണും വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. സമീപത്തെ വീട്ടിലെ ശിവരാജന്റെ കിണറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  

അപകടകരമായി നിന്ന പാറ പൊട്ടിച്ച് മാറ്റുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനും ഖനന–ഭൂഗർഭ വിഭാഗത്തിൽ അപേക്ഷ നൽകിയിരുന്നു. ഇവിടെ നിന്ന് ഇവ പൂർണമായും ഇവ പൊട്ടിച്ച് മാറ്റുന്നതിന് അനുമതി നൽകിയില്ല. കുറച്ചുമാത്രം പൊട്ടിച്ച് മാറ്റുന്നതിനാണ് അനുമതി നൽകിയത്. 60 ലോഡ് പാറ ഇവിടെ നിന്ന് പൊട്ടിച്ചു മാറ്റിയിരുന്നു. ബാക്കിയുള്ളവ കൂടി പൊട്ടിച്ച് മാറ്റുന്നതിന് അനുമതി നൽകിയിരുന്നെങ്കിൽ തങ്ങളുടെ വീട് തകരില്ലായിരുന്നുവെന്നു അവർ പറയുന്നു

pathanamthitta-rain-havoc-pic-1

. ഇവരുടെ വീടിനു മുകളിലേക്കും മുറികൾക്കുള്ളിലേക്കും പാറക്കെട്ടുകളും മണ്ണും പതിച്ച് വീട് പൂർണമായും തകർന്നു. 2018ലും ഇവിടെ മലയിടിച്ചിൽ ഉണ്ടായി. അന്ന് വിശ്വനാഥന്റെ കാലിത്തൊഴുത്ത് പൂർണമായും നശിച്ചിരുന്നു. വീടിന്റെ ഒരു മുറിയുടെ മൂലയ്ക്കു പൊട്ടൽ ഉണ്ടാവുകയും ചെയ്തിരുന്നു. ഒട്ടേറെത്തവണ ഖനന–ഭൂഗർഭ വിഭാഗം ഓഫിസിൽ അപേക്ഷയുമായി എത്തിയെങ്കിലും അവർ അനുമതി നിഷേധിക്കുകയായിരുന്നെന്നും വീട്ടുകാർ പറയുന്നു. 

pathanamthitta-rain-havoc-pic-2jpg

ഇന്നലെ രാവിലെ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും വീടിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന അത്യാവശ്യ സാധനങ്ങൾ ഇവർക്ക് എടുത്തു നൽകി. ഒരു മുറിയിൽ പൂർണമായും പാറക്കെട്ടുകളും മണ്ണും നിറഞ്ഞ അവസ്ഥയാണ്. വീടിന്റെ ഭിത്തികൾ എല്ലാം പൊട്ടി. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ എല്ലാം നശിച്ചു. മേൽക്കൂരയിലെ കോൺക്രീറ്റ് ഭാഗം ഭിത്തിയിൽ നിന്ന് അടർന്ന് മാറിയ നിലയിലാണ്. ശക്തമായ മഴയുണ്ടായാൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. മുൻ കരുതൽ എന്ന നിലയിൽ സമീപത്തെ 7 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇതിനായി നാരങ്ങാനം കണമുക്കിലെ ഗവ. ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചു. ഇവിടെ ഇപ്പോൾ രണ്ട് കുടുംബങ്ങളാണ് ഉള്ളത്. ബാക്കി രണ്ട് കുടുംബങ്ങൾക്കൂടി എത്തും.

മറ്റുള്ള മൂന്നു കുടുംബങ്ങൾ തങ്ങളുടെ ബന്ധുവീട്ടിലേക്കു മാറി താമസിക്കുകയാണെന്നു പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ, വാർഡ് അംഗം ബെന്നി ദേവസ്യ എന്നിവർ പറഞ്ഞു. അപകടകരമായി നിൽക്കുന്ന പാറകൾ അടിയന്തരമായി പൊട്ടിച്ച് മാറ്റുന്നതിനുള്ള അനുമതി അധികൃതർ നൽകിയതായി വാർഡ് അംഗം പറഞ്ഞു. മണ്ണിടിഞ്ഞതിന്റെ കുറച്ചുഭാഗം നാരങ്ങാനം–ചേക്കുളം–തെക്കേമല റോഡിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. റോഡിൽ ചെളി കെട്ടിക്കിടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതവും അധികൃതർ നിരോധിച്ചിട്ടുണ്ട്.  

വാഴത്തോപ്പിലേത് മണ്ണിടിച്ചിൽ

pathanamthitta-rain-havoc-pic-3

വാഴത്തോപ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായത് ഉരുൾ പൊട്ടലല്ല,  ശക്തമായ മണ്ണിടിച്ചിലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അപകടത്തെ തുടർന്ന് ഇന്നലെ രാവിലെ എംഎൽഎ, ആർഡിഒ, തഹസിൽദാർ, അഗ്നിശമന സേന എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീടിന്റെ മുകൾ ഭാഗത്ത് അപകടകരമായി നിന്ന പാറ പൊട്ടിച്ചു മാറ്റുന്നിടത്തെ മണ്ണിൽ കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള ശക്തമായ മഴയിൽ വെള്ളം കെട്ടിനിന്ന് ഇടിഞ്ഞു താണതാണു അപകടത്തിന് കാരണമെന്നും അധികൃതർ പറഞ്ഞു.

ഈ പ്രദേശം മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയാണെന്നും അവർ പറഞ്ഞു. ഇപ്പോഴും അപകടം ഉണ്ടായ സ്ഥലത്തെ പാറക്കെട്ടുകൾക്കിടയിൽ വലിയതോതിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇനിയും മഴ പെയ്താൽ ഇത് കൂടുതൽ അപകടത്തിന് കാരണമാകും. മണ്ണിടിച്ചിൽ–ഉരുൾപൊട്ടൽ സാധ്യതകളുള്ള പ്രദേശങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ അതത് പഞ്ചായത്തുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com