ADVERTISEMENT

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഇപ്പോൾ ഭേദമായി. പ്രമേഹത്തിന്റെ മരുന്നുകൾ കഴിക്കുന്നുണ്ട്. കോവിഡാനന്തര കരുതൽ എന്ന രീതിയിൽ മുന്നോട്ട് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?’ അടൂർ സ്വദേശി സംഗീതയുടേതാണ് സംശയം.

‘കോവിഡ് ഭേദമായവർ മുന്നോട്ടും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചൂടോടു കൂടി ആഹാരപദാർഥങ്ങൾ കഴിക്കണം. നന്നായി വെള്ളം കുടിക്കണം. ഇന്ദുകാന്തം, നയോപായം, ദ്രാക്ഷാദി കഷായങ്ങൾ കുടിക്കുന്നതും നല്ലതാണ്. രാമച്ചം, ചുക്ക്, മഞ്ഞൾ എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഉത്തമമാണ്.’ ഡോ. ജീത്തു എൽസ ജോയ് നിർദേശിച്ചു.

? ബന്ധുവിന് കോവിഡ് വന്നു ഭേദമായി. ഇപ്പോൾ സംസാരിക്കുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെടുന്നു. എന്താണ് പരിഹാര മാർഗം. (വത്സമ്മ, കോഴഞ്ചേരി)

കോവിഡ് വന്നവർക്ക് പൊതുവേ കാണുന്ന പ്രശ്നങ്ങളിലൊന്നാണിത്. അഗസ്ത്യ രസായനം, ദശമൂല രസായനം എന്നിവ കഴിക്കാം. ഇതു ശ്വാസകോശ പ്രശ്നങ്ങൾക്ക് ആശ്വാസമാകും. കഫം ഉണ്ടാകാൻ കാരണമാകുന്ന ഭക്ഷണ പദാർഥങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. പ്രാണായാമം ചെയ്യുന്നതും നല്ലതാണ്.

? ഡിസ്കിന് പ്രശ്നമുണ്ട്. ആയുർവേദ മരുന്നുകൾ കഴിക്കുന്നുണ്ട്. ഹൃദയത്തിൽ ബ്ലോക്ക് ഉണ്ട്. അതിനും മരുന്നുകൾ കഴിക്കുന്നു. മരുന്നിനോട് അലർജിയുണ്ട്. വാക്സീൻ എടുക്കാമോ. (മറിയാമ്മ കോശി, റാന്നി പെരുനാട്)

വലിയ തോതിൽ അലർജിയുള്ളതായി തോന്നുന്നില്ല. ഹൃദ്രോഗത്തിനു മരുന്നു കഴിക്കുന്നതു കൊണ്ട് ഡോക്ടറെ കണ്ട് കാര്യങ്ങൾ കൃത്യമായി പറഞ്ഞ് അലർജി ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. ആയുർവേദ മരുന്നുകൾ കഴിക്കുന്നതുകൊണ്ട് വാക്സീൻ എടുക്കുന്നതിൽ പ്രശ്നമില്ല.

? കോവിഡ് പോസിറ്റീവായിരുന്നു. നെഗറ്റീവായ ശേഷം മുതൽ കൈമുട്ടിന് വേദനയാണ്. മരുന്നുകൾ കഴിച്ചിരുന്നു. എന്നാൽ മരുന്നു കഴിച്ചുകൊണ്ടിരുന്നപ്പോൾ വേദന കുറവായിരുന്നു. മരുന്നു കഴിഞ്ഞപ്പോൾ വീണ്ടും വേദനയുണ്ട്. (മനോജ്, പത്തനംതിട്ട)

ടെന്നിസ് എൽബോ ആണോയെന്ന് പരിശോധിക്കുക. കറുത്ത മർമാണി (മർമ ഗുളിക) മുട്ടയുടെ വെള്ളയിൽ ചാലിച്ച് കൈമുട്ടുകളിൽ പുരട്ടുന്നത് നല്ലതാണ്. നീരു വലിയുന്നതിനുള്ള മരുന്നുകൾ ഇതിന് ഗുണപ്രദമായിരിക്കും. ആയുർവേദ ഡോക്ടറെ നേരിൽക്കണ്ട് ശാരീരികാവസ്ഥ മനസ്സിലാക്കി ചികിത്സ തീരുമാനിക്കുന്നത് നന്നായിരിക്കും. കൈകൊണ്ടുള്ള ചലനങ്ങൾ കുറയ്ക്കുന്നത് ആശ്വാസം നൽകും.

? 23 വയസ്സുള്ള മകന് കോവിഡ് ആയിരുന്നു. ഇതു ഭേദമായ ശേഷം മുതൽ കഫക്കെട്ട്, ചുമ, തുമ്മൽ, അലർജി എന്നിവ കാണുന്നു. നടക്കുമ്പോൾ കിതപ്പും ബുദ്ധിമുട്ടുമുണ്ട്. (പുഷ്പ, അടൂർ)

കോവിഡ് വന്നതിനു ശേഷം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. കർപ്പൂരാദി തൈലം ചൂടാക്കി ഉപ്പു ചേർത്ത് നെ‍ഞ്ചിൽ പുരട്ടുക. പനിക്കൂർക്ക, തുളസി എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ തുണി മുക്കി നെഞ്ചിൽ ആവി പിടിക്കാം. സിദോപലാദി ചൂർണം തേനിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. അഗസ്ത്യ രസായനവും ഗുണം ചെയ്യും. കൂടുതൽ ബുദ്ധിമുട്ടു തോന്നുകയാണെങ്കിൽ അടുത്തുള്ള ആയുർവേദ ആശുപത്രിയിൽ കാണിക്കാവുന്നതാണ്.

? 20 വയസ്സുള്ള മകൾക്ക് ശ്വാസകോശ സംബന്ധമായ അലർജിയുണ്ട്. കോവിഡ് വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. (എൽസി, പത്തനംതിട്ട)

ഔഷധം, ആഹാരം, വ്യായാമം, വിഹാരം, ഉറക്കം തുടങ്ങിയ ഘടകങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. സിട്രസ് ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാം. ഹരിദ്രാകണ്ഡം, അഗസ്ത്യ രസായനം എന്നിവ കൊടുക്കാവുന്നതാണ്. ഇന്ദുകാന്തം കഷായം, സുദർശന ഗുളിക, വില്വാദി ഗുളിക എന്നിവ പ്രതിരോധത്തിനായി ഉപയോഗിക്കാം. ആവി പിടിക്കുന്നതും ഗുണം ചെയ്യും.

? മാതാപിതാക്കൾക്ക് പ്രമേഹത്തിന്റെ അസുഖമുണ്ട്. ഇതിന് പ്രമേഹൗഷധി എന്ന മരുന്നു കഴിക്കുന്നുണ്ട്. ഇതു കൂടാതെ മെറ്റ്മോർഫിനും കഴിക്കുന്നുണ്ട്. പ്രമേഹൗഷധി കഴിക്കുമ്പോൾ ചെറിയ തോതിൽ വയറിനു പ്രശ്നങ്ങൾ ഉള്ളതായി പറയുന്നു. ഈ മരുന്നു നിർത്തുന്നതിൽ പ്രശ്നമുണ്ടോ. (രഞ്ജു, റാന്നി പെരുനാട്)

പ്രമേഹൗഷധി കഴിക്കുമ്പോൾ പ്രശ്നമുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രം മരുന്ന് നിർത്തുക. നെല്ലിക്കാ നീരും മഞ്ഞളും കഴിക്കുന്നത് നല്ലതാണ്. നിശാകദകാദി എന്ന മരുന്ന് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.

അറിഞ്ഞിരിക്കാം ഈ പദ്ധതികൾ

കോവിഡുമായി ബന്ധപ്പെട്ടുള്ള ആയുർവേദ ചികിത്സയ്ക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ പദ്ധതികൾ ജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. പഞ്ചായത്ത് തല ഡിസ്പെൻസറികൾ വഴിയാണ് ഇവ നടപ്പാക്കുന്നത്.

ആയുർ ഹെ‍ൽപ്

കോവിഡുമായി ബന്ധപ്പെട്ട് ജൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, സർക്കാർ–സ്വകാര്യ മേഖലകളിലെ ഡോക്ടർമാരുമായി ചേർന്ന് രൂപംകൊടുത്ത പദ്ധതിയാണ് ആയുർ ഹെൽപ്. മുഴുവൻ സമയവും ഈ സേവനം ലഭ്യമാണ്. ടെലി കൺസൽട്ടേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാണ്. വിളിക്കേണ്ട നമ്പർ: 7034940000

1. സ്വാസ്ഥ്യം പദ്ധതി: 60 വയസ്സിനു മുകളിലുള്ളവർക്ക് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്നുകൾ സൗജന്യമായി നൽകുന്നു.
2. സുഖായുഷ്യം : 60 വയസ്സിനു താഴെയുള്ളവർക്ക് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്നുകൾ സൗജന്യമായി നൽകുന്നു.
3. അമൃതം : സമ്പർക്ക വിലക്കിലും ഐസലേഷനിലും കഴിയുന്നവർക്ക് മരുന്നുകൾ എത്തിക്കുന്ന പദ്ധതി.
4. ഭേഷജം : കോവിഡ് പോസിറ്റീവായവർക്ക് മരുന്നുകൾ എത്തിച്ചു നൽകുന്നു.
5. പുനർജനി : കോവിഡാനന്തര ചികിത്സകൾക്കാണ് ഇൗ പദ്ധതി.

പ്രതിരോധശേഷി വർധിപ്പിക്കാം

കോവിഡ് വരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതോടൊപ്പം തന്നെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കൂടി സ്വീകരിക്കണം. ഇതു പ്രധാനമായും ആഹാരം, ഔഷധി, വ്യായാമം, വിഹാരം, ഉറക്കം എന്നീ ഘടകങ്ങളിലൂടെയാണ് ആർജിക്കേണ്ടത്. ഇന്ദുകാന്തം കഷായം, സുദർശന ഗുളിക, വില്വാദി ഗുളിക എന്നിവ കഴിക്കുന്നത് ഉത്തമമാണ്. അഗസ്ത്യ രസായനം, ദശമൂലരസായനം എന്നിവ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആരോഗ്യത്തോടൊപ്പം തന്നെ പരിസരശുചിത്വം കൂടി ഉറപ്പാക്കണം. അപരാജിത ചൂർണം വീടിനു പുറത്തും അകത്തും പുകയ്ക്കുന്നത് അണുനശീകരണത്തിന് സഹായകമാണ്.

വേണം കരുതൽ ഭക്ഷണത്തിലും

ഭക്ഷണം ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കണം. ഇഞ്ചി, മഞ്ഞൾ, ചുക്ക് തുടങ്ങിയവ നേരിട്ടു കഴിക്കാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുക. ഇവയുടെ അമിത ഉപയോഗം ഉദരരോഗങ്ങൾക്ക് കാരണമാകാം. നാരങ്ങാനീരും തേനും ചേർത്തു കഴിക്കുന്നത് നല്ലതാണ്. കഫം ഉണ്ടാകാൻ കാരണമാകുന്ന ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com