ADVERTISEMENT

പത്തനംതിട്ട ∙ ഔദ്യോഗികമായി നിശ്ചയിച്ചതിന്റെ ഇരട്ടിയിലേറെപ്പേർ വാക്സിനേഷന് എത്തിയതോടെ ജില്ലയിൽ മൂന്നിടത്തെ 40–44 പ്രായത്തിന്റെ പൊതുവിഭാഗം വാക്സിനേഷൻ നിർത്തി. മിക്ക ജില്ലകളിലും ഇന്ന് ഇതേ പ്രശ്നമുണ്ടായെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. സംസ്ഥാന സർക്കാരിന്റെ ഇ– ഹെൽത്ത് വിഭാഗത്തിന്റെ വെബ്സൈറ്റിലെ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നാണു വിശദീകരണം.  ജില്ലയിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കാഞ്ഞേറ്റുകര, തുമ്പമൺ സിഎച്ച്സികൾ എന്നിവിടങ്ങളിലെ 40–44 പ്രായപരിധിയിലെ പൊതുവിഭാഗത്തിന്റെ വാക്സിനേഷനും റജിസ്ട്രേഷനുമാണു നിർത്തിയത്.

ഇവിടങ്ങളിൽ ആശ, അങ്കണവാടി വർക്കർമാർ തുടങ്ങിയവർ വഴിയുള്ള സ്പോട്ട് റജിസ്ട്രേഷൻ രീതി മാത്രമാണു തുടരുന്നത്. ഇത്തരത്തിൽ എത്തുന്നവർക്കു മാത്രമാണു വാക്സിനേഷനും.  ചൊവ്വാഴ്ച വൈകിട്ട് 6 മുതലായിരുന്നു റജിസ്ട്രേഷൻ ആരംഭിച്ചത്. ഇന്നലെയും വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പേർ എത്തിയതോടെ മന്ത്രി വീണാ ജോർജിനടക്കം ജില്ലയിലെ ആരോഗ്യവിഭാഗം ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോവിൻ പോർട്ടൽ ഹാക്ക് ചെയ്ത് നിശ്ചിത എണ്ണത്തിലുംഅധികം ആളുകൾക്ക് റജിസ്ട്രേഷൻ നൽകുന്ന സംഘം ഇതിനു പിന്നിലുണ്ടാകാമെന്നും ആരോഗ്യപ്രവർത്തകർ ആരോപിക്കുന്നു. 

ജില്ലയിലെ പ്രശ്നം സംബന്ധിച്ചു മന്ത്രി വീണ ജോർജിനു ചൊവ്വാഴ്ച തന്നെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുടരന്വേഷണത്തിൽ കാര്യം വ്യക്തമാകുമെന്നാണു പ്രതീക്ഷ.  ചൊവ്വാഴ്ച വൈകിട്ട് 6 മുതലാണു റജിസ്ട്രേഷൻ ആരംഭിച്ചത്. ജില്ലയിലെ 7 പ്രധാന ആശുപത്രികളിലും 10 ബ്ലോക്ക് തല സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും 23 എഫ്എച്ച്സികളിലുമായാണു വാക്സീൻ സ്ലോട്ടുകൾ അനുവദിക്കുന്നത്. ഒരു കേന്ദ്രത്തിൽ 50 പേർക്കു റജിസ്ട്രേഷൻ എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങി 15 മിനിറ്റിനകം മുഴുവൻ സ്ലോട്ടുകളും നിറഞ്ഞിരുന്നു.

എന്നാൽ ഇന്നലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിൻ പോർട്ടലിൽ നിന്നുള്ള ബുക്കിങ് സന്ദേശവുമായെത്തിയത് നൂറിലേറെപ്പേരായിരുന്നു. ഇതേത്തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിലാണു വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പേർക്കു റജിസ്ട്രേഷൻ കിട്ടിയെന്ന സൂചന ലഭിച്ചത്. അതേസമയം ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പ്രതികരിക്കാനാവില്ലെന്നുമാണു സംസ്ഥാന ഇ– ഹെൽത്ത് വിഭാഗവും കോവിൻ റജിസ്ട്രേഷന്റെ സംസ്ഥാനതല വിഭാഗവും പറയുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com