ADVERTISEMENT

പത്തനംതിട്ട∙ ബൂത്ത് തലത്തിൽ സംഘടനാ സംവിധാനം ദുർബലം. പല ബൂത്തുകളിലേക്കു  നൽകിയ പോസ്റ്ററുകളും അഭ്യർഥനയും വെളിച്ചം കണ്ടില്ല. ഘടക കക്ഷിക്ക് അനുവദിച്ച സീറ്റിൽ സ്്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു ശേഷവും  കോൺഗ്രസ് അവകാശവാദം ഉന്നയിച്ച് പരസ്യ പ്രസ്താവനകൾ നടത്തി. ദേശീയ നേതാക്കളുടെ പര്യടനത്തിൽ നിന്ന് ജില്ലയിലെ ചില മണ്ഡലങ്ങളെ ഒഴിവാക്കി.  ജില്ലയിൽ യുഡിഎഫിന്റെ കനത്ത തോൽവിയെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച  കെപിസിസി സമിതിക്കു  മുൻപാകെ സ്ഥാനാർഥികളും കോൺഗ്രസ് ഭാരവാഹികളും  നൽകിയ  തെളിവുകളിൽ ചിലതാണിത്. മുൻ എംഎൽഎ പി.ജെ. ജോയി അധ്യക്ഷനായ സമിതിയിൽ സേവ് യൂണിവേഴ്സിറ്റി  സമിതി നേതാവ്  ആർ. എസ്.പണിക്കർ, വി. ആർ. പ്രതാപൻ എന്നിവരാണ്  ആദ്യഘട്ട തെളിവെടുപ്പ് നടത്തിയത്.

അടൂർ, റാന്നി, തിരുവല്ല മണ്ഡലത്തിലെ സ്ഥാനാർഥികളും  നേതാക്കളും  നേരിട്ട് എത്തി സമിതിക്ക് തെളിവ് നൽകി.കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിനു ലഭിച്ച തിരുവല്ല സീറ്റിൽ കുഞ്ഞുകോശി പോളിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷവും കോൺഗ്രസിന്റെ ചില നേതാക്കൾ അവകാശവാദം ഉന്നയിച്ച് പരസ്യ പ്രസ്താവന നടത്തി. ഇത് യുഡിഎഫിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയതായി കേരള കോൺഗ്രസ് (ജോസഫ്) വിശദീകരിച്ചു.  സംഘടനാ സംവിധാനത്തിലെ പോരായ്മകൾ കാരണം  നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളിലെ ചില ബൂത്തുകളിൽ സ്്ഥാനാർഥിയുടെ  അഭ്യർഥന വോട്ടർമാരുടെ വീടുകളിൽ എത്തിയില്ലെന്നും  അവർ അറിയിച്ചു.

സംവരണ സീറ്റായ അടൂരിൽ  സ്ഥാനാർഥി എന്ന നിലയിൽ എം.ജി.കണ്ണൻ തിളങ്ങി. എൽഡിഎഫിന് കനത്ത വെല്ലുവിളി ഉയർത്തി പിടിച്ചു കയറി. കഴിഞ്ഞ തവണ 26000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നത്  2919 ആയി കുറച്ചു കൊണ്ടുവരാനും  കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി പ്രചാരണത്തിനു വെല്ലുവിളിയായി.  ദേശീയ നേതാക്കളുടെ പര്യടനത്തിൽ നിന്ന് അടൂരിനെ പൂർണമായും ഒഴിവാക്കിയത് തെറ്റായ സന്ദേശം പകർന്നതായി പരാതി ഉണ്ടായി. 

കെപിസിസി  സെക്രട്ടറി റിങ്കു ചെറിയാൻ സ്ഥാനാർഥിയായതോടെ  റാന്നി മണ്ഡലത്തിൽ പൂർണ വിജയ പ്രതീക്ഷയായിരുന്നു. . 51380 വോട്ട് നേടാൻ കഴിഞ്ഞു.  1200 വോട്ടിന്റെ വ്യത്യാസത്തിലാണ് മണ്ഡലം കൈവിട്ടു പോയത്. സംഘടന ഒറ്റക്കെട്ടായി  നിന്നിരുന്നെങ്കിൽ സീറ്റ് പിടിച്ചെടുക്കാമായിരുന്നു  എന്നും  നേതാക്കൾ വിശദീകരിച്ചു. റാന്നിയിൽ നിന്ന് 30 ഭാരവാഹികളാണ് കമ്മിഷന് തെളിവ് നൽകിയത്. സംഘടനാപരമായ  വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കുമെന്ന് സമിതി  സ്ഥാനാർഥികൾക്കും  നേതാക്കൾക്കും  ഉറപ്പ് നൽകി. രണ്ടാംഘട്ടമായി കോന്നി, ആറന്മുള മണ്ഡലത്തിലെ തെളിവെടുപ്പ് ഓഗസ്റ്റ് 5ന് നടക്കും. വിശദമായ റിപ്പോർട്ട് 15ന് കെപിസിസിക്ക്  സമർപ്പിക്കാനാണ് സമിതി ഉദ്ദേശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com