ADVERTISEMENT

മല്ലപ്പള്ളി ∙ ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കുന്നതിനുള്ള സമഗ്ര ശുദ്ധജല പദ്ധതിയുടെ പൂർത്തീകരണം നീളുന്നു.2020 മാർച്ച് മാസത്തിൽ രണ്ടാംഘട്ട പ്രവൃത്തികൾ പൂർത്തിയാകുമെന്നു പ്രഖ്യാപിച്ചിട്ടും പണികൾ എങ്ങുമെത്തിയിട്ടില്ല. പുതിയതായി നിർമിക്കുന്ന ചില ജലസംഭരണികളിൽ നാമമാത്രമായ പണികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതിയുടെ നിർമാണം തുടങ്ങിയിട്ട് 6 വർഷം കഴിഞ്ഞു. മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും കോട്ടാങ്ങൽ പഞ്ചായത്തിലെ ഒന്നുമുതൽ 3 വരെയും 11, 12, 13 വാർഡുകളെയും ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചത്. ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2014ലാണ് ഒന്നാംഘട്ട പണികൾ തുടങ്ങിയത്. ഒന്നാംഘട്ട പ്രവൃത്തികൾക്ക് നബാർഡിൽ നിന്നുള്ള 7.98 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ആനിക്കാട് പഞ്ചായത്തിലെ കോഴിമണ്ണിൽകടവിൽ 9 മീറ്റർ വ്യാസമുള്ള കിണറും ഇതിനു മുകളിൽ പമ്പ്ഹൗസും പുളിക്കാമലയിൽ 10 ലക്ഷം ലീറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കാവുന്ന ശുദ്ധീകരണശാലയുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിന്റെ പണികൾ ഭൂരിഭാഗവും പൂർത്തീകരിച്ചിട്ടുമുണ്ട്.

 മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്ത് സമഗ്ര ശുദ്ധജല പദ്ധതിക്കായി മാസങ്ങൾക്കു മുൻപ്  പാതയോരത്ത് ഇറക്കിയ പൈപ്പുകൾ.
മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്ത് സമഗ്ര ശുദ്ധജല പദ്ധതിക്കായി മാസങ്ങൾക്കു മുൻപ് പാതയോരത്ത് ഇറക്കിയ പൈപ്പുകൾ.

രണ്ടാംഘട്ട പ്രവൃത്തികൾക്കായി 2017 മാർച്ചിൽ 24 കോടി രൂപ അനുവദിച്ചു. പുളിക്കാമലയിലെ സംഭരണിയിൽ ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നതിന് പുളിക്കാമല, കാവുങ്കഴമല, കാട്ടാമല, വായ്പൂര് തൃച്ചേർപ്പുറം, നാരകത്താനി, പൊന്നിരിക്കുംപാറ എന്നിവിടങ്ങളിൽ പുതിയ സംഭരണികൾ നിർമിക്കുകയും പരയ്ക്കത്താനം, കൈപ്പറ്റ, കാരിക്കാമല, ഹനുമാൻകുന്ന് എന്നിവിടങ്ങളിൽ നിലവിലുള്ളവ നവീകരിക്കുകയും ചെയ്യുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. നവീകരിക്കുന്ന ജലസംഭരണിയിലേക്കും കാവുങ്കഴമല, കാട്ടാമല, നാരകത്താനി, പൊന്നിരിക്കുംപാറ, തൃച്ചേർപ്പുറം എന്നിവിടങ്ങളിൽ പുതിയതായി നിർമിക്കുന്ന സംഭരണികളിലേക്കും ശുദ്ധീകരിച്ച ജലം എത്തിക്കുന്നതിനു പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികളും രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 

മണിമലയാറ്റിലെ കോഴിമണ്ണിൽകടവിലെ 9 മീറ്റർ വ്യാസമുള്ള ഇൻടേക്ക് കിണറിൽ നിന്നു 400 എംഎം വ്യാസമുള്ള ഡിഎൽ പൈപ്പിലൂടെ പുളിക്കാമലയിലെ ശുദ്ധീകരണശാലയിൽ ജലം എത്തിക്കും. റോവാട്ടർ പമ്പ്ഹൗസിൽ 100 കുതിരശക്തിയുള്ള പമ്പ്സെറ്റുകളും 400 കെവിഎ ട്രാൻസ്ഫോമറുകളും ജലശുദ്ധീകരണശാലയിൽ വിവിധ ശേഷിയുള്ള പമ്പ്സെറ്റുകളും ഉൾപ്പെട്ടിരുന്നു.പമ്പിങ് പൈപ്പുകളും ജലവിതരണ പൈപ്പുകളും മറ്റും സ്ഥാപിക്കുന്ന പണികൾ ഇതുവരെയായി നടത്താനായിട്ടില്ല. പൊതുമരാമത്ത് റോഡുകളിൽ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള 3.64 കോടി രൂപ അനുവദിക്കാത്തതും പദ്ധതി പൂർത്തീകരണത്തിന് തടസ്സമാകുന്നുണ്ട്. വിവിധയിടങ്ങളിൽ പൈപ്പുകൾ ഇറക്കിയിട്ട് 6 മാസത്തിലേറെയായി. ശുദ്ധജല വിതരണ പദ്ധതി എത്രയും വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടിയെടുക്കണമെന്നാണ് മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്ത് നിവാസികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com