പറമ്പിക്കുളം ഉൾപ്പെടെ 14 കടുവ സങ്കേതങ്ങൾക്ക് ലോകോത്തര പ്രകൃതിസംരക്ഷണ നിലവാര പദവി

pathanamthitta news
SHARE

പത്തനംതിട്ട ∙ കേരളത്തിലെ പറമ്പിക്കുളം ഉൾപ്പെടെ രാജ്യത്തെ 14 കടുവ സങ്കേതങ്ങൾക്ക് ലോകോത്തര പ്രകൃതിസംരക്ഷണ ഗുണനിലവാര അക്രെഡിറ്റേഷൻ. കൺസർവേഷൻ അഷ്വേർഡ് ടൈഗർ സ്റ്റാൻഡേർഡ്സ് (ക്യാറ്റ്സ്) എന്നറിയപ്പെടുന്ന ഈ സൂചിക ഇന്നലെ ലോക കടുവാദിനത്തോടനുബന്ധിച്ച് കേന്ദ്ര വനം–പരിസ്ഥിതി കാലാവസ്ഥാമാറ്റ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.

തമിഴ്നാട്ടിലെ മുതുമല, ആനമല, കർണാടകത്തിലെ ബന്ദിപ്പൂർ എന്നീ കടുവാസങ്കേതകങ്ങളും സൂചികയിൽ ഇടം പിടിച്ചു. മനസ്, കാസിരംഗ, ഒറാങ് (അസം), സത്പുര, പെന്ന, ഖാന (മധ്യപ്രദേശ്), ദുദ്വ (യുപി), പെഞ്ച് (മഹാരാഷ്ട്ര), സുന്ദർബൻ (ബംഗാൾ), വൽമീകി (ബിഹാർ) എന്നിവയാണ് മറ്റു സങ്കേതങ്ങൾ. റഷ്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സങ്കേതങ്ങളും ഗുണനിലവാര പട്ടികയിലുണ്ട്. കടുവകളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ പ്രാദേശിക സമൂഹങ്ങളുടെ പങ്ക് സൂചികയിലെ പ്രധാന ഘടകമാണ്.

ഉടമസ്ഥരല്ല, ഇത്തരം പ്രകൃതി സമ്പത്തിന്റെ സൂക്ഷിപ്പുകാരും കാവലാളുകളുമാകണം ജനങ്ങളെന്ന കാഴ്ചപ്പാടാണ് ക്യാറ്റ്സ് പങ്കുവയ്ക്കുന്നത്. ഗ്ലോബൽ ടൈഗർ ഫോറം, വിശ്വ പ്രകൃതിനിധി (ഡബ്ലിയു ഡബ്ലിയു എഫ്), ടൈഗർ കൺസർവേഷൻ അതോറിറ്റി എന്നിവരാണ് പരിശോധന നടത്തി ക്യാറ്റ്സ് അംഗീകാരം നൽകിയത്.  121 സങ്കേതങ്ങൾ ഉള്ളതിൽ 51 എണ്ണം ഇന്ത്യയിലാണ്. ഇതിൽ 20 സങ്കേതങ്ങളെയാണ് ആദ്യഘട്ടത്തിൽ വിലയിരുത്തിയത്.

പെരിയാർ ഉൾപ്പെടെയുള്ള സങ്കേതങ്ങളെ ലോക് ഡൗൺ മൂലം ആദ്യഘട്ട വിലയിരുത്തലിൽ ഉൾപ്പെടുത്താനായില്ലെന്നു ഡബ്ലിയു ഡബ്ലിയു എഫ് മാനേജർ കോമൾ ചൗധരി പറഞ്ഞു. അടുത്ത ഘട്ടത്തിൽ ഇവയെ പരിഗണിക്കും. കടുവ സംരക്ഷണത്തിനു ലോകത്ത് ആദ്യമായി നടക്കുന്ന സർട്ടിഫിക്കേഷനിൽ പൂർണമായി പങ്കെടുക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ. കടുവകളുടെ എണ്ണം, പരിപാലനം, സാമൂഹിക പങ്കാളിത്തം, ടൂറിസം, ആവാസവ്യവസ്ഥയുടെ സംരക്ഷണം തുടങ്ങിയ 17 ഘടകങ്ങൾ വിലയിരുത്തി 70 ശതമാനം സ്കോർ നേടുന്ന സങ്കേതങ്ങൾക്കാണ് ഈ ആഗോള പദവി നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA