ADVERTISEMENT

തിരുവല്ല ∙ കുവൈത്തിന്റെ നൊമ്പരമായ ഇറാഖ് അധിനിവേശം നടന്നിട്ട് 31 വർഷം പിന്നിടുന്നു. 1990 ഓഗസ്‌റ്റ് 2നാണ് ഇറാഖ് സൈന്യം സദ്ദാം ഹുസൈന്റെ നിർദേശാനുസരണം കുവൈത്തിലേക്ക് ഇരച്ചു കയറിയത്. 7 മാസത്തെ അധിനിവേശ കാലയളവിൽ സ്വദേശികളും വിദേശികളുമായി 570 പേർ കൊല്ലപ്പെട്ടെന്നാണു ഔദ്യോഗിക കണക്ക്. ഒട്ടേറെപ്പേർ തടവുകാരായി.

കുവൈത്ത് സമ്പദ്‌ഘടനയുടെ ജീവനാഡിയായ എണ്ണ മേഖലയിൽ ഇറാഖ് സൈന്യം വരുത്തിയ നാശം ഭീമമായിരുന്നു. 639 എണ്ണക്കിണറുകൾ നശിപ്പിച്ചു. 7 മാസത്തിനുശേഷം യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹായത്തോടെ ഇറാഖ് സേനയെ പുറന്തള്ളി കുവൈത്തിന്റെ സ്വാതന്ത്യ്രവും പരമാധികാരവും പുനഃസ്‌ഥാപിച്ചെങ്കിലും പിന്നെയും സമാധാനത്തിന്റേതല്ലാത്ത ഒട്ടേറെ വർഷങ്ങൾ.

കുവൈത്തിൽ ജോലിക്ക് എത്തിയ പതിനായിരക്കണക്കിന് മലയാളികൾക്കാണ് എല്ലാം നഷ്ടപ്പെട്ടത്. ഇതിൽ ഏറെയും പത്തനംതിട്ട ജില്ലക്കാരായിരുന്നു. നാട്ടിലേക്ക് പലായനം ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിയ ആയിരക്കണക്കിന് മലയാളികൾക്ക് തുണയായത് പ്രവാസി വ്യവസായി ടൊയോട്ട സണ്ണി എന്ന ഇരവിപേരൂർ അടപ്പനാംകണ്ടത്തിൽ എം.മാത്യൂസായിരുന്നു. ഇദ്ദേഹം 2017ൽ മരിച്ചു.

ഇറാഖ് ആക്രമിച്ചപ്പോൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഡിജിറ്റൽ രേഖകൾ ചോരാതെ സൂക്ഷിച്ചത് വെണ്ണിക്കുളം കോതകുളത്ത് ജോസ് തോമസ് ആയിരുന്നു. കുവൈത്ത് അഭ്യന്തര വിഭാഗം ചീഫ് ഡേറ്റ ബോസ് അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ച ജോസ് കഴിഞ്ഞ ഓഗസ്റ്റിലാണ് മരിച്ചത്. 1991മാർച്ച് 11ന് വിമോചനാനന്തര കുവൈത്തിൽ തിരിച്ചെത്തിയ ആദ്യ മലയാളിയും ആദ്യ ഇന്ത്യക്കാരനുമായിരുന്നു ജോസ് തോമസ്. അന്നു കുവൈത്തിൽനിന്ന് ഏറെ ക്ലേശം സഹിച്ച് നാട്ടിലെത്തിയ ചിലർ ഓർമകൾ പങ്കുവയ്ക്കുന്നു.

പട്ടാളക്കാരന്റെ കാലുപിടിച്ചു; എൻജിനീയറുടെ ജീവനായി

ചെങ്ങന്നൂർ ∙ നടുറോഡിൽ ഇറാഖി പട്ടാളക്കാരന്റെ കാലുപിടിച്ച്, വടക്കേ ഇന്ത്യക്കാരനായ എൻജിനീയറുടെ ജീവൻ രക്ഷിച്ച ഓർമയിലാണ് തിരുവല്ല സ്വദേശി ഏബ്രഹാം ഈപ്പൻ. ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ആയ ഭാര്യ സുജ ഏബ്രഹാം പതിവുപോലെ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ദിവസം കഴിയുന്തോറും സ്ഥിതി വഷളായി.

ഗുരുതര രോഗമുള്ളവരെയും ഗർഭിണികളെയും ഇന്ത്യയിലെത്തിക്കാൻ വിമാനം വരുന്നുവെന്നറിഞ്ഞ്, ഗർഭിണിയായ സഹോദരിയെ വിമാനത്താവളത്തിൽ എത്തിക്കാൻ ഏബ്രഹാം പുറപ്പെട്ടു.  താമസിക്കുന്ന ഫ്ലാറ്റുൾപ്പെട്ട കെട്ടിടത്തിലുള്ള വടക്കെ ഇന്ത്യക്കാരനായ എൻ‌ജിനീയറും ആ വിമാനത്തിൽ പോകാനുണ്ടായിരുന്നു. തലയിൽ രക്തം കട്ട പിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളെല്ലാം വഴിയിൽ തടഞ്ഞു. ഏബ്രഹാമും സഹോദരിയും വന്ന വാഹനവും തടഞ്ഞിട്ടു. അപ്പോഴാണ് എൻ‌ജിനീയറുടെ വാഹനം വരുന്നത്. അതും തടയുന്നത് കണ്ടപ്പോൾ ഏബ്രഹാമിന്റെ നെഞ്ച് പിടച്ചു. ഏതോ ഉൾവിളിയിൽ അവിടെക്കണ്ട പട്ടാളക്കാരന്റെ കാൽക്കൽ വീണു കേണപേക്ഷിച്ചു. അറിയാവുന്ന ഭാഷയിൽ ആരോഗ്യനില വിവരിച്ചു.

അലിവു തോന്നിയ പട്ടാളക്കാരൻ എൻ‌ജിനീയറുടെ വാഹനം കടത്തിവിട്ടു. സഹജീവിക്കുവേണ്ടി മറ്റൊരാളുടെ കാലിൽ വീണതിൽ ഇന്നും ഏബ്രഹാമിന് വിഷമമില്ല. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കു ശേഷം സാൽമിയയിൽ കൺമണി എന്ന പേരിൽ പലവ്യഞ്ജന കടയും നടത്തിയിട്ടുണ്ട്. അങ്ങനെ `കൺ‌മണി അച്ചായൻ` എന്ന പേരുകിട്ടി. 2010ൽ കുവൈത്തിനോട് വിടപറഞ്ഞു. ഇപ്പോൾ ചെങ്ങന്നൂരിൽ സ്റ്റേഷനറിക്കട നടത്തുകയാണ്.

നഷ്ടമായ കാറും തിരിച്ചു നൽകിയ നിക്ഷേപവും

കുവൈത്തിലെത്തിയ ആദ്യ മലയാളികളിലൊരാളാണ് ഇരവിപേരൂർ കുറുന്തയിൽ കെ.സി.തോമസ് (87). 1955 ജനുവരി 11നാണ് കുവൈത്തിൽ എത്തിയത്. അൽ എയ്ൻ ബാങ്ക് ഓഫ് കുവൈത്തിലെ ഡപ്യൂട്ടി മാനേജരായിരുന്നു. ബാങ്കിലേക്ക് പോകാൻ തയാറെടുക്കുമ്പോഴാണ് ഇറാഖ് സൈന്യം വളഞ്ഞ വിവരം അറിയുന്നത്. ബാങ്കിന്റെ മുൻപിൽ എത്തിയെങ്കിലും പ്രവേശിക്കാൻ കഴിഞ്ഞില്ല. 2 ദിവസത്തിനു ശേഷം ബാങ്കിൽ പ്രവേശിച്ചു.

കെ.സി. തോമസ്

സേഫിന്റെ താക്കോൽ കയ്യിലായിരുന്നതിനാൽ ഉത്തരവാദിത്തം ഏറെയായിരുന്നു. ബാങ്കിന്റെ പ്രവർത്തനം ഭാഗികമായും പിന്നീട് പൂർണമായും മുടങ്ങി. 2 മാസത്തിനു ശേഷം പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങി. എന്നെ വിശ്വസിച്ച് ഒട്ടേറെ മലയാളികൾ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തിയിരുന്നു. ഇതു തിരികെ കൊടുക്കുക എന്നത് പ്രധാന ഉത്തരവാദിത്തമായി. ആരുടെയും പണം നഷ്ടപ്പെടാതെ തിരിച്ചു നൽകാൻ കഴിഞ്ഞു. അധിനിവേശത്തിനിടെ കാർ നഷ്ടമായി. ഇത് ഇറാഖി സൈന്യം കൊണ്ടുപോയി. ഇതിന്റെ മറവിൽ ചില വീട്ടുസാധനങ്ങളും കടത്തിക്കൊണ്ടു പോയി.

ഇറാഖികളുടെ പേരിൽ സുഡാനികളും കൊള്ള നടത്തി. 1991 നവംബറിൽ കുവൈത്തിൽ നിന്നു മടങ്ങി.  കുവൈത്തിൽ നിന്നുള്ള അവസാന സംഘത്തിലെ 10 പേരിൽ ഒരാളായിരുന്നു ഞാൻ. റോഡ് മാർഗം ബഗ്ദാദിലും പിന്നീട് അമ്മാനിലുമെത്തി. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ മുംബൈയിലും. 7 മാസത്തിനു ശേഷം കുവൈത്തിലേക്ക് മടങ്ങി. 1996 വരെ അവിടെ ജോലി ചെയ്തു. ഇപ്പോൾ തിരുവല്ല കാവുംഭാഗത്ത് ജേക്കബ് തിയറ്റർ നടത്തുന്നു.

16 ഹെലികോപ്റ്ററുകൾ; ഒപ്പം ഷെല്ലാക്രമണവും

കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് (കിസർ) ഉദ്യോഗസ്ഥനായിരുന്നു വാളക്കുഴി കൈനാടത്ത് ലാലു തോമസ് (67). ഈ കാലയളവിൽ കുവൈത്ത് മാർത്തോമ്മാ ഇടവകയുടെ സെക്രട്ടറിയായിരുന്നു. പുതിയ വികാരിയുടെ വീസ സംബന്ധമായ പേപ്പറുകൾ ശരിയാക്കുവാൻ എംബസിയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ കുവൈത്ത് പൊലീസുകാരൻ വാഹനം ഉപേക്ഷിച്ച് ഓടുന്ന കാഴ്ചയാണ് കണ്ടത്. കാരണമെന്തെന്ന് അറിയില്ലായിരുന്നു.

ലാലു തോമസ്

 10 മണിയോടെ ഇറാഖി സൈന്യം റോഡുകളിൽ നിരന്നു. അമീറിന്റെ പാലസിന് ഏറെ അകലെയല്ലായിരുന്നു താമസം. ഇവിടേക്ക് 16 ഹെലികോപ്റ്ററുകളാണ് എത്തിയത്. പാലസിലേക്ക് ഷെല്ലാക്രമണവും ഉണ്ടായി. എന്നാൽ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ പ്രതിസന്ധികൾ ഉണ്ടായില്ല.സെപ്റ്റംബർ 16നാണ് നാട്ടിലെത്തിയത്. ഒമാനിലേക്ക് ബസ് യാത്രയായിരുന്നു. ദിവസവും 30 ബസുകളായിരുന്നു ക്രമീകരിച്ചിരുന്നത്. ടൊയോട്ട സണ്ണിയാണ് ഇതിനുവേണ്ട ക്രമീകരണം നൽകിയത്.

അമാനിലെത്തിയ ഉടൻ വിമാന ടിക്കറ്റും റെഡിയായിരുന്നു. യുഎന്നിന്റെ പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തി.കുവൈത്ത് അനിധിവേശം കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ഇവിടെ സംയുക്തമായി ആരാധിച്ചിരുന്ന പള്ളിയിലെ പല വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. ഞാൻ ഇന്ത്യയിലേക്കുള്ള യാത്രയിൽ ആകെ കൊണ്ടുവന്നത് ഒരു പെട്ടി മാത്രം. ആ പെട്ടിയിൽ കുവൈത്ത് മാർത്തോമ്മാ പള്ളിയുടെ രേഖകളായിരുന്നു. ഇതു പിന്നീട് കുവൈത്ത് മാർത്തോമ്മാ ഭാരവാഹികൾക്ക് കൈമാറി. 2018ൽ നാട്ടിൽ‌ തിരിച്ചെത്തിയ ലാലു തോമസ് വിശ്രമ ജീവിതം നയിക്കുന്നു.

മായാതെ പുകപടലങ്ങൾ

നാഷനൽ ബാങ്ക് ഓഫ് കുവൈത്തിൽ 1977 മുതൽ ഉദ്യോഗസ്ഥനായിരുന്നു കല്ലൂപ്പാറ പുതുശേരി കൈതയിൽ മുണ്ടകകുളത്ത് തോമസ് തോമസ് (66). കുവൈത്ത് എയർപോർട്ടിന് അടുത്ത അബാസിയയിലാരുന്നു താമസം. 91 ഓഗസ്റ്റ് 2ന് ബാങ്കിലേക്ക് പോകുവാൻ ഇറങ്ങിയപ്പോഴാണ് എയർപോർട്ടിന് അടുത്ത് വെടിയൊച്ച കേട്ടത്. ബാങ്കിലേക്ക് പ്രവേശിക്കുവാൻ കഴിഞ്ഞില്ല. ഇറാഖ് സൈന്യം പലതവണ റോന്തുചുറ്റുന്നതും കാണാമായിരുന്നു. ബാങ്ക് പ്രവർത്തനങ്ങൾ നാമമാത്രമായി. ആഴ്ചകളോളം കാര്യമായി പുറത്തിറങ്ങിയില്ല.

തോമസ് തോമസ്

ഭക്ഷണ സാധനം വാങ്ങുവാൻ മാത്രമായിരുന്നു പുറത്തു പോയിരുന്നത്.ഒക്ടോബർ ആദ്യവാരം വരെ അവിടെ തുടരേണ്ടിവന്നു. ഭാര്യയും 2 മക്കളുമായി ഇന്ത്യൻ എംബസിയുടെയും മറ്റും സഹായത്താൽ ബഗ്ദാദ് വരെ റോഡുമാർഗം എത്തി. ഇവിടെ മലയാളികൾക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നില്ല. ബഗ്ദാദിൽ നിന്ന് അമ്മാനിലേക്കും പിന്നീട് ഇവിടെനിന്ന് മുംബൈയിലേക്കും വിമാനമാർഗമെത്തി. വീട്ടുസാധനങ്ങൾ മുറിയിൽ സൂക്ഷിച്ചിട്ടാണ് പോന്നത്.

കുവൈത്ത് ദിനാറിന്റെ വില ഇടിഞ്ഞതിനാൽ ഉപയോഗിച്ചിരുന്ന കാർ നഷ്ടം സഹിച്ചാണ് കൊടുത്തത്. 7 മാസത്തിനുശേഷം മടങ്ങി. അപ്പോഴും കുവൈത്ത് സിറ്റിയിൽ ഉൾപ്പെടെ പുകപടലങ്ങൾ കാണാമായിരുന്നു. ഇറാഖ് സൈന്യം എണ്ണ ടാങ്കുകൾ കത്തിച്ചതിനെ തുടർന്ന് ഉണ്ടായതാണിത്. കാറ്റ് അടിക്കുമ്പോൾ ചാരവും കരിയും ശരീരത്തിൽ പതിക്കുമായിരുന്നു. തിരികെ എത്തുമ്പോൾ വീട്ടുസാധനങ്ങൾ ഭദ്രമായിത്തന്നെ ഉണ്ടായിരുന്നു. 2006 മുതൽ നാഷനൽ ബാങ്ക് ഓഫ് അബുദാബി കുവൈത്ത് ശാഖയിലായിരുന്നു ജോലി. 2015ലാണ് കുവൈത്തിൽ നിന്നു മടങ്ങിയെത്തിയത്.

മൂന്നു മാസം വീട്ടിൽ; റോഡ് മാർഗം രക്ഷപ്പെടൽ

അധിനിവേശക്കാലത്ത് ഭാര്യയും 2 കുട്ടികളുമായി രക്ഷപ്പെട്ടതിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് അയിരൂർ ചെറുകര പീടികയിൽ സി.ജി.സഖറിയ (75). കുവൈത്ത് എയർപോർ‌ട്ടിലെ മെയിന്റനൻസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്ന സഖറിയ 1991 ഓഗസ്റ്റ് 2ന് രാവിലെ 5.30ന് ജോലിക്ക് എത്തിയപ്പോഴാണ് പട്ടാളം എയർപോർട്ട് വളഞ്ഞതായി കണ്ടത്. ആർക്കും ഒരുപിടിയുമില്ല. 11 മണിയോടെയാണ് ഇറാഖ് സൈന്യമാണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് മനസ്സിലായത്. എയർപോർട്ടിന്റെ തന്നെ വാഹനത്തിൽ മണിക്കൂറുകൾക്കകം വീട്ടിലെത്തിച്ചു.

സി.ജി. സഖറിയ

ഭാര്യയും 2 പിഞ്ചുകുട്ടികളും വിറങ്ങലിച്ച നിലയിലായിരുന്നു. 3 മാസത്തോളം വീടിനുള്ളിൽ കഴിച്ചുകൂട്ടി. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തിറങ്ങും. കടകൾക്ക് മുൻപിൽ മണിക്കൂറുകൾ ക്യൂ നിന്നിട്ടുണ്ട്. ഏതു മുക്കിലും ഇറാഖ് സൈന്യത്തിന്റെ കണ്ണുണ്ട്. എന്നിരുന്നാലും സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഒരു ബുദ്ധിമുട്ടും നേരിട്ടില്ല. ഒക്ടോബർ അവസാനത്തോടെയാണ് കുവൈത്തിൽ നിന്നു റോഡ് മാർഗം ബഗ്ദാദിൽ എത്തിയത്. ബഗ്ദാദിൽ നിന്ന് ബസിലാണ് അമാൻ ക്യംപിലെത്തിയത്. ഇവിടെ 2 ആഴ്ചയോളം കഴിഞ്ഞു.

അന്ന് ഈ ക്യാംപ് കാണാൻ വിദേശകാര്യ മന്ത്രി ഐ.കെ.ഗുജ്റാൾ (പിന്നീട് പ്രധാനമന്ത്രി) എത്തി. അദ്ദേഹം ക്യാംപിലുള്ളവരെ ആശ്വസിപ്പിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു. അമ്മാനിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിൽ എത്തി. അവിടെ നിന്നു ട്രെയിൻ മാർഗം തിരുവല്ലയിലേക്കും. 9 മാസത്തിനു ശേഷം കുവൈത്തിലേക്ക് മടങ്ങിപ്പോയി. 1998 വരെ അവിടെ ജോലി ചെയ്തു. അധിനിവേശ കാലത്തെ ശമ്പളം ഉൾപ്പെടെയുള്ള തുക കുവൈത്ത് സർക്കാർ നഷ്ടപരിഹാരമായി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com