ഈ ‘ഡ്രാഗൺ’ ജ്യോതിഷിന്റെ ജീവിതത്തിലെ ‘മാലാഖ’– വിഡിയോ

SHARE

പത്തനംതിട്ട ∙ കംബോഡിയയിൽനിന്നുള്ള മടക്കയാത്രയാണ് ജ്യോതിഷ് കുമാറിന്റെ ജീവിതം മാറ്റിമറിച്ചത്. 2013ൽ ജോലി മതിയാക്കി നാട്ടിലേക്കു തിരിക്കുമ്പോൾ കയ്യിലുണ്ടായിരുന്ന ബാഗുകളിലൊന്നിൽ ജ്യോതിഷ് മൂന്നു ചെടിത്തണ്ടുകൾ കരുതിയിരുന്നു. ഇവിടെയെത്തി അതു നട്ടുനനച്ചു വളർത്തി, മൂപ്പെത്തിയപ്പോൾ മുറിച്ചുനട്ടു പരിപാലിച്ചു. ആ പരിശ്രമത്തിന്റെ പ്രതിഫലം ഇന്നു 3 ഏക്കറിൽ ഫലം ചൂടി നിൽക്കുന്നു, ഡ്രാഗൺ ഫ്രൂട്ടിന്റെ രൂപത്തിൽ. പിത്തായപ്പഴമെന്ന ഡ്രാഗൺ ഫ്രൂട്ടിനു തോട്ടമൊരുക്കി ശ്രദ്ധേയനാകുകയാണ് പന്തളം തെക്കേക്കര തട്ടയിൽ പറങ്ങാംവിളയിൽ ജ്യോതിഷ് കുമാർ.

Pathanamthitta News
തട്ടയിലെ ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തിൽ ജ്യോതിഷ് കുമാറും കുടുംബവും. ചിത്രം: നിഖിൽരാജ് ∙ മനോരമ

കാർഷിക മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന സ്വകാര്യ കമ്പനിയുടെ ജനറൽ മാനേജരാണ് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ജ്യോതിഷ്. ജൈവ രീതിയിലാണ് കൃഷി. 2013ൽ ആരംഭിച്ച കൃഷി 2016 മുതൽ വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങി. രണ്ടു വർഷത്തിനു ശേഷം ഇതിന്റെ തൈകൾ ആവശ്യക്കാർക്കു നൽകാൻ വേണ്ടി നഴ്സറി ആരംഭിച്ചു. പല ഭാഗത്തുനിന്നും ഇതിന്റെ തൈകൾ വാങ്ങാൻ എത്തുന്നവർക്ക് കൃഷിക്കു വേണ്ട മാർഗനിർദേശങ്ങളും നൽകുന്നു. കോൺക്രീറ്റ് തൂണുകൾ തയാറാക്കി അതിലേക്കാണു ചെടികൾ പടർത്തുന്നത്.

ഒരേക്കറിൽ 650 തൂണുകളാണ് സ്ഥാപിക്കുന്നത്. ഒരെണ്ണത്തിൽ 4 ചെടികൾ പടർത്താം. ആദ്യ വർഷം ഒരേക്കറിൽ നിന്ന് 4 ടൺ വിളവു ലഭിക്കും. ഏപ്രിൽ മുതൽ നവംബർ വരെ കിട്ടുന്ന വിളവാണിത്. മിതമായ പരിപാലനമേ ആവശ്യമുള്ളൂ. ജലവും ജൈവ വളവും വളരെ കുറച്ചു മാത്രം. ചെടിയിൽ മുള്ളുകൾ ഉള്ളതിനാൽ പക്ഷികളുടെ ശല്യമുണ്ടാകാറില്ല. വള്ളിത്തണ്ടുകൾ നട്ടാണ് ഇതു വളർത്തിയെടുക്കുന്നത്. ജോലി സംബന്ധമായ തിരക്കുകളുള്ളപ്പോൾ കൃഷി കാര്യങ്ങൾ നോക്കി നടത്തുന്നത് ഭാര്യ സ്മിതയും മക്കളായ ധ്യാൻ ജ്യോതിയും ദേവ് ജ്യോതിയുമാണ്.

പേരിൽ ഡ്രാഗൺ, കണ്ടാൽ സുന്ദരൻ

ചൂടുള്ള കാലാവസ്ഥയിൽ കൂടുതലായി വളരുന്ന ഡ്രാഗൺ ഫ്രൂട്ട് ഇന്ത്യയിലെത്തിയിട്ട് അധിക കാലമായില്ല. എന്നാലും കേരളത്തിൽ പല ഭാഗത്തും ചെറിയ തോതിലും ചിലയിടങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിലും ഇപ്പോൾ കൃഷി ചെയ്യുന്നു. പൂക്കൾ രാത്രിയിൽ വിടരുകയും സൂര്യൻ ഉദിക്കുമ്പോൾ കൊഴിയുകയും ചെയ്യും. പഴം മുറിച്ചാൽ ഉള്ളിൽ വെള്ളയോ, റോസ് നിറമോ കാണും. പ്രധാനമായും മൂന്നു നിറത്തിലുള്ള ഡ്രാഗൺ പഴങ്ങളാണു കാണാറുള്ളത്. ഒരു ഫലത്തിന് 450 ഗ്രാം വരെ തൂക്കം ഉണ്ടാകും. റോസ് നിറമുള്ള പഴമാണ് സാധാരണയായി കാണുന്നത്.

ഉൾഭാഗവും ഇതേ നിറത്തിലാണ്. അടുത്ത തരത്തിന്റെ പുറം ഭാഗം റോസ് നിറത്തിലും ഉൾഭാഗം വെളുത്തുമാണ്. മറ്റൊരിനത്തിന് പുറംതൊലി മഞ്ഞയും ഉൾഭാഗം വെള്ളയുമാണ്. മൂന്നിനങ്ങളിൽ ഏറ്റവും പ്രചാരമുള്ളത് അകവും പുറവും റോസ് നിറത്തിലുള്ള ഹൈഡ്രോ സീറസ് കോസ്റ്റാറിസെനെസിസ് എന്ന ഇനത്തിനാണ്. ചൂടുള്ള കാലാവസ്ഥയും ജൈവാംശമുള്ള മണ്ണുമാണ് ഡ്രാഗൺ ഫ്രൂട്ടിനു മികച്ച വളർച്ചയും വിളവും നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA