ADVERTISEMENT

ശബരിമല∙  വഴിപാട് സാധനങ്ങൾ വാങ്ങാനുള്ള കരാറുകൾ  നൽകിയും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് തുടക്കം കുറിച്ചും   അടുത്ത മണ്ഡല മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദേവസ്വം ബോർഡ് ആരംഭിച്ചതായി  പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ഇത്തവണത്തെ തീർഥാടനത്തിന്  തുടക്കം  കുറിച്ച് നവംബർ 16ന്  ക്ഷേത്ര നട തുറക്കും. ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലെ പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ്  ഒക്ടോബർ 17ന് സന്നിധാനത്ത് നടക്കും.  

അപ്പം, അരവണ വഴിപാട്  പ്രസാദം ഉണ്ടാക്കുന്നതിനാവശ്യമായ ശർക്കര, ഉണക്കലരി, കൽക്കണ്ടം, ഉണക്ക മുന്തിരി, ഏലം തുടങ്ങിയവ വാങ്ങാൻ കരാർ നൽകി.കർശന ഗുണനിലവാര പരിശോധന നടത്തി ഉറപ്പാക്കിയാണ് ഇവ വാങ്ങുക.  ഇത്തവണത്തെ ലേല നടപടികൾ ഒക്ടോബർ ആദ്യ ആഴ്ചയിൽ നടക്കും. ഇതിനുള്ള  വിജ്ഞാപനം പുറപ്പെടുവിച്ചു. നാളികേരം, വെടി വഴിപാട്, പുഷ്പാഭിഷേകം, ഭക്ഷണശാലകൾ, തുടങ്ങിയവയുടെ ലേലമാണു നടക്കുക.

ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ  കടന്നുപോകുന്നതിനാൽ  ഇത്തവണ  തീർഥാടനത്തിനു മുന്നോടിയായി  അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികൾ മാത്രമേ ഉണ്ടാകൂ. ക്ഷേത്രത്തിന്റെ  അറ്റകുറ്റപ്പണികൾ, പെയിന്റിങ് ജോലികൾ, ദേവസ്വം ജീവനക്കാരും പൊലീസുകാരും താമസിക്കുന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഉടൻ പൂർത്തിയാക്കും. കന്നിമാസ പൂജ കഴിഞ്ഞ് നട അടച്ചാൽ ഉടൻ ക്ഷേത്രത്തിന്റെ പെയിന്റിങ് ജോലികൾ തുടങ്ങും. 

ദേവന്റെ അനുജ്ഞ വാങ്ങിയാണ് ഇതിന്റെ പണികൾ തുടങ്ങുക. കോവിഡ്  ഭീഷണി നിലനിൽക്കുന്നതിനാൽ രാത്രി തീർഥാടകർ സന്നിധാനത്തിൽ തങ്ങുന്നത് ഒഴിവാക്കും.അതിനാൽ താമസത്തിനുള്ള മുറികളുടെ  അറ്റകുറ്റപ്പണികൾ കാര്യമായി ഉണ്ടാകില്ല.  ദേവസ്വം ജീവനക്കാർ, താൽക്കാലിക ജോലിക്ക് എത്തുന്നവർ എന്നിവരുടെ താമസ സ്ഥലങ്ങൾ,  പൊലീസ് ബാരക്,  ഗെസ്റ്റ് ഹൗസുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും.

സന്നിധാനം,  പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള വഴി എന്നിവിടങ്ങളിലെ ബാരിക്കേഡുകൾ ബലപ്പെടുത്തുന്ന ജോലികൾ  നടത്തും. കൂടാതെ  ഓക്സിജൻ പാർലർ  ഉൾപ്പെടെ താൽക്കാലിക ഷെഡുകൾ കെട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചു.  സർക്കാരിന്റെ  വിവിധ വകുപ്പുകൾ നടത്തേണ്ട ഒരുക്കങ്ങൾ വിലയിരുത്താൻ  മന്ത്രിതല യോഗങ്ങൾ നടന്നു.   പുരോഗതി വിലയിരുത്താൻ അടുത്ത അവലോകന യോഗം ഉടൻ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com