ADVERTISEMENT

പെരിങ്ങര ∙ അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഈ വർഷത്തെ മത്സ്യകൃഷിക്കു തുടക്കം കുറിച്ചു. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി പെരിങ്ങര, കടപ്ര പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ തുറന്നുവിടാൻ 8.91 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നഴ്സറികളിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇതിനു പുറമേ പെരിങ്ങരയിൽ 80 കർഷകർക്കു 1.20 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 100‍ മുതൽ 15000 മത്സ്യക്കുഞ്ഞുങ്ങളെയാണ് കർഷകർക്ക് നൽകിയത്.

കഴിഞ്ഞ വർഷം വരെ അപ്പർ കുട്ടനാട്ടിൽ 200 ഹെക്ടറിലാണ് ഒരു നെല്ലും ഒരു മീനും പദ്ധതി നടത്തിയത്. ഇത്തവണ 100 ഹെക്ടറിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. കാർപ് ഇനത്തിൽപ്പെട്ട കട്‌ല, രോഹു, മൃഗാൽ എന്നീ മത്സ്യക്കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. പെരിങ്ങരയിൽ വരാപ്പാടത്ത് - 30000, പാഴൂർ കണ്ണാട്ട് - 90000, വേങ്ങൽ- 1.80 ലക്ഷം, പെരുന്തുരുത്തി തെക്ക്, പടവിനകം-ബി എന്നിവിടങ്ങളിൽ 1.20 ലക്ഷം വീതം മത്സ്യക്കുഞ്ഞുങ്ങളെയാണ് പാടങ്ങളോടു ചേർന്ന നഴ്സറിക്കുളങ്ങളിൽ നിക്ഷേപിച്ചത്.

കടപ്രയിൽ ചേന്നങ്കരി പാടം-3 ലക്ഷം, മോർവേലി-20000, ഇടപുഞ്ച-41000 കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. 6- 7 മാസങ്ങൾക്കുശേഷം അടുത്ത പുഞ്ചക്കൊയ്ത്തു കഴിഞ്ഞ് പാടശേഖരങ്ങളിൽ വെള്ളം കയറ്റുമ്പോൾ ഇവയെ പാടങ്ങളിലേക്കു തുറന്നുവിടും. പിന്നീട് 4 മാസങ്ങൾക്കുശേഷം മത്സ്യ വിളവെടുപ്പു നടത്തും. ഈ സീസണിൽ 5000 ടൺ മത്സ്യവിളവെടുപ്പ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മത്സ്യഫെഡ് ജില്ലാ കോ-ഓർ‌ഡിനേറ്റർ പി.സുനിത പറഞ്ഞു. 100 ഹെക്ടർ വരുന്ന പാടശേഖരത്തിലെ മത്സ്യകൃഷിക്ക് 20 ലക്ഷം രൂപ ചെലവു വരുമെന്നാണ് കണക്ക്. ആദ്യത്തെ കൃഷിക്ക് ഫിഷറീസ് വകുപ്പ് 40% സബ്സിഡി നൽകും.

തുടർകൃഷിക്ക് 20%വും ലഭിക്കും. പെരിങ്ങരയിൽ 188 ഹെക്ടറിലും കടപ്രയിൽ 112 ഹെക്ടറിലുമാണ് ഇത്തവണ കൃഷിയിറക്കുന്നത്. ഈ വർഷം മത്സ്യകൃഷി തുടങ്ങിയ പെരിങ്ങര വേങ്ങൽ പാടശേഖരത്തിൽ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. അംഗം ശാന്തമ്മ ആർ.നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാലിൽ, ഫിഷറീസ് അസി ഡയറക്ടർ പി.ശ്രീകുമാർ, അക്വാകൾച്ചർ പ്രമോട്ടർ അനിതാകുമാരി, പാടശേഖര സമിതി പ്രസിഡന്റ് രാജൻ പടിപ്പുര, സെക്രട്ടറി എം.സി.ചാക്കോ, കൺവീനർ ചെറിയാൻ കെ.മാത്യു എന്നിവർ പങ്കെടുത്തു.

നിരണം ∙ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും പഞ്ചായത്തും ചേർന്നു നടത്തുന്ന കാർപ് മത്സ്യകൃഷിയുടെ മത്സ്യ വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറീന തോമസ് നിർവഹിച്ചു. പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ അലക്സ് പുത്തുപ്പള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രവി മുട്ടാണശേരിൽ, അക്വാകൾച്ചർ പ്രമോട്ടർ ദീപ ജോൺ എന്നിവർ പങ്കെടുത്തു.

കടപ്ര ∙ പഞ്ചായത്തിലെ 90 കർഷകർക്ക് മൺകുളങ്ങളിൽ കാർപ് ഇനത്തിൽപ്പെട്ട  52400 എണ്ണം മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പ്രസിഡന്റ് നിഷ അശോകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മിനി ജോസ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ ശുഭ, വൈസ് പ്രസിഡന്റ് മേഴ്സി വർഗീസ്, വാർഡംഗം വിമല ബെന്നി എന്നിവർ പ്രസംഗിച്ചു.

പെരിങ്ങര ∙ പഞ്ചായത്തിലെ 80 മത്സ്യ കർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സുഭദ്ര രാജൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഏബ്രഹാം തോമസ്, അശ്വതി രാമചന്ദ്രൻ, സനിൽ കുമാരി, അനിത  പ്രസംഗിച്ചു.സ്വന്തമായി ചെറുതും വലുതുമായ മത്സ്യ കുളങ്ങൾ ഉള്ള 80 കർഷകരെയാണ് തിരഞ്ഞെടുത്തത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com