ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയിലെ നദികളിൽ ഒരു ദിവസംകൊണ്ട് ജലനിരപ്പ് ഉയർന്നത് അപകടകരമായ നിലയിലേക്ക്. തിങ്കളാഴ്ചത്തേക്കാൾ 2 മീറ്റർ വരെയാണ് ഉയർന്നത്. ഡാമുകൾ ഇല്ലാത്ത അച്ചൻകോവിലാറ്റിലും മണിമലയാറ്റിലും വെള്ളം ഏറിയും കുറഞ്ഞും നിൽക്കുകയാണ്. മഴ തുടരാനുള്ള സാധ്യതയുള്ളതിനാൽ പൊലീസും അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ വകുപ്പും ജാഗ്രതയിലാണ്.  പമ്പാ നദിയിൽ തിങ്കളാഴ്ചത്തെ ജലനിരപ്പ് കേന്ദ്ര ജല കമ്മിഷന്റെ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത് 2.77 മീറ്റർ ആയിരുന്നു. ഇന്നലെ 4.11 മീറ്ററായി ഉയർന്നു. എന്നാൽ വൈകുന്നേരത്തോടെ 3.86 ആയി കുറഞ്ഞു.

തുമ്പമൺ നിരീക്ഷണ കേന്ദ്രത്തിൽ 8.73 മീറ്റർ ആയിരുന്നു തിങ്കളാഴ്ചത്തെ ജലനിരപ്പ്. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നതോടെ ഇന്നലെ ഉച്ചയോടെ 10.5 ആയും വൈകുന്നേരത്തോടെ 10.88 മീറ്റർ ആയും ഉയർന്നു. 10 മീറ്ററാണ് ഇവിടെ അപകടകരമായ ജലനിരപ്പ്. പ്രളയ കാലത്ത് 13.73 മീറ്റർ ആയിരുന്നു പരമാവധി രേഖപ്പെടുത്തിയ ജലനിരപ്പ്. രാവിലെ കലങ്ങി മറിഞ്ഞെത്തിയ മണിമലയാർ വൈകുന്നേരത്തോടെ തെളിയാൻ തുടങ്ങി. മണിമലയാറ്റിൽ കേന്ദ്ര ജല കമ്മിഷന്റെ നിരീക്ഷണ കേന്ദ്രമായ കല്ലൂപ്പാറയിൽ തിങ്കളാഴ്ച 3.85 മീറ്റർ ആയിരുന്നു ജലനിരപ്പ്. ഉച്ചയോടെ ഇത് 5.11 ആയി ഉയർന്നു. 6 മീറ്ററെത്തിയാൽ ഇവിടെ അപകടകരമായ നിലയാണ്. എന്നാൽ വൈകുന്നേരത്തോടെ 4.97 ആയി കുറഞ്ഞു.

റാന്നി മേഖലയിൽ പമ്പാനദിയിൽ 2 മീറ്ററോളം ജലവിതാനം ഉയർന്നിട്ടുണ്ട്. കുരുമ്പൻമൂഴി കോസ്‌വേയിൽ ഇന്നലെ രാവിലെ വെള്ളം കയറി. രണ്ടടിയോളം വെള്ളം കോസ്‌വേയിലുണ്ട്. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ തടയണയിലെ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കി വിടുന്നുണ്ട്. കക്കിയാർ, അഴുതയാറ്, കക്കാട്ടാറ്, കല്ലാറ് എന്നീ നദികളിൽ നിന്നുള്ള നീരൊഴുക്ക് ശക്തിപ്പെട്ടതാണ് പമ്പാനദിയിൽ ജലനിരപ്പ് ഉയരാൻ കാരണം. കുരുടാമണ്ണിൽ കടവിലെ ജലനിരപ്പ് 4.73 മീറ്ററായിരുന്നത് ഇന്നലെ 6.5 മീറ്ററോളമായി ഉയർന്നു. കിഴക്കൻ മേഖലകളിൽ‌ മഴ ശക്തിപ്പെട്ടാൽ കരകളിലേക്ക് കയറിയേക്കും.

കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മണ്ണടി ചെട്ടിയാരേത്ത് കടവിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പാലത്തിൽ മുൻകരുതൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.

അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്ന് കോന്നി- വെട്ടൂർ റോഡി‍ൽ അട്ടച്ചാക്കൽ ചിറ്റൂർ ക്ഷേത്രത്തിനു സമീപം വെള്ളം കയറി. പുലർച്ചെയാണ് റോഡിലേക്ക് വെള്ളമെത്തിയതെന്നു കരുതുന്നു. അർധരാത്രി വരെയും വെള്ളം കയറിയിരുന്നില്ല. രാവിലെ എട്ടിനു മുൻപ് ഇറങ്ങിത്തുടങ്ങുകയും ചെയ്തു. രണ്ടു മണിക്കൂറിലധികം ഗതാഗത തടസ്സമുണ്ടായി. തുടർന്നാണ് ബസുകൾ ഉൾപ്പെടെ കടന്നുപോയത്.  ഇന്നലെ രാവിലെ കാര്യമായി മഴ പെയ്യാതിരുന്നതാണ് ജലനിരപ്പ് താഴാൻ കാരണമായത്. കോന്നിയിൽ പെയ്ത്തു വെള്ളവും അച്ചൻകോവിലാറ്റിലെ വെള്ളവും റോഡിലേക്ക് ഏറ്റവും ആദ്യം കയറുന്ന ഭാഗമാണിവിടം.

ചിറ്റൂർ ക്ഷേത്രത്തിനു സമീപത്തുകൂടി ഗ്യാസ് ഗോഡൗൺ പ്രവർത്തിക്കുന്ന താഴ്ന്ന ഭാഗത്തേക്കാണ് വെള്ളം എത്തുക. റോഡ് മുറിച്ച് സമീപത്തെ റബർതോട്ടങ്ങളിലേക്ക് കയറും. കിഴക്കൻ മേഖലയിൽ മഴ പെയ്ത് നദിയിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്നാൽ ഇവിടത്തെ വെള്ളം ഇറങ്ങാൻ താമസം ഉണ്ടാകാറുണ്ട്. പിന്നീട് ചാങ്കൂർമുക്ക് ഭാഗത്താകും ജലനിരപ്പ് ഉയർന്ന് റോഡിലേക്ക് എത്തുക. മഴയ്ക്കു ശമനമുണ്ടായതോടെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായില്ല. അതേസമയം, തോടുകളിൽ ജലനിരപ്പുയർന്ന് അരുവാപ്പുലം പടപ്പയ്ക്കൽ, മുതുപേഴുങ്കൽ പ്രദേശത്ത് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയിട്ടുമുണ്ട്.

അച്ചൻകോവിലാർ കരകവിഞ്ഞ് കുമ്പഴ- വെട്ടൂർ- കോന്നി റോഡിൽ അട്ടച്ചാക്കൽ ഭാഗത്ത് വെള്ളം കയറിയപ്പോൾ. ചിത്രം: മനോരമ

തുമ്പമണ്ണിൽ ജലനിരപ്പ് 10.5 മീറ്ററായി ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാംപുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ തയാറായിട്ടുണ്ട്. 3 സ്കൂളുകളാണ് ക്യാംപിനായി പരിഗണിക്കുന്നത്. എന്നാൽ, പന്തളം ഭാഗത്ത് ജലനിരപ്പ് 5.12 മീറ്ററായിരുന്നു. നഗരസഭയുടെ പടിഞ്ഞാറൻ മേഖലകൾ ഇന്നലെ റവന്യു സംഘം സന്ദർശിച്ചു. മുടിയൂർക്കോണം നാഥനടി കളത്തിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 6 കുടുംബങ്ങളെ എംടി എൽപി സ്കൂളിലെ ക്യാംപിലേക്ക് മാറ്റി.

കല്ലടയാർ മിക്കയിടത്തും കര കവിഞ്ഞൊഴുകാൻ തുടങ്ങി. എന്നാൽ എങ്ങും പ്രളയ ഭീതിയില്ല. ഏനാത്ത് കവലയ്ക്കു സമീപം ആറ്റിൽ ബെയ്‌ലി പാലം സ്ഥാപിച്ചിരുന്ന കുളക്കട ഭാഗത്ത് കുളിക്കടവ് വെള്ളത്തിൽ മുങ്ങി. ഇവിടെ സ്ഥാപിച്ച കുളിപ്പുരയുടെ മേൽക്കൂര വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു, ഇളങ്ങമംഗലം ഭാഗത്തേക്കുള്ള നടപ്പാലവും വെള്ളത്തിൽ മുങ്ങി. ഇളങ്ങമംഗലം, ഏനാത്ത്, മണ്ണടി, ഭാഗങ്ങളിൽ തീരമിടിച്ചിൽ രൂക്ഷമായി. തീരവാസികളുടെ കൃഷി സ്ഥലം ആറ്റിൽ പതിച്ചു. എംസി റോഡരികിൽ ഏനാത്ത് ഭാഗത്ത് തോടു കര കവിഞ്ഞൊഴുകി വാഴ കൃഷിക്ക് നാശം നേരിട്ടു. കിളിവയൽ കവലയിൽ എംസി റോഡരികിൽ തോടിനു കരയിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിലായി. തോട്ടിലേക്കിറക്കി സ്ഥാപിച്ച അടിത്തറ ഇളകിയാണ് കാത്തിരിപ്പു കേന്ദ്രം തോട്ടിൽ പതിക്കാവുന്ന    നിലയിലായത്.

ജാഗ്രത പുലർത്തണം

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പമ്പ, കക്കാട് നദികളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു

177 മടങ്ങ് അധിക മഴയിൽ കുളിച്ച് ജില്ല

ഒക്ടോബർ 1 മുതൽ ഇന്നലെ വരെ പത്തനംതിട്ട ജില്ലയിൽ ശരാശരി 35 സെമീ മഴ ലഭിച്ചു. ഇത് ശരാശരി മഴയെക്കാൾ 177 മടങ്ങ് അധികമാണെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. ഈ കാലയളവിൽ ജില്ലയിൽ ലഭിക്കേണ്ട ശരാശരി മഴ 12 സെമീ മാത്രമാണ്. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള നാലു മാസത്തെ കാലവർഷത്തിൽ ജില്ലയിൽ 168 സെമീ മഴ ലഭിച്ചു. ശരാശരിയിലും 4 ശതമാനത്തോളം അധികം. ഇനി തുലാമഴയുടെ ഊഴമാണ്.

സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം തുലാമഴ ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ട. ശരാശരി 60 സെമീ മഴയാണ് ഒക്ടോബർ 15 മുതൽ ഡിസംബർ വരെയുള്ള വടക്കുകിഴക്കൻ മൺസൂൺ കാലത്ത് പത്തനംതിട്ടയ്ക്കു ലഭിക്കുക. കഴി‍ഞ്ഞ വർഷം പക്ഷേ തുലാമഴ 12 ശതമാനം കുറഞ്ഞ് 53 സെമീ മാത്രമാണ് ലഭിച്ചത്. എന്നാൽ വേനൽമഴ കൂടുതലായി ലഭിക്കുകയും ചെയ്തു. ഇതുമൂലം ജില്ലയിലെ ഇരുപതിലേറെ ഡാമുകളും ജലസമ്പന്നമാണ്.  ഈ സാഹചര്യത്തിൽ മികച്ച തുലാമഴ ലഭിച്ചാൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമാകും.

മഴ തുടരുന്നു; ശബരിഗിരി സംഭരണികളിലേക്ക് നീരൊഴുക്ക് ശക്തമായി

സീതത്തോട് ∙ കനത്ത മഴ തുടരുന്നു. ശബരിഗിരി പദ്ധതിയുടെ ജലസംഭരണികളിലേക്കു ശക്തമായ നീരൊഴുക്ക്. സംഭരണികളിലെ ജലനിരപ്പ് 84 ശതമാനത്തിൽ എത്തി. നിലവിലുള്ള അവസ്ഥയിൽ മഴ തുടർന്നാൽ 2 ദിവസത്തിനുള്ളിൽ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത. കക്കി–ആനത്തോട് അണക്കെട്ടിൽ 977.73 മീറ്ററും പമ്പയിൽ 979.4 മീറ്ററുമാണ് ജല നിരപ്പ്. 978.83ൽ എത്തിയാൽ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും.

പമ്പയിൽ 86 മില്ലിമീറ്ററും, കക്കിയിൽ 58 മില്ലിമീറ്ററും മഴ ലഭിച്ചു. 116.534 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തി. ശക്തമായ നീരൊഴുക്ക് തുടരുന്നതിനാൽ പ്രതീക്ഷിച്ചതിലും നേരത്തെ ജലനിരപ്പ് ഉയരാനാണു സാധ്യതയെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറയുന്നു. അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.  ഷട്ടറുകൾ തുറക്കാനുള്ള അവസാനഘട്ട പരിശോധനകളും പൂർത്തിയായി. അണക്കെട്ടുകളിൽ ഈ സീസണിൽ ആദ്യമായാണ് ഇത്രയും വെള്ളം ഉയരുന്നത്.

കൺട്രോൾ റൂം തുടങ്ങി

കനത്ത മഴയും കാറ്റും മൂലം വൈദ്യുതി സംബന്ധമായ അപകടങ്ങളുടെയോ അപകട സാധ്യതകളുടെയോ വിവരം അറിയിക്കുന്നതിന് പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിൾ പരിധിയിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 9496010101 എന്ന എമർജൻസി നമ്പറിലോ, 1912 എന്ന ടോൾ ഫ്രീ നമ്പർ വഴി കേന്ദ്രീകൃത കൺട്രോൾ റൂമിലേക്കോ 9446009409, 9446009451 എന്നീ നമ്പറുകളിലോ അറിയിക്കാം. വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾ അതത് സെക്‌ഷൻ ഓഫിസിൽ ഫോൺ വഴി അറിയിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com