ADVERTISEMENT

റാന്നി ∙ കുരുമ്പൻമൂഴി വനത്തിൽ വീണ്ടുംചെറിയ തോതിൽ ഉരുൾപൊട്ടി. ഒന്നര മണിക്കൂറോളം സമയം പനംകുടന്ത തോട്ടിൽ മലവെള്ളപ്പാച്ചിൽ പ്രകടമായെങ്കിലും കാര്യമായ നാശം നേരിട്ടിട്ടില്ല. വെള്ളത്തിൽ മുങ്ങി പമ്പാനദിയിലെ കുരുമ്പൻമൂഴി കോസ്‌വേയിൽ വീണ്ടും ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ വൈകിട്ട് ഒരു മണിക്കൂറോളം മഴയും മിന്നലും കുരുമ്പൻമൂഴിയിലും പരിസരങ്ങളിലും പ്രകടമായിരുന്നു. ആറരയോടെ ആണ് തോട്ടിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ശനിയാഴ്ച വൈകിട്ടത്തെപ്പോലെ ശക്തമായ രീതിയിലാണ് ആദ്യം വെള്ളം ഒഴുകിയത്.

കല്ലുകൾ ഒഴുകിപ്പോകുന്നതും കൂട്ടിയിടിക്കുന്നതുമായ ശബ്ദങ്ങൾ കേൾക്കാമായിരുന്നു. ഏഴരയോടെ വെള്ളമൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തോടിന്റെ തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ 5 കുടുംബങ്ങൾ ക്യാംപുകളിൽ തന്നെ തുടരുകയാണ്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും പ്രകടമായതിനാൽ അവർ വീടുകളിലേക്ക് മടങ്ങരുതെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ടത്തെ സംഭവം അറിഞ്ഞ് കൊല്ലമുള വില്ലേജ് ഓഫിസർ സാജൻ ജോസഫും സംഘവും കുരുമ്പൻമൂഴിയിൽ എത്തിയെങ്കിലും കോസ്‌വേ മുങ്ങിയതിനാൽ മറുകര കടക്കാൻ ആയില്ല.  വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. അടിയന്തര സാഹചര്യം വേണ്ടിവന്നാൽ അഗ്നിരക്ഷാ സേനയുടെ സേവനം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തോട് നിർദേശിച്ചിട്ടുണ്ടെന്ന് പ്രമോദ് നാരായണൻ എംഎൽഎ അറിയിച്ചു.

ഉരുൾ നഷ്ടം:കണക്കെടുത്ത് അധികൃതർ

കുരുമ്പൻമൂഴി പനംകുടന്ത അരുവിയോടു ചേർന്ന് വനത്തിലുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലുമായി ഉണ്ടായ നാശനഷ്ടം കണക്കാക്കുന്നതിന് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി റവന്യു, കൃഷി വകുപ്പുകളുടെയും പഞ്ചായത്തിന്റെയും സംയുക്ത സംഘം ഇന്നലെ സ്ഥലത്ത് പരിശോധന നടത്തി.വീടുകൾക്കും കൃഷി ഭൂമിക്കും നടപ്പാലങ്ങൾക്കും തൂക്കുപാലത്തിനും നാശനഷ്ടം സംഭവിച്ചിരുന്നു. നഷ്ടം പൂർണമായി കണക്കാക്കി അതാതു വകുപ്പുകൾക്ക് റിപ്പോർട്ട് കൈമാറും. ഡപ്യൂട്ടി തഹസിൽദാർ വി.ടി.രാജൻ, കൊല്ലമുള വില്ലേജ് ഓഫിസർ സാജൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി.

വനത്തിലും ഉരുൾ 

അടിയാൻകാല വനത്തിൽ വീണ്ടും ഉരുൾപൊട്ടൽ. കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിൽ കാർ ഒഴുകി പോയ കോട്ടമൺപാറയിൽ ലക്ഷ്മി ഭവനിൽ സഞ്ജയന്റെ ജീപ്പ് വെള്ളത്തിൽ മുങ്ങി. അടിയാൻകാല തോട്ടിൽ അതിശക്തമായ നീരൊഴുക്കാണ്. കോട്ടമൺപാറ ജംക്‌ഷനിൽ പാലം മുങ്ങുവോളം വെള്ളം എത്തിയതിൽ ജനം പരിഭ്രാന്തിയിൽ.ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് കല്ലും, മണ്ണും നിറഞ്ഞ മലവെള്ളം കുത്തി ഒലിച്ച് എത്തിയത്. വെള്ളത്തിന്റെ വരവ് കണ്ട് സഞ്ജയൻ മാതാപിതാക്കളെ വീട്ടിൽ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.പിന്നാലെ വീടിന്റെ മുൻ വശത്തേക്കു വെള്ളം ഇരച്ചു കയറുകയായിരുന്നു.

ശനി സന്ധ്യയ്ക്കു അടിയാൻകാലാ വനത്തിൽ ഉരുൾ പൊട്ടിയിരുന്നു. ഇതിനു ശേഷം ജീപ്പ് കയർ ബന്ധിച്ച് കെട്ടി നിർത്തിയതിനാൽ ഇന്നലത്തെ വെള്ളത്തിൽ ഒഴുകി പോകാതെ സംരക്ഷിക്കാനായി. കഴിഞ്ഞ ദിവസത്തെക്കാൾ ഉയരത്തിലാണ് വെള്ളം എത്തിയതെന്ന് പറയുന്നു.കോട്ടമൺപാറ പ്രദേശത്ത് സന്ധ്യയ്ക്കു നേരിയ തോതിൽ മഴ പെയ്തിരുന്നു. തോട്ടിലെ ജലനിരപ്പും താഴ്ന്ന നിലയിലായിരുന്നു. അവിചാരിതമായാണ് മല വെള്ളം ഇരച്ച് എത്തുന്നത്.

റാന്നി ഡിവിഷനിൽ രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് അടിയാൻകാല വനം. കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയ പ്രദേശം ഇനിയും കണ്ടെത്താൻ വനപാലകർക്കു കഴിഞ്ഞിട്ടില്ല.മഴ തുടരുന്നതാണ് കാരണം. സംഭവം അറിഞ്ഞ് മൂഴിയാർ സ്റ്റേഷനിൽ നിന്ന് പൊലീസും വനപാലകരും അഗ്നി രക്ഷാ സേനാ പ്രവർത്തകരും സ്ഥലത്ത് എത്തി.കഴിഞ്ഞ ദിവസം ഒലിച്ച് പോയ കാർ ഇനിയും കണ്ടെത്താനായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com