ADVERTISEMENT

പന്തളം ∙ സർക്കാർ ജോലിക്ക് അവധി നൽകി പടിഞ്ഞാറൻ സിക്കിമിലെ കൊടുമുടി കീഴടക്കി ഷേയ്ക് ഹസൻ ഖാൻ. പൂഴിക്കാട് കൂട്ടംവെട്ടിയിൽ അലിഖാന്റെ മകനാണ്, സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റായ ഷേയ്ക് 7നു പുലർച്ചെയാണ്, സമുദ്രനിരപ്പിൽ നിന്നു 18,000അടി ഉയരത്തിലുള്ള സിക്കിമിലെ ബി.സി.റോയി കൊടുമുടിയുടെ മുകളിലെത്തിയത്. ഉത്തരകാശി നെഹ്റു ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു മൗണ്ടനീയറിങ്ങിൽ ഷെയ്ക്കിന്റെ പ്രാഥമിക പഠനം.

ഡാർജിലിങ്ങിലെ ഹിമാലയ ഇൻസ്റ്റിറ്റ്യൂട്ടിലെ തുടർ പഠനത്തിന്റെ ഭാഗമായാണ് ഇപ്പോൾ സാഹസിക യാത്ര പൂർത്തിയാക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 47 പേരാണ് കോഴ്സിന്റെ ഭാഗമായി യാത്രയിൽ പങ്കെടുത്തത്. സ്കൂൾ, കോളജ് പഠനകാലത്ത് തന്നെ കായികരംഗത്ത് മികവ് കാട്ടിയ ഷേയ്ക്കിന് 2011ൽ തപാൽ വകുപ്പിൽ ജോലി ലഭിച്ചു. സെക്രട്ടേറിയറ്റിൽ നിയമനം ലഭിക്കുന്നത് 2015ലാണ്. തുടർന്നു ഡപ്യൂട്ടേഷനിൽ ഡൽഹി കേരള ഹൗസിൽ ലെയ്സൺ ഓഫിസറായി.

ഇത് പൂർത്തിയായതോടെ, സെപ്റ്റംബറിൽ സെക്രട്ടേറിയറ്റിൽ തിരികെയെത്തി. പിന്നീട് അവധിയെടുത്താണ് സാഹസികയാത്രയ്ക്ക് പുറപ്പെടുന്നത്.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമാഘോഷിക്കുന്ന ഈ വേളയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 2022ൽ എവറസ്റ്റ് കീഴടക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിനായി സ്പോൺസർമാരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷേയ്ക്. ഫെബ്രുവരിയിൽ ആഫ്രിക്കയിലെ താൻസാനിയയിലെ 19,340 അടി ഉയരമുള്ള കിളിമഞ്ചാരോ യാത്രയും ഷേയ്ക് പൂർത്തിയാക്കിയിരുന്നു. ‍റാണിയാണ് ഭാര്യ. ജഹന്നാര മകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com